റഫാലിലും തിരിച്ചടി കിട്ടുമ്പോള്‍

Monday 15 October 2018 2:50 am IST
അഞ്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടതി ഒരു നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടാല്‍ എല്ലാമായി എന്നും അവര്‍ കരുതി. പക്ഷെ, കോണ്‍ഗ്രസിനെ സംബന്ധിച്ചിടിത്തോളം നിരാശ പകരുന്നതായി കോടതിയുടെ നിലപാട്. ഇല്ലാത്ത ഒരു വിഷയത്തെ ഊതി വീര്‍പ്പിച്ച് വിവാദമാക്കി നേട്ടമുണ്ടാക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ഇവിടെ തകര്‍ന്നടിയുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് തൊടുന്നതെല്ലാം  എല്ലാം പിഴക്കുകയാണ്.  റഫാല്‍ യുദ്ധവിമാന ഇടപാട് കോടതിയില്‍ കൊണ്ടുവന്ന്  എന്തെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ അവസാന പരീക്ഷണം. സുപ്രീം കോടതിയിലെ 'മാറിയ കാലാവസ്ഥ' തങ്ങള്‍ക്ക് അനുകൂലമാണ് എന്നും അവര്‍ ധരിച്ചിരിക്കണം. അഴിമതി ആരോപണങ്ങള്‍, അല്ല  അഴിമതിക്കേസുകള്‍, നേരിടുന്ന ഒരു രാഷ്ട്രീയ നേതൃ നിരക്ക് അങ്ങിനെയൊക്കെ ആശ്വസിക്കാന്‍ കഴിയുമായിരിക്കും. പക്ഷെ, അവര്‍ വിചാരിച്ചത് പോലെയല്ല അവിടെ  നടന്നത്. റഫാല്‍ വിമാന ഇടപാടില്‍ അഴിമതി, ക്രമക്കേട്, പക്ഷപാതിത്വം എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ പരസ്യമായി ഉന്നയിച്ചവര്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ത്തുകൊണ്ടാണ്, എതിര്‍ കക്ഷിയാക്കിക്കൊണ്ടാണ്, സുപ്രീംകോടതിയിലെത്തിയത്.

അഞ്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടതി ഒരു നോട്ടീസ് അയക്കാന്‍  ഉത്തരവിട്ടാല്‍ എല്ലാമായി എന്നും അവര്‍ കരുതി.  പക്ഷെ, കോണ്‍ഗ്രസിനെ സംബന്ധിച്ചിടിത്തോളം  നിരാശ പകരുന്നതായി  കോടതിയുടെ നിലപാട്. ഇല്ലാത്ത ഒരു വിഷയത്തെ ഊതി വീര്‍പ്പിച്ച് വിവാദമാക്കി നേട്ടമുണ്ടാക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ഇവിടെ തകര്‍ന്നടിയുന്നത്. രാഷ്ട്രീയമായി വലിയ പരാജയം നേരിടുന്ന ഒരു കക്ഷിക്ക് ഇതൊക്കെ സഹിക്കാനാവാത്തതാവുന്നതില്‍ അതിശയമില്ലതാനും. ഇനി കോടതി ഈ വിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ ആവുക കോണ്‍ഗ്രസാവും, യുപിഎ സര്‍ക്കാരാവും എന്നൊക്കെ കരുതുന്നവരുമുണ്ട്. 

കേന്ദ്ര സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പോലുമാകാത്തവിധത്തിലുള്ള ഒരു ഉത്തരവാണ് സുപ്രീംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചത്. 'റഫാല്‍ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിലേക്ക് നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കണം' എന്നതാണ് ആകെ നിര്‍ദ്ദേശിച്ചത്. അത് സീല്‍ ചെയ്ത കവറില്‍ എത്തിക്കുക...... നരേന്ദ്രമോദി ചട്ടങ്ങള്‍ പാലിച്ചല്ല ഇത്ര വലിയ പ്രതിരോധ ഇടപാട് നടത്തിയത് എന്ന കോണ്‍ഗ്രസിന്റെ പരാതി മാത്രമാണ്  കോടതി പരിശോധിക്കുന്നത് എന്ന് വ്യക്തം. പ്രധാനമന്ത്രി, അന്നത്തെ പ്രതിരോധ മന്ത്രി, ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കള്‍, അംബാനി എന്നിവര്‍ക്കൊക്കെ നോട്ടീസ് അയക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കോടതിയുടെ നിരീക്ഷണത്തില്‍ ഇടപാടിനെക്കുറിച്ച് അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.  നരേന്ദ്ര മോഡി  സര്‍ക്കാരിന് ഇവിടെ ഒന്നും മറച്ചുവെക്കാനില്ല എന്നത് ആദ്യമേ വ്യക്തമാക്കിയതാണ്. മടിയില്‍ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ. ഇവിടെ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്; അതായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലെ  ധാരണ. രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ അതില്‍ ദല്ലാളന്മാരില്ല കോഴയുമില്ല എന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷെ രാഹുല്‍ ഗാന്ധിക്കും സോണിയ്ക്കും മറ്റും അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. അവര്‍ക്ക് എല്ലാ പ്രതിരോധ ഇടപാടുകളിലും കോഴവാങ്ങിയെ ശീലമുള്ളൂ എന്നത് കൊണ്ടാണോ അത് എന്നതറിയില്ല. അത് വ്യക്തമാക്കാന്‍ കഴിയുക എകെ ആന്റണിയെപ്പോലുള്ളവര്‍ക്കാണ്.

തന്റെ പാര്‍ട്ടിക്കാര്‍ അഴിമതി  കണ്ടെത്തി എന്ന് ഒരര്‍ഥത്തില്‍ പറഞ്ഞുകൊണ്ട് ചില ഇടപെടുകള്‍ റദ്ദാക്കുകയോ വേണ്ടെന്ന് വെക്കുകയോ ഒക്കെ ചെയ്തയാളാണല്ലോ അദ്ദേഹം. ക്വത്തറോക്കിമാര്‍ കയറിയിറങ്ങിയ വീടുകളില്‍ കഴിയുന്നവര്‍ക്ക് സംശയവും തെറ്റിധാരണയും ഉണ്ടാവുന്നതില്‍ കുറ്റപ്പെടുത്താനുമാവില്ല. 

ഇവിടെ കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങളില്‍ രണ്ടെണ്ണമാണ് പ്രധാനം. പ്രധാനമന്ത്രി തന്റെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് വിമാന ഇടപാട് തീരുമാനിച്ചത്; എന്നാല്‍ അതിന് ശേഷമാണ് ഔദ്യോഗിക തലത്തില്‍ തീരുമാനമുണ്ടായത്... യഥാര്‍ഥത്തില്‍ വിവരക്കേടാണിത്. ശരിയാണ്; നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. അതിന് മുന്‍പേ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ റഫാല്‍ ആണ് നല്ല വിമാനമെന്നും അവരുടേതാണ് ചുരുങ്ങിയ നിരക്ക് എന്നും തീരുമാനമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ ഫയലുകളില്‍ അതുണ്ട്. പിന്നെ മികച്ച സാമഗ്രി എത്രകണ്ട് വിലകുറച്ച് എങ്ങിനെ വാങ്ങാം എന്നതാണ് നരേന്ദ്ര മോദിയുടെ മുന്നിലുണ്ടായിരുന്നത്; ഇടപാട് സുതാര്യമാവണം എന്നതും. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്നത് അംഗീകരിക്കപ്പെട്ടപ്പോള്‍ പകുതി പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നു.

യുദ്ധവിമാനം വാങ്ങാന്‍ താല്പര്യമുണ്ട് എന്ന് അന്ന് പാരിസില്‍ വെച്ച് മോദി പറഞ്ഞത് എങ്ങിനെയാണ്  ചട്ടങ്ങള്‍ ലംഘിച്ചുള്ള തീരുമാനമാവുക?. അത് ഒരു 'താല്പര്യം പ്രകടിപ്പിക്കല്‍ ' മാത്രമാണ്.  ഇന്ത്യയുടെ പ്രതിരോധ  ആവശ്യത്തിനനുസരിച്ച് വിമാനങ്ങള്‍ ലഭ്യമാക്കാനാവുമോ എന്നതൊക്കെ അന്ന് ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നിരിക്കണം. അതിനപ്പുറമുള്ളതൊക്കെ അത്തരമൊരു ഉറപ്പ് ലഭിച്ചതിന് ശേഷം വേണ്ടകാര്യങ്ങള്‍ ആണല്ലോ. അത് ചട്ടങ്ങളനുസരിച്ചാണ് നടന്നിരിക്കുന്നത്. ആ ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നതുമാത്രമാണ് ഇപ്പോള്‍ കോടതി പരിശോധിക്കുക. 

ഇപ്പോള്‍ കോടതിയിലെത്തുക വിമാനം വാങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവുമെന്ന് സംശയമില്ലല്ലോ. അക്കൂട്ടത്തില്‍ യുപിഎയുടെ കാലത്ത് നടത്തിയ നീക്കങ്ങള്‍ ഉള്‍പ്പെടുന്നവയും പെടും. അന്ന് ടെണ്ടര്‍ വിളിച്ചതും മികച്ചതെന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്തതും, വില കുറവ് ബോധ്യമായതും.... അവിടെ  റഫാല്‍ ആണ് മുന്നിലെത്തിയത്. അതിനുശേഷം അന്ന് മറ്റൊരു വിമാനം വാങ്ങാന്‍ ആസൂത്രിത ശ്രമം നടന്നു; റഷ്യന്‍ വിമാനത്തിലേക്ക്. യഥാര്‍ഥത്തില്‍ തട്ടിപ്പ് അന്നാണ് നടന്നത്. അതൊക്കെ കോടതിക്ക് തിരിച്ചറിയാനാവും എന്നത് കൂടി ഓര്‍മ്മിക്കുക. മറ്റൊന്ന് റിലയന്‍സ് പ്രശ്‌നമാണ്. യഥാര്‍ഥത്തില്‍ എഴുപതോളം ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കള്‍ ധാരണയോ സംയുക്ത സംരംഭമോ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് റിലയന്‍സ്. മറ്റുള്ളവരില്‍ ടാറ്റ, ഗോദ്റെജ്, എച്ച്എഎല്‍, മഹിന്ദ്ര, കൈനെറ്റിക്ക്, സാംറ്റല്‍, ഡെഫിസിസ് തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികള്‍ ഒക്കെയുണ്ട്. 

ഇനി റിലയന്‍സ് ഉണ്ടെങ്കിലേ റഫാല്‍ ഇടപാട് നടക്കൂ എന്ന് തീരുമാനമുണ്ടായി എന്നുള്ളത് കുപ്രചരണം ആയിരുന്നു എന്ന് ഏറെക്കുറെ വ്യക്തം. ഡസോള്‍ട്ട് ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത്,  റിലയന്‍സുമായി ഡസോള്‍ട്ട് സംയുക്ത സംരംഭത്തിന് മുതിര്‍ന്നത് റഫാല്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയല്ല എന്നതാണത്. ഇപ്പോള്‍ അവിടെ നിര്‍മ്മിക്കുന്നത്  ഫാല്‍ക്കണ്‍ 2000 ബിസിനസ് ജെറ്റുകളുടെ എഞ്ചിനുകള്‍ക്കായുള്ള സാമഗ്രികളാണ്. പിന്നീടേ റഫാലുമായി ബന്ധപ്പെട്ട സാമഗ്രികള്‍, ആവശ്യമുണ്ടെങ്കില്‍, ഉണ്ടാക്കൂ. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ എന്തിനാണ് കോണ്‍ഗ്രസ് റിലയന്‍സ് പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നത്?. വെറുതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ വേണ്ടിയല്ലേ. ഒന്നുകൂടി ഇതിനൊപ്പം; എന്നുമുതലാണ് രാഹുല്‍ ഗാന്ധിക്കും പരിവാറിനും റിലയന്‍സ് വിരോധം തുടങ്ങിയത്. യുപിഎ ഭരണകാലത്ത് ഏതാണ്ട് ഒരു ലക്ഷം കോടിയുടെ സര്‍ക്കാര്‍ പദ്ധതികള്‍ ഇതേ അനില്‍ അംബാനിക്ക് കൊടുത്തിരുന്നതിന്റെ കണക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.  

ഇത്തരമൊരു അവസ്ഥയിലാണ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളന്‍ എന്ന് വരെ വിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുതിരുന്നത്. മുന്‍പ് ഒരു രാഷ്ട്രീയനേതാവും ഒരു പ്രധാനമന്ത്രിക്കെതിരെയും ഇങ്ങനെ സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല; ബൊഫോഴ്സ് തട്ടിപ്പില്‍ പങ്കാളിയാണ് എന്ന് സോണിയയുടെ ഭര്‍ത്താവിനെ രാജ്യം കുറ്റപ്പെടുത്തിയ കാലത്ത് പോലും. രാഹുലിന്റെ  'നിലവാര'മാണ് അതിലൂടെ തെളിയുന്നത്. അതിലേറെയൊക്കെ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതാവും അബദ്ധം. എന്താണ് അവരെ ബാധിക്കുന്ന പ്രശ്‌നം. ഈ പ്രതികരണങ്ങള്‍ ഉയരുന്ന ദിവസങ്ങളില്‍ മറ്റെന്തെങ്കിലും  സംഭവിച്ചിട്ടുണ്ട് എന്നത് കാണാന്‍ കഴിയും. അതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് വഴിവിട്ടുള്ള കുപ്രചാരണത്തിന് രാഹുലും കോണ്‍ഗ്രസും എന്നും  തയ്യാറായിട്ടുള്ളത്.  ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്ത നിരാശ ഒരു ഭാഗത്ത്.

തങ്ങളുടെയാള്‍ ചീഫ് ജസ്റ്റിസായി എന്ന് കരുതിനടന്ന കോണ്‍ഗ്രസുകാരുടെ മുഖം കൂടി ഇവിടെ ഓര്‍മ്മിക്കുക. മറ്റൊന്ന്, പി ചിദംബരത്തിന്റെ പുത്രന്റെ ഏതാണ്ട് 54 കോടി വരുന്ന ഇന്ത്യയിലെയും വിദേശത്തെയും സ്വത്ത് കണ്ടുകെട്ടിയ മുഹൂര്‍ത്തം. മൂന്ന്, ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഒരു മാധ്യമസ്ഥാപനത്തില്‍ നടന്ന റെയ്ഡ്. ഇതൊക്കെ യഥാര്‍ഥത്തില്‍ ചെന്ന് കൊള്ളുന്നത് ആ ആള്‍ക്കാരില്‍ മാത്രമല്ല മറ്റ് ചിലയിടങ്ങളില്‍ കൂടിയാണ് എന്നതല്ലേ ഇത് കാണിച്ചുതരുന്നത്. ചിദംബരമോ മകനോ മാത്രം വിചാരിച്ചാല്‍ നടക്കുന്നതാണോ ആ വലിയ ക്രമക്കേടുകള്‍, അഴിമതികള്‍, എന്നത് സംശയിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് രാഹുലിന്റെ പ്രതികരണം. മാത്രമല്ല ഇതുപോലെയുള്ള കണ്ടുകെട്ടല്‍ ആരെയൊക്കെ ബാധിക്കുമെന്ന ചിന്തയും അതില്‍ അടങ്ങിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.