മയ്യഴി: മുണ്ടോക്ക് മഞ്ചക്കല്‍ ബുലു വാര്‍ഡ് റോഡ് അടിയന്തിര പ്രാധാന്യത്തോടെ ശാസ്ത്രീയമായി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന വേറിട്ട സമരം ശ്രദ്ധേയമായി.
തിരുനാളാഘോഷിക്കുന്ന മാഹി പള്ളിക്ക് സമീപം സെമിത്തേരി റോഡ് കവലയിലാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണ്ണാ സമരം നടത്തുന്നത്. മുകളില്‍ മേല്ക്കൂരയൊന്നുമില്ലാത്തിടത്ത് കത്തുന്ന വെയിലിന്റ ചൂടേറ്റായിരുന്നു സമരം. മാഹി പള്ളിയില്‍ മയ്യഴിയമ്മയുടെ തിരുസ്വരൂപത്തിന് പുഷ്പമാലയര്പ്പിക്കുന്നതിനായി വരി നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ സമരം അവസാനിക്കുന്ന 4 വരെ കുടിവെള്ള ബോട്ടിലുകള്‍ വിതരണം ചെയ്തു.
മുദ്രവാക്യങ്ങളോ പ്രസംഗങ്ങളോ ഇല്ലാത്ത സമരത്തില്‍ പങ്കെടുത്തവരെല്ലാം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്ലാകാര്ഡുകള് ഉയര്‍ത്തി. പത്ത് വര്‍ഷത്തോളമായിട്ടും റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്ന്നത്തുന്നവയാണ് പ്ലക്കാര്‍ഡുകള്‍.
റോഡ് ഗതാഗതയോഗ്യമാറ്റണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തിയ ധര്‍ണ്ണാ സമരം ഡോ.വി.രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിത്രത്തിന് മുമ്പില്‍ മൗന പ്രാര്‍ത്ഥന നടത്തിയ ശേഷം ചെറിയ കുട്ടിക്ക് വെള്ളം കുടിക്കാന്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എംഎല്‍എയും പ്രസംഗിച്ചില്ല. പ്രശ്നം പരിഹരിക്കും വരെ ഗാന്ധിയന്‍ രീതിയന് ശക്തമായ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഹി പളളി വികാരി ഫാ.ജെറോം ചിങ്ങന്തറ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരകേന്ദ്രത്തിലെത്തി. പളിയന്‍ പ്രമോദ്, എം.അബ്ദുള്‍ ഗഫൂര്‍, നൗഷാദ് മഞ്ചക്കല്‍, കെ.ഇ.പര്‍വീസ്, കോവുക്കല്‍ അനില്‍, ഷീബ അജിത്ത്, ജസ്സീമ മുസ്തഫ, അജിത പവിത്രന്, കെ.എം.ഹാരിസ്, സി.എച്ച്.സിറാജ്, കെ.ഇ.മമ്മു, അനില രമേഷ്, താലീസ് അഹമ്മദ്, അഹമ്മദ് മുല്ലോളി, യു.ടി. സുബൈര്‍, വിനീഷ് വിജയന്, പ്രതീഷ് മുകുന്ദന്, ജയരാജ് മഞ്ചക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: