ന്യൂദല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു പോലും ഭീഷണിയാകുന്ന തരത്തില്‍ ഉയരുന്ന എണ്ണവില നിയന്ത്രിക്കാന്‍ നടപടി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണക്കമ്പനികളുടെ മേധാവികളെ കണ്ടു.
വര്‍ധിച്ചു വരുന്ന ക്രൂഡ് ഓയില്‍ വില മൂലം ഇന്ത്യയടക്കമുള്ള ഉപഭോക്തൃരാജ്യങ്ങള്‍ ഗുരുതരമായ വിഭവ ദൗര്‍ലഭ്യവും സാമ്പത്തിക വെല്ലുവിളികളും നേരിടുകയാണ്. പ്രശ്ന പരിഹാരത്തിന് എണ്ണ ഉത്പാദകരാജ്യങ്ങള്‍ സഹകരിക്കണം, പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ആവശ്യമുള്ളതില്‍ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ എണ്ണവില ഉയരുന്നത് ഇന്ത്യയെ വളരെയേറെ ബാധിക്കുന്നുണ്ട്.
സൗദി ഊര്‍ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹും പെട്രോളിയം- പ്രകൃതിവാതക മേഖലയിലെ കമ്പനികളുടെ സിഇഒമാരും വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.
എണ്ണ ഉത്പാദകരാജ്യങ്ങള്‍ തങ്ങളുടെ നിക്ഷേപമിച്ചം വികസ്വര രാഷ്ട്രങ്ങളിലെ എണ്ണ മേഖലയുടെ നേട്ടത്തിനായി വിനിയോഗിക്കണം. എണ്ണ പര്യവേക്ഷണം നടത്താന്‍ വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങളെ സഹായിക്കണം. പ്രകൃതി വാതക വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം. പ്രകൃതിവാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം കൂട്ടണം. ഇതിന് ഉപകരിക്കുന്ന മികച്ച സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കണം, മോദി നിര്‍ദേശിച്ചു. യഥാര്‍ഥ ഉപഭോക്തൃരാജ്യത്തിന്റെ വേദന, മോദിയുടെ വാക്കുകളില്‍ നിന്ന് അറിഞ്ഞെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് ചൂണ്ടിക്കാട്ടി.
സൗദിഅറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലെ പെട്രോളിയം മന്ത്രിമാര്‍, സൗദി ആരാംകോ, അഡ്നോക്ക്, ബി.പി, റോസ്നെഫ്റ്റ്, ഐഎച്ച്എസ്, മാര്‍ക്കിറ്റ്, പയനിയര്‍ നാച്ച്വറല്‍ റിസോഴ്സസ് കമ്പനി, എമേഴ്സണ്‍ ഇലക്ട്രിക് കമ്പനി, ടെലൂറിയന്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ഷ്ളൂംബര്ഗര് ലിമിറ്റഡ്, വുഡ് മെക്കന്‍സി, ലോകബാങ്ക്, അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി, ബ്രൂക്ലിംസ് ഇന്ത്യ, പെട്രോളിയം ഉത്പാദന-വിതരണ മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, നിതിആയോഗ് ഉപാധ്യക്ഷന്‍ ഡോ. രാജീവ്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഊര്‍ജമേഖലയില്‍ വ്യാപാരം സുഗമമാക്കാന്‍ നാല് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ആഗോള കമ്പനികളുടെ സിഇഒമാരും വിദഗ്ധരും അഭിനന്ദിച്ചു. ഈ രംഗത്തെ ആഗോള റാങ്കിങ്ങില്‍ ഇന്ത്യയുടെ നില അന്പത്തിയാറില് നിന്നും നാല്പത്തിനാലായി മെച്ചപ്പെട്ടത് അവര്‍ പ്രത്യേകം പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: