അസൗകര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ ശബരിമല നട നാളെ തുറക്കും

Tuesday 16 October 2018 1:02 am IST
യുവതികളെ സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ഏറെ വേദനയോടെയാണ് അയ്യപ്പഭക്തര്‍ കാണുന്നത്. പമ്പയില്‍ കുടിവെള്ളവും ശൗചാലയങ്ങളും പരിമിതമാണ്. 3000 പേര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം, നടപ്പന്തല്‍, പുതിയ ഹോട്ടല്‍ സമുച്ചയം, അന്നദാനമണ്ഡപം, അയ്യപ്പസേവാ സംഘം ഹാള്‍ തുടങ്ങിയവയെല്ലാം പ്രളയത്തില്‍ തകര്‍ന്നു.

പത്തനംതിട്ട: പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയിലെ അസൗകര്യങ്ങള്‍ക്കും അയ്യപ്പഭക്തരുടെ ആശങ്കകള്‍ക്കും നടുവില്‍ ശബരിമല ക്ഷേത്രനട നാളെ തുറക്കും.  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഭക്തര്‍ക്ക് ദുരിതമാകുന്നതെങ്കില്‍ ആചാരങ്ങള്‍ ലംഘിക്കാനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കമാണ് അവരെ ആശങ്കയിലാക്കുന്നത്. 

യുവതികളെ സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ഏറെ വേദനയോടെയാണ് അയ്യപ്പഭക്തര്‍ കാണുന്നത്. പമ്പയില്‍ കുടിവെള്ളവും  ശൗചാലയങ്ങളും  പരിമിതമാണ്. 3000 പേര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം, നടപ്പന്തല്‍, പുതിയ ഹോട്ടല്‍ സമുച്ചയം, അന്നദാനമണ്ഡപം, അയ്യപ്പസേവാ സംഘം ഹാള്‍ തുടങ്ങിയവയെല്ലാം പ്രളയത്തില്‍ തകര്‍ന്നു. ത്രിവേണിയിലെ ശൗചാലയങ്ങള്‍ തകര്‍ന്നതിനാല്‍ ബയോടോയ്‌ലറ്റുകള്‍ മാത്രമാണ് ആശ്രയം. ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍  പുനഃസ്ഥാപിച്ചിട്ടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ഏതാനും ദിവസം മുന്‍പാണ് വെള്ളം കിട്ടിയത്.  പ്രളയത്തില്‍ അടിഞ്ഞ  മണല്‍ നീക്കുന്ന ജോലികള്‍ ത്രിവേണിയില്‍ നടക്കുന്നുണ്ട്. അതുകൊണ്ടായില്ല, തീര്‍ഥാടകര്‍ക്ക് പമ്പയില്‍ കുളിക്കാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്.

പ്രളയത്തില്‍  കുളിക്കടവുകളും തടയണകളും പൂര്‍ണമായും തകര്‍ന്നു. കോടതി വിധിയെതുടര്‍ന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അഭിപ്രായഭിന്നതയിലായതും  പമ്പയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മണല്‍ നീക്കുന്ന ജോലികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനിടെ  മഴയില്‍ പലതവണ പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതും പ്രശ്‌നമായി. പലയിടത്തും നീക്കം ചെയ്ത മണ്ണ് വീണ്ടും ഒഴുകി എത്തുന്നുണ്ട്. ഇതിനിടയിലാണ് യുവതികള്‍ക്കായി പ്രത്യേക കുളിക്കടവും ശൗചാലയങ്ങളും ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഹില്‍ടോപ്പ് പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കുള്ള റോഡിന്റെ തിട്ടയിടിഞ്ഞ് നദിയിലേക്ക് പതിച്ച ഭാഗത്ത് മണല്‍ച്ചാക്ക് അടുക്കി താല്‍ക്കാലിക സംരക്ഷണ ഭിത്തി ഒരുക്കുന്ന ജോലികളും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പലപ്പോഴും തടസ്സപ്പെട്ടു. 

 പമ്പ മണല്‍പുറത്തെ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവ നീക്കാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. മാസപൂജാ വേളയില്‍ തിരക്ക് കുറവായതിനാല്‍ തീര്‍ഥാടകരെ ഈ ഭാഗത്ത് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും തീര്‍ഥാടനകാലം ആരംഭിക്കുന്നതോടെ സ്ഥിതി മാറും. 

കോടികള്‍ മുടക്കി നിര്‍മിച്ച ആശുപത്രി കെട്ടിടവും ഭാഗികമായി തകരാറിലാണ്. ഇപ്പോള്‍ അമൃത ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് താല്‍ക്കാലികമായി പമ്പ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ഇടത്താവളമായി നിലയ്ക്കല്‍ മാറുന്നതോടെ വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ അടക്കം നിലയ്ക്കലിലും ഒരുക്കേണ്ടതുണ്ട്.  മണ്ഡലക്കാലത്തിന് മുന്‍പ് സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനുമാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.