മട്ടാഞ്ചേരി: കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന പായ്വഞ്ചിയില് എന്‍സിസി കേഡറ്റുകളുടെ സാഹസിക പരിശീലന യാത്ര തുടങ്ങി. കൊച്ചിയില്‍ നിന്ന് ആലപ്പുഴ വഴി കൊല്ലം വരേയും അവിടെ നിന്ന് തിരിച്ച് കൊച്ചി വരേയും 400 കിലോമീറ്ററാണ് യാത്രാദൈര്‍ഘ്യം. മൂന്ന് പായ്വഞ്ചികളിലായി 18 പെണ്‍കുട്ടികളടക്കം 54 സീനിയര്‍ ഡിവിഷന് കേഡറ്റുകളാണ് സാഹസിക യാത്ര നടത്തുന്നത്. ദക്ഷിണ നാവികസേന കേന്ദ്രത്തിലെ 7 കേരള നേവല്‍ യൂണിറ്റ് പരിശീലന കേന്ദ്രമാണ് യാത്ര ഒരുക്കിയത്. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് പായ്വഞ്ചി യാത്രയിലുള്ളത്. കാറ്റില്ലാത്ത വേളയില്‍ തുഴഞ്ഞാണ് യാത്ര.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് യാത്ര. 24 വരെ നീളുന്ന പരിശീലന യാത്രയില്‍ ആലപ്പുഴ, തോട്ടപ്പള്ളി, വള്ളിക്കാവ്, കൊല്ലം എന്നിവിടങ്ങളിലാണ് രാത്രി വിശ്രമം. സാഹസിക യാത്രയ്ക്ക് കൊച്ചി നാവികസേന ആസ്ഥാനത്ത് റിയര്‍ അഡ്മിറല്‍ കൃഷ്ണസ്വാമിനാഥന് ഫ്ളാഗ് ഓഫ് ചെയ്തു.
7 കേരള നേവല്‍ യൂണിറ്റ് എന്‍സിസി കമ്മാന്ഡിങ്ങ് ഓഫീസര്‍ ക്യാപ്റ്റന്‍ സഞ്ജയ് ജയ്സ്വാള്‍, കമാന്‍ഡര്‍ അശ്വന്ത്. പി, എന്‍സിസി ഓഫീസര്‍ സിബി മാത്യു, പെറ്റി ഓഫീസര്‍മാരായ നരേഷ് കുമാര്‍, ശരത് കുറുപ്പ്, എം.വി. ഷിജിത്ത്, ദീപക് എം, അഭയ്കുമാര്‍, നാവിക പരിശീലകനായ അരുണ്‍. പി.ഡി. തുടങ്ങിയവരടങ്ങുന്ന സംഘം സാഹസികയാത്രക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: