വിവാദ മതപ്രഭാഷകന്‍ എം.എം. അക്ബറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Tuesday 16 October 2018 10:19 am IST

കോഴിക്കോട്: പീസ് സ്‌കൂള്‍, നിച്ച് ഓഫ് ട്രൂത്ത് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും മുജാഹിദ് നേതാവുമായ എം.എം. അക്ബറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ തുടര്‍ന്നു.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അക്ബറിനെ കോഴിക്കോട്ട് വെച്ച് ചോദ്യം ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചതിന്റെ കേസില്‍ മുജാഹിദ് പ്രഭാഷകനായ അക്ബറിനെതിരെ നേരത്തെ കേസുണ്ടായിരുന്നു. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ്, വിദേശ സഹായം, എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍, സാമ്പത്തിക വിനിമയങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ ഒരു മാസത്തിനുള്ളില്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പേരില്‍ പത്തോളം വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകൃത ഏജന്‍സികള്‍ നിര്‍ദ്ദേശിക്കാത്ത പുസ്തകങ്ങളാണ് പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. മത വിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ 2018 ഫെബ്രുവരി 25 ന് ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് തിരിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവാദ പാഠഭാഗങ്ങള്‍ തയ്യാറാക്കിയ മുംബൈ ബുറൂജ് റിയലൈസേഷന്‍ സ്ഥാപനത്തിനെതിരെയും കേസ്സെടുത്തിരുന്നു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ മതവിദ്വേഷം വളര്‍ത്തുന്ന നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.