കര്‍ണാടകയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

Wednesday 17 October 2018 2:33 am IST

ബെംഗളൂരു: കര്‍ണാടകത്തില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും. ആറിനാണ് ഫല പ്രഖ്യാപനം. ശിവമോഗ, ബെള്ളാരി, മാണ്ഡ്യ ലോക്‌സഭ സീറ്റുകളിലേക്കും രാമനഗര, ജമഖണ്ഡി നിയസഭാ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ശിവമോഗ, ബെള്ളാരി, മാണ്ഡ്യ മണ്ഡലങ്ങളില്‍ എംപിമാരായിരുന്ന ബിജെപിയിലെ ബി.എസ്. യെദ്യൂരപ്പ, ശ്രീരാമലു, ജെഡിഎസ്സിലെ സി.എസ്. പുട്ടുരാജു എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്നു വിജയിച്ചിരുന്നു. അതില്‍ രാമനഗരയിലെ അംഗത്വം രാജിവച്ചിരുന്നു. ജമഖണ്ഡിയിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ഭീമപ്പന്യാമെഗൗഡ കാറപകടത്തില്‍ മരിച്ചതോടെയുമാണ് രണ്ടു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവര്‍ നേരിട്ടുള്ള മത്സരമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നതോടെ ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. 

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ ധാരണപ്രകാരം ശിവമോഗ, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര നിയമസഭാ മണ്ഡലത്തിലും ജെഡിഎസ് മത്സരിക്കും. ബെള്ളാരി ലോക്‌സഭാ മണ്ഡലത്തിലും ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് മത്സരിക്കും. 

ബിജെപി സംസ്ഥാന പ്രസിഡന്റ് യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായില്ല. പിന്നീട് ജെഡിഎസിന് നല്‍കിയ മണ്ഡലത്തില്‍ മുന്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാകും. ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2014ല്‍ 3,63,305വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യെദ്യൂരപ്പ വിജയിച്ചത്. 

ബെള്ളാരിയില്‍ ബിജെപി നേതാവ് ബി. ശ്രീരാമലുവിന്റെ സഹോദരി ജെ.ശാന്തയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനു വേണ്ടി വി.എസ്. ഉഗ്രപ്പ മത്സരിക്കും. മാണ്ഡ്യയില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥന്‍ ഡോ. സിദ്ധരാമയ്യ ബിജെപി സ്ഥാനാര്‍ത്ഥിയാകും. ആര്‍.ശിവരാമ ഗൗഡയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി. 

രാമനഗരയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ ചന്ദ്രശേഖരാണ് ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതകുമാരസ്വാമിയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി. ജമഖണ്ഡിയില്‍ ശ്രീകാന്ത് കുല്‍ക്കര്‍ണി ബിജെപി സ്ഥാനാര്‍ത്ഥിയാകും സിദ്ധു ഭീമപ്പന്യാമെഗൗഡ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതില്‍ ശിവമോഗയും ബെള്ളാരിയും മാത്രമാണ് ബിജെപിയുടെ സിറ്റിങ് സീറ്റ്. ഇവിടെ വിജയം നിലനിര്‍ത്തുന്നതിനൊപ്പം മറ്റു മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുമുള്ള നീക്കത്തിലാണ് ബിജെപി. 

പിഎന്‍ സതീഷ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.