പിടിവാശി കേരളത്തെ കലാപഭൂമിയാക്കരുത്: വെള്ളാപ്പള്ളി

Wednesday 17 October 2018 4:28 pm IST

കൊച്ചി: നൂറ്റിയിരുപതു തവണയിലധികം ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന വെച്ച് ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും വ്യാഖ്യാനിക്കുന്നത് യുക്തിബോധത്തിന് നിരക്കുന്നതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. യോഗം പ്രസിദ്ധീകരണമായ യോഗനാദത്തിന്റെ ഒക്ടോബര്‍ 16 ലക്കത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആയിരക്കണക്കിന് വര്‍ഷംകൊണ്ട് രൂപംകൊണ്ടതാണ് ഋഷിപ്രോക്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഒരു മനുഷ്യായുസ്സിന്റെ പോലും പ്രായമില്ലാത്തതാണ് നമ്മുടെ ഭരണഘടന.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷം വരുന്ന ചിലരുടെ പിടിവാശിക്കുവേണ്ടി മഹാഭൂരിപക്ഷം ശരണംവിളിയുമായി തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ട സാഹചരമുണ്ടായി. വാദത്തിലോ പ്രതിവാദത്തിലോ വലിയ പോരായ്മ ഉണ്ടായതുകൊണ്ടല്ലേ ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്രയും വലിയ വൈകാരികതയുള്ള ഒരു വിഷയത്തിന്റെ കോടതി നിരീക്ഷണത്തില്‍ ആവശ്യമായ സംഗതികള്‍ ലഭ്യമാകാതെ വന്നു. ഇതിന്റെ പേരില്‍ വിശ്വാസികളുടെ വിശ്വാസത്തെ മുതലെടുത്തുകൊണ്ടുള്ള കലാപങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതിശക്തമായ പ്രളയത്തിന്റെ അതിജീവനത്തിനുവേണ്ടിയുള്ള തയാറെടുപ്പ് നടത്തുമ്പോള്‍ തൃപ്തി ദേശായിയെപ്പോലുള്ള പുരോഗമന വാദികളായിട്ടുള്ളവര്‍ മഹാഭൂരിപക്ഷത്തിന് ആവശ്യമില്ലാത്ത ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലൂടെ കേരളത്തെ പിടിവാശിയുടെ പേരില്‍ കലാപ ഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ അടുത്തകാലത്തായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഇന്ത്യയുടെ വിലാപമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കുടുംബസ്വകാര്യതയിലേയ്ക്ക് അധികാരത്തിന്റെ അകമ്പടിയോടെ കയറിവരുന്ന ദംഷ്ട്രങ്ങളുടെ താണ്ഡവനൃത്തം സമൂഹത്തെ ഭയപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.