ശബരിമല വിഷയത്തില്‍ പോരാട്ടം തുടരും: വിഎച്ച്പി

Friday 19 October 2018 4:54 pm IST

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ പുനഃസ്ഥാപിച്ച് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതുവരെ അയ്യപ്പ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷനും ശബരിമല ധര്‍മ്മസമിതി സംയോജക് എസ്.ജെ.ആര്‍ കുമാര്‍. ഭക്തജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രഹ്ന ഫാത്തിമ എന്ന യുവതി ക്ഷേത്രത്തില്‍ പ്രവേശിക്കാനൊരുങ്ങിയത് പോലീസിന്റെ സഹായത്തോടെയാണ്. രഹ്നയുടെ പ്രവേശനത്തിലൂടെ നടന്നത് നിയമലംഘനമാണ്. തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും കൃത്യമായ ഇടപെടലുകള്‍ കൊണ്ടാണ് താത്കാലിക പരിഹാരം കാണാന്‍ സാധിച്ചത്. ഇതിലൂടെ വിശ്വാസികളുടെ നെഞ്ചിലാണ് സര്‍ക്കാര്‍ ചവിട്ടിയത്. ഭക്തരെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായി അതിന്റെ ഫലമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കന്നി അയപ്പന്‍മാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് പോലീസിന്റെ പെരുമാറ്റം. കോടതി ഈ വിഷയത്തില്‍ വ്യക്തമായ തീരുമാനം എടുത്തെങ്കില്‍ മാത്രമാണ് ഈ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. അയ്യപ്പ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അമ്മമാരുടെ നാമജപം നടക്കുകയാണ്. കൂടാതെ ജില്ലാ എസ്‌പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തും. ഇതിലൂടെ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ശബരിമലയില്‍ കരുതികൂട്ടിയുള്ള പ്രകോപനമായിരുന്നു നടന്നത്. അയ്യപ്പന്‍മാരുടെ വിശ്വാസത്തെ തോല്‍പ്പിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല ധര്‍മ്മസമിതി ചെയര്‍പേഴ്‌സണുമായ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. മറ്റുള്ളവര്‍ അഴിച്ച് വിടുന്ന അക്രമങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആകില്ലെന്നും അവര്‍ വ്യക്തമാക്കി. നിരവധി സുപ്രീംകോടതി വിധികള്‍ സംസ്ഥാനത്ത് ഇനിയും നടപ്പിലാക്കാന്‍ ഉണ്ട്. കൂടാതെ നിയമലംഘനവും നടക്കുന്നുമുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ മാത്രം സാവകാശം നല്‍കാതെ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം എന്തിനാണെന്നും അവര്‍ ഉന്നയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.