ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ പോലീസ് വധിച്ചു. ഭീകരരില്‍നിന്നു രണ്ട് എകെ-47 തോക്കുകളും രണ്ട് ചൈനീസ് തോക്കുകളും മൂന്ന് ഗ്രനേഡുകളും പോലീസ് പിടിച്ചെടുത്തു.
വാഹനപരിശോധനയ്ക്കിടെ ഭീകരര്‍ പോലീസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്നു ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞുനിറുത്തി പരിശോധിക്കുന്നതിനിടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ വെടിവയ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.
വെള്ളിയാഴ്ച രാവിലെ കശ്മീരിലെ രാംപുര്‍ സെക്ടറില്‍ നുഴഞ്ഞുയറാന് ശ്രമിച്ച മൂന്നു പാക്കിസ്ഥാന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സൈന്യത്തിനു നേരെ വെടിവയ്പുണ്ടാകുകയായിരുന്നു.
സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഏതു സംഘനടയില്പ്പെട്ടവരാണെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: