ശബരിമല മേല്‍ശാന്തി നിയോഗം: ജാലഹള്ളി ക്ഷേത്രത്തിന് രണ്ടാം തവണ

Saturday 20 October 2018 1:22 am IST
കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് ഇവിടുത്തെ പൂജാരിയായിരുന്ന വി.എന്‍.വാസുദേവന്‍ നമ്പൂതിരിക്കാണ് ശബരിമല മേല്‍ശാന്തിയായി അവസരം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കോട്ടയം സ്വദേശിയായ എസ്.ഇ. ശങ്കരന്‍ നമ്പൂതിരിക്കാണ് ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരുന്നത്. അത് 2015ല്‍ ആയിരുന്നു.

ബെംഗളൂരു: ശബരിമല മേല്‍ശാന്തിയായിട്ട് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് രണ്ടാം നിയോഗം. രണ്ടാം ശബരിമലയെന്ന് അറിയപ്പെടുന്ന ബെംഗളൂരു ശ്രീജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പനെ പാദപൂജ ചെയ്യുവാനായി ഭാഗ്യം ലഭിച്ച രണ്ടാമനാണ് വാസുദേവന്‍ നമ്പൂതിരി. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് ഇവിടുത്തെ പൂജാരിയായിരുന്ന വി.എന്‍.വാസുദേവന്‍ നമ്പൂതിരിക്കാണ് ശബരിമല മേല്‍ശാന്തിയായി അവസരം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കോട്ടയം സ്വദേശിയായ എസ്.ഇ. ശങ്കരന്‍ നമ്പൂതിരിക്കാണ് ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരുന്നത്. അത് 2015ല്‍ ആയിരുന്നു. 

ജാലഹള്ളി ക്ഷേത്രത്തിന് ശബരിമലയുമായി സമാനതകളേറെയുണ്ട്. ശബരിമല ക്ഷേത്രത്തിലെ താന്ത്രിക കുടുംബത്തിനുതന്നെയാണ് ജാലഹള്ളിയിലെ അയ്യപ്പക്ഷേത്രത്തിലേയും താന്ത്രികാവകാശം. 1967 ഏപ്രില്‍ മാസത്തില്‍ ഇവിടെ പ്രതിഷ്ഠ നടത്തിയത് താഴമണ്‍ കണ്ഠര് ശങ്കരര് ആണ്. ഇങ്ങനെ സമാനതകളേറെയുള്ള ക്ഷേത്രങ്ങളാണ് ശബരിമലയും ജാലഹള്ളി അയ്യപ്പക്ഷേത്രവും. വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞതോടെ അയ്യപ്പ ഭക്തര്‍ ജാലഹള്ളി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. 

ജാലഹള്ളി അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് വി.എന്‍.വാസുദേവന്‍ നമ്പൂതിരിക്ക് ഇത്തരത്തിലുള്ള ഭാഗ്യം ലഭിക്കാന്‍ കാരണമായതെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ജി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ജെ.സി.വിജയന്‍, ട്രഷറര്‍ ടി.കെ.രാമചന്ദ്രന്‍ നായര്‍, ജോ.സെക്രട്ടറി പി.ഗോപിനാഥ്, ട്രസ്റ്റ് അംഗങ്ങളായ മുരളി മേനോന്‍, പി.വിശ്വനാഥന്‍ എന്നിവര്‍ മേല്‍ശാന്തിക്ക് ആശംസകള്‍ നേര്‍ന്നു. ക്ഷേത്രം തന്ത്രിയുടെയും അയ്യപ്പഭക്തരുടെയും സാന്നിധ്യത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തിക്ക് യാത്രയയപ്പു നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രഭരണസമിതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.