അക്രമവും മോഷണവും; അപഹാസ്യരായി പോലീസ് സേന

Saturday 20 October 2018 1:19 am IST

നിലയ്ക്കല്‍: ശബരിമല പൂങ്കാവനത്തില്‍ ക്രമസമാധാന പാലനത്തിനെത്തിയ പോലീസ് സേനാംഗങ്ങള്‍ അക്രമവും മോഷണവും നടത്തി സ്വയം പരിഹാസ്യരായി. നാമജപയജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള ഭക്തരെ തല്ലിച്ചതച്ച് പൂങ്കാവനത്തില്‍ പോലീസ്‌രാജ് ഇവര്‍ നടപ്പാക്കി.

ഭക്തരെ ലാത്തിയും വടികളുമായി നേരിട്ടതിന് പുറമേ കല്ലെറിയാനും പോലീസുകാര്‍ക്ക് മടിയുണ്ടായില്ല. നാമജപ പന്തലില്‍നിന്നും പോലീസുകാര്‍ വലിച്ചിഴയ്ക്കുന്ന ഭക്തരെ പുറകില്‍നിന്ന് ലാത്തികൊണ്ടടിക്കാനും കാല്‍മുട്ടുകൊണ്ടിടിക്കാനും ഇവര്‍ മത്സരിച്ചു. ഇതുകൊണ്ടൊന്നും കലിതീരാരെ ഭക്തരെത്തിയ നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പോലീസ് തല്ലിത്തകര്‍ത്തു. ഇതിനിടെ ബൈക്കില്‍നിന്നും ഹെല്‍മെറ്റ് മോഷ്ടിച്ച പോലീസുകാരന്‍ മുഴുവന്‍ സേനയ്ക്കും നാണക്കേടായി മാറി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഈ പോലീസുകാരനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ട പോലീസുകാര്‍ സിപിഎം അനുഭാവികളും സേനയിലെ പാര്‍ട്ടിഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരുമാണെന്നും അറിയുന്നു. സായുധക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ്ഔട്ട് പരേഡ് കഴിയാത്ത പോലീസുകാരേയും നിലയ്ക്കലിലും പമ്പയിലും നിയോഗിച്ചിരുന്നു.

അതിനിടെ, കല്ലേറ് കൊള്ളാതിരിക്കാനാണ് ഹെല്‍മറ്റ് എടുത്തതെന്ന് പോലീസുകാരന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. തല്ലിത്തകര്‍ത്ത വാഹനങ്ങള്‍ ക്രയിനുപയോഗിച്ച് സംഭവസ്ഥലത്തുനിന്നും പോലീസ് നീക്കം ചെയ്തു. നിലയ്ക്കലിലേക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ യുവതികളുണ്ടെന്ന് ഭക്തര്‍ക്കിടയില്‍ രഹസ്യമായി പ്രചരിപ്പിച്ചത് മഫ്തി പോലീസുകാരാണെന്നും ഭക്തര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം രൂക്ഷമാക്കാനാണ് പോലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെയും പോലീസ് ഉന്നത ഉദ്യോഗസ്ഥരുടേയും ഗൂഢാലോചനയാണ് നിലയ്ക്കലില്‍ നടപ്പാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.