ശബരിമല: പോലീസിന്റെ നിയമലംഘനത്തിന് മുഖ്യമന്ത്രി മറുപടി പറയണം - കെ. സുരേന്ദ്രന്‍

Saturday 20 October 2018 1:31 am IST

കോഴിക്കോട്: ശബരിമലയില്‍ പോലീസ് നടത്തിയ ഗുരുതരമായ നിയമലംഘനത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

പോലീസ് ആക്ട് 43 വകുപ്പനുസരിച്ച് പോലീസ് മുദ്ര, വേഷം, ഷീല്‍ഡ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ വന്ന യുവതികള്‍ക്ക് പോലീസ് ഉപകരണങ്ങള്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗുരുതരമായ നിയമലംഘനമാണ് ഐജി എസ്. ശ്രീജിത്ത് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ നടന്നത് ഇടതുസര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ്. പുനഃപരിശോധനാ ഹര്‍ജി  സുപ്രീംകോടതി മുമ്പാകെ വരുന്നതിന് മുമ്പ് യുവതീ പ്രവേശനമുണ്ടായി എന്ന് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇരട്ടത്താപ്പ് നിലാപാടാണ് സ്വീകരിക്കുന്നത്. 

ശബരിമല വിശ്വാസത്തെ തകര്‍ക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും നേരിടും. തികഞ്ഞ സംയമന സമീപനമാണ് ബിജെപി കൈക്കൊണ്ടിരുന്നത്. വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്ന നീക്കം നോക്കി നില്‍ക്കില്ല. ആയുധസഹിതം എത്തി പോലീസ് സന്നിധാനത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുകയാണ്. സന്നിധാനത്തേക്ക് രഹ്‌ന ഫാത്തിമയെ ഒളിച്ചു കടത്താനാണ് പോലീസ് ശ്രമിച്ചത്. 

രഹന ഫാത്തിമ തലേദിവസം പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അവരുടെ പശ്ചാത്തലം സര്‍ക്കാര്‍ വ്യക്തമാക്കട്ടെ. ക്ഷേത്രവിശ്വാസ പ്രശ്‌നത്തില്‍ ഇടപെട്ട് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തെ ഇതരമതങ്ങളിലെ ഉല്‍പ്പതിഷ്ണുക്കളായ ആചാര്യമാര്‍ നിയന്ത്രിക്കണം. ഇവരെ ആത്മീയനേതാക്കള്‍ പിന്തിരിപ്പിക്കണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നത് ഒഴിവാക്കി വിശ്വാസികളുടെ വികാരം മാനിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മുന്‍ സംസ്ഥാന വക്താവ് പി. രഘുനാഥ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.