ലക്ഷ്യം വിജയം മാത്രം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ദല്‍ഹിക്കെതിരെ

Saturday 20 October 2018 1:45 am IST

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടാം ഹോം മത്സരം.  ദല്‍ഹി ഡൈനാമോസാണ്  എതിരാളികള്‍. ആദ്യ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-1ന് സമനില പാലിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയം ലക്ഷ്യമിട്ട് മാത്രമാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ അവരുടെ തട്ടകത്തില്‍ 2-0ന് തകര്‍ത്ത് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ കളിയില്‍ സ്വന്തം കാണികളുടെ മുന്നില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് മുംബൈ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനോട് സമനില പിടിച്ചത്.  പന്തടക്കത്തില്‍ മുംബൈ സിറ്റിക്കായിരുന്നു നേരിയ മുന്‍തൂക്കം.

എടികെയ്‌ക്കെതിരെ 4-1-4-1 ശൈലിയില്‍ ഇറങ്ങിയപ്പോള്‍ മുംബൈ സിറ്റിക്കെതിരെ 4-2-3-1 എന്ന രീതിയിലാണ് കോച്ച് ഡേവിഡ് ജെയിംസ് കളിക്കാരെ വിന്യസിച്ചത്. നിക്കോളാ ക്രമരാവിച്ചിനൊപ്പം സഹല്‍ അബ്ദുള്‍ സമദും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി. ഈ രീതിയില്‍ തന്നെയായിരിക്കും ഡേവിഡ് ജെയിംസ് ദല്‍ഹി ഡൈനാമോസിനെതിരെയും ഇന്ന് താരങ്ങളെ വിന്യസിക്കുക.

കഴിഞ്ഞ രണ്ട് കൡകളിലും പരിക്കുകാരണം പുറത്തിരുന്ന ഫ്രഞ്ച് പ്രതിരോധനിരതാരം സിറില്‍ കാലി ശാരീരിക ക്ഷമത വീണ്ടെടുത്തത്തെന്നാണ് ജെയിംസ് നല്‍കുന്ന സൂചന. നായകന്‍ സന്ദേശ് ജിങ്കന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധക്കോട്ടയില്‍ കാലി ഇന്ന് കളത്തിലിറങ്ങിയാല്‍ മുഹമ്മദ് ഹാകിപോ, ലാല്‍റുവാത്താരയോടെ പുറത്തിരിക്കാനാണ് സാധ്യത. പ്രതിരോധത്തിനു തൊട്ടുമുന്നിലായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ചും സഹല്‍ അബ്ദുള്‍ സമദും ഇറങ്ങിയേക്കും. ഇവര്‍ക്ക് മുന്നിലായി സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരമായ സ്ലാവിസ സ്‌റ്റൊയനോവിച്ചും ഇടത്തും വലത്തുമായി  ഹാലിചരണ്‍ നര്‍സാരി, സെയ്മിന്‍ലെന്‍ ദുംഗല്‍ എന്നിവരും എത്തിയേക്കും. മറിച്ച് സി.കെ. വിനീതിനെ ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ദുംഗല്‍ സൈഡ് ബെഞ്ചിലേക്ക് മാറാനും സാധ്യതയുണ്ട്.  സ്‌ട്രൈക്കറടെ റോളില്‍ സ്ലൊവേനിയന്‍ താരമായ പോപ്ലാട്‌നിക്കും ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്ങും ഉറപ്പാണ്. എന്നാല്‍ ഉയരക്കുറവുള്ള ധീരജ് സിങ് ഉയര്‍ന്നുവരുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറുന്നുണ്ട്. ഉയരക്കൂടുതലുള്ള മറ്റ് താരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ പന്ത് കാണുന്നതിലെ പിഴവാണ് ധീരജിന് ദോഷകരമാകുന്നത്.

അതിശക്തമായ പകരക്കാരുടെ നിരയും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ, ദീപേന്ദ്ര നേഗി, ലോകന്‍ മെയ്‌തേയി, മലയാളി താരം കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ എന്നിവരടങ്ങുന്ന പകരക്കാരുടെ നിര. 

രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയും വഴങ്ങി ഒരു പോയിന്റുമായി എട്ടാമതാണ് ദല്‍ഹി ഡൈനാമോസ്. സീസണിലെ ആദ്യ എവേ മത്സരത്തിനാണ് ദല്‍ഹി ഇന്ന് ഇറങ്ങുന്നത്. ആദ്യം കളിച്ച രണ്ട് മത്സരങ്ങളും ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു. ആദ്യ കളിയില്‍ പൂനെ സിറ്റിയോട് 1-1ന് സമനില പാലിച്ച അവര്‍ രണ്ടാം കളിയില്‍ എടികെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.

4-2-3-1 ശൈലിയിലായിരിക്കും ദല്‍ഹി കോച്ച് ടീമിനെ  അണിനിരത്തുക. സ്പാനിഷ് താരം ഫ്രാന്‍സിസ്‌കോ ദൊരോന്‍സൊറോയായിരിക്കും ഗോള്‍വലയ്ക്ക് മുന്നില്‍. പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ്, മാര്‍ടി ക്രെസ്പി, റാണാ ഖരാമി എന്നിവര്‍ പ്രതിരോധത്തില്‍ ഇറങ്ങാനാണ് സാധ്യത. സെര്‍ബിയന്‍ താരം ആന്‍ഡ്രെ കലുഡെറോവിച്ച് സ്‌ട്രൈക്കറായും വിനീത് റായ്, ശുഭം സാരംഗി, സ്ലോവേനിയന്‍ താരം റെനെ മിഹെലിച്ച്, ലാലിയന്‍സുല ചാങ്‌തെ, നന്ദകുമാര്‍ തുടങ്ങിയവര്‍ മധ്യനിരയില്‍ കളിമെനയാനും എത്തിയേക്കും.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണയും ദല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. ദല്‍ഹിയില്‍ വച്ച് 3-1നും കൊച്ചിയില്‍ വച്ച് 2-1നും. ആ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടാനിറങ്ങുക. ഒപ്പം സീസണിലെ ആദ്യ ജയത്തിനായി ദല്‍ഹി ഡൈനാമോസും ഇറങ്ങുമ്പോള്‍ ഒരു നല്ല ഫ്ട്‌ബോള്‍ മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.