ശബരിമല: സര്‍ക്കാരില്‍ ആശയക്കുഴപ്പം; മന്ത്രിമാരെ തള്ളിപ്പറഞ്ഞ് ജയരാജനും പാര്‍ട്ടിയും

Saturday 20 October 2018 1:46 am IST

തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പവും ഭിന്നതയും. മാറുതുറക്കല്‍ സമരത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെയും ഹൈദരാബാദ് സ്വദേശിനിയായ കവിത ജെക്കലിന്റെയും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ഷൈലജയും സ്വീകരിച്ച നിലപാടുകളാണ് മന്ത്രി ഇ.പി. ജയരാജനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞത്. ശബരിമല ആക്ടിവിസ്റ്റുകള്‍ക്കുള്ള വേദിയല്ലെന്നും ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്കു വരേണ്ടതില്ലെന്നും പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പാര്‍ട്ടി സെക്രട്ടേറിയറ്റിനിടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിശദീകരണമാരാഞ്ഞു. സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ കടകംപള്ളിയെ തള്ളിപ്പറയുകയും ചെയ്തതോടെ നിലപാടു മാറ്റിപ്പറയേണ്ട ഗതികേടും ദേവസ്വംമന്ത്രിക്കുണ്ടായി.

   രാവിലെ പോലീസ് സംരക്ഷണയില്‍ മലകയറിയ രഹ്നയ്ക്കും കവിത ജെക്കലിനുമെതിരായ പ്രതിഷേധം രൂക്ഷമായതോടെയാണ് പോലീസ് സംരക്ഷണം അവസാനിപ്പിക്കാന്‍ കടകംപള്ളി, ഐജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. ചുംബനസമരത്തിലും മാറുതുറക്കല്‍ സമരത്തിലും പങ്കാളിയായ ഇടതു ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്കു സംരക്ഷണം നല്‍കി മലകയറ്റിയാല്‍ അത് തിരിച്ചടിയാവുമെന്ന് ഭയന്നാണ് കടകംപള്ളി ഈ തീരുമാനമെടുത്തത്. തീരുമാനത്തെ ന്യായീകരിക്കാന്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്കു വരേണ്ടെന്നും പറഞ്ഞു. ഇതേ നിലപാട് മന്ത്രി കെ.കെ.ഷൈലജയും സ്വീകരിച്ചു. എന്നാല്‍ ഇവരുടെ നിലപാടുകള്‍ തള്ളിപ്പറഞ്ഞ് ഉടന്‍ മന്ത്രി ഇ.പി. ജയരാജന്‍ രംഗത്തെത്തി. ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണമെന്നും പറഞ്ഞ് ജയരാജന്‍ നീരസം വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി സെക്രട്ടേറിയറ്റ് നടന്ന എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ കടകംപള്ളിയോട് സ്വീകരിച്ച നിലപാടിലും പ്രസ്താവനയിലുമുള്ള അതൃപ്തി കോടിയേരി വ്യക്തമാക്കി.

   സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് കോടിയേരി  വ്യക്തമാക്കുകയും ചെയ്തു. ശബരിമലയില്‍ വിശ്വാസത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റ് വന്നാലും പ്രവേശനസൗകര്യം ഒരുക്കുകയെന്നതാണ് നിലപാട്. ആക്ടിവിസ്റ്റുകള്‍ വരരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. പക്ഷേ അതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാന്‍ പറ്റില്ല. സ്ഥിതിഗതികള്‍ മനസ്സിലായപ്പോള്‍ ദേവസ്വംമന്ത്രി കാര്യങ്ങള്‍ ശരിയായി വിശദീകരിച്ചിട്ടുണ്ട്. കോടിയേരി പറഞ്ഞു.

  ഇതോടെ കടകംപള്ളി നിലപാട് തിരുത്തി വീണ്ടും രംഗത്തെത്തി. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ല. ബോധപൂര്‍വം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടത്. ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്. അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി പറഞ്ഞൊഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.