വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് നാരായണന്‍ നമ്പൂതിരി

Saturday 20 October 2018 1:51 am IST

പത്തനംതിട്ട: വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം.എന്‍. നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ശബരിമലയിലെ വരുന്ന ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്.

പന്തളം രാജകൊട്ടാരത്തില്‍ നിന്നെത്തിയ ഋഷികേശ് എസ്.വര്‍മ നറുക്കെടുത്തു. ആറാം ഊഴമെത്തിയപ്പോള്‍ മേല്‍ശാന്തി ആകാനുള്ള അയ്യപ്പ അനുഗ്രഹം വി.എന്‍. വാസുദേവന്‍ നമ്പൂതിരിക്ക് ലഭിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് വി.എന്‍. വാസുദേവന്‍ നമ്പൂതിരി. നിലവില്‍ ബംഗളൂരു ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. 

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെ എം.എന്‍. നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ ദുര്‍ഗ രാംദാസ് രാജയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പുതിയ മേല്‍ശാന്തിമാര്‍ നവംബര്‍ 16ന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.