അമൃത്സര്‍ ദുരന്തം: പ്രതിഷേധക്കാരുടെ കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്ക്

Sunday 21 October 2018 3:09 pm IST
പഞ്ചാബ് പോലീസ് കമാന്റോ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ ഭയന്ന് ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന്‍ സൗരഭ് മദന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

അമൃത്സര്‍: അമൃത്സറില്‍ 61 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വ്യാപക പ്രതിഷേധം. ദസറ ആഘോഷം സംഘടിപ്പിച്ച സംഘാടകരുടെ വീടിന് നേരെയും സര്‍ക്കാര്‍-റെയില്‍വേ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കല്ലേറ് ഉണ്ടായി.

പഞ്ചാബ് പോലീസ് കമാന്റോ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ ഭയന്ന് ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന്‍ സൗരഭ് മദന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

അപകടം നടന്ന സ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് നീക്കംചെയ്തു. അപകടം നടന്ന് രണ്ട് ദിവസത്തിനുശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 

ഇതിനിടെയാണ് പോലീസിനുനേരെ കല്ലേറുണ്ടായത്. ജില്ലാ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ റെയില്‍വെ പാളത്തില്‍ കുത്തിയിരുന്നത്. സംഘര്‍ഷം ഉണ്ടായതോടെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍  പോലീസ് നിര്‍ദ്ദേശം നല്‍കി. അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ജനക്കൂട്ടം റെയില്‍വെ ട്രാക്കില്‍ അതിക്രമിച്ചു കടന്നാണ് അപകടത്തിന് ഇടയാക്കിയെന്നാണ് റെയില്‍വേയുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.