ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡനക്കേസ്: അന്വേഷണത്തിന് പ്രത്യേകസംഘം

Monday 22 October 2018 1:07 am IST
എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെയും കെ.സി.വേണുഗോപാലിന് കര്‍ണാടകയുടെയും ചുമതലയുണ്ട്. ദേശീയ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടുന്ന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കും.

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎസ്പി കമാന്‍ഡന്റായിരുന്ന എസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും. 

എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെയും കെ.സി.വേണുഗോപാലിന് കര്‍ണാടകയുടെയും ചുമതലയുണ്ട്. ദേശീയ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടുന്ന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത് കോണ്‍ഗ്രസ്സിനെ  പ്രതിരോധത്തിലാക്കും. 

  ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചും കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ചും സരിത എസ്.നായരെ ബലാല്‍സംഗം ചെയ്തുവെന്നാണ്  എഫ്‌ഐആര്‍. 2012ലെ ഹര്‍ത്താല്‍ ദിവസം ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി. സരിത എസ്. നായരുടെ ലൈംഗികപീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചിട്ടുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.സി.വേണുഗോപാലും ഇതേ നിലപാടിലാണ്.  പുതിയ സാഹചര്യത്തില്‍ വീണ്ടും സരിതയുടെ മൊഴി രേഖപ്പെടുത്തും. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും ചോദ്യംചെയ്യും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നീക്കം ഉപേക്ഷിക്കുകയായിരുന്നു. അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി, ജോസ് കെ. മാണി, എഡിജിപി കെ. പത്മകുമാര്‍, എറണാകുളം മുന്‍ കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയും സരിത ആരോപണമുന്നയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.