എല്ലാം സജ്ജം; വിക്രമാദിത്യ കൊച്ചി വിടുന്നു

Monday 22 October 2018 1:04 am IST

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലുതും ശക്തനുമായ പടക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ കൊച്ചി വിടുന്നു. കൊച്ചി കപ്പല്‍ശാലയില്‍ വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായി. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ തട്ടിലുള്ള ക്ഷമതാ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ കപ്പല്‍ കൊച്ചിയില്‍ നിന്നും യാത്രയാകും. 

2013 നവംബര്‍ 13ന് നാവികസേനയുടെ ഭാഗമായശേഷം രണ്ടാം തവണയാണ് വിക്രമാദിത്യയെ അറ്റകുറ്റപ്പണിക്കള്‍ക്കായി കപ്പല്‍ശാലയില്‍ എത്തിക്കുന്നത്. 2016ലായിരുന്നു ആദ്യ വരവ്. കപ്പലിന്റെ അടിത്തട്ട് (ഹള്‍), ഷാഫ്റ്റ് ബെയറിങ്ങുകള്‍ എന്നിവയ്ക്കാണ് അറ്റകുറ്റപ്പണി നടത്തിയത്. 24 ബെയറിങ്ങുകളില്‍ 16 എണ്ണം മാറ്റിവച്ചു. കപ്പല്‍ പെയിന്റ് ചെയ്തു. 705 കോടി രൂപയാണ് ചെലവായിരിക്കുന്നത്. മെയ് 17നാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. 

സോവിയറ്റ് യൂണിയന്‍ നാവികപ്പടയില്‍ 1987 മുതലുള്ള ബക്കു എന്ന വിമാനവാഹിനിയാണ് ഇന്ത്യ വാങ്ങി ഐഎന്‍എസ് വിക്രമാദിത്യ എന്നു പേരുമാറ്റിയത്. 283.5 മീറ്റര്‍ നീളവും 59.8 മീറ്റര്‍ വീതിയുമുള്ള വിമാനവാഹിനിയാണിത്. മിഗ് 29കെയുബി യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന 'വൈറ്റ് ടൈഗേഴ്‌സ് മിഗ് 29 കെ യുദ്ധവിമാനങ്ങളടങ്ങിയ 'ബ്ലാക് പാന്തേഴ്‌സ്', ചേതക് ഹെലികോപ്റ്ററുകളുടെ 'എയ്ഞ്ചല്‍സ്', ധ്രുവ് ഹെലികോപ്റ്ററുകളുടെ 'ഗാര്‍ഡിയന്‍സ്', സീ കിങ് ഹെലികോപ്റ്ററുകളുടെ 'ഹാര്‍പൂണ്‍സ്', കമോവ് കെഎ 31 ഹെലികോപ്റ്ററുകളുടെ 'ഫാല്‍ക്കണ്‍സ്' എന്നിവയുള്‍പ്പെടുന്ന ആറ് സ്‌ക്വാഡ്രണുകളാണ് വിക്രമാദിത്യയിലുള്ളത്. ബറാക് മിസൈലുകള്‍ ഉള്‍പ്പെടുന്ന ആയുധക്കലവറയുമുണ്ട്.

44,570 ടണ്‍ കേവുഭാരമുള്ള കപ്പലിന് തുടര്‍ച്ചയായി 45 ദിവസത്തോളം കടലില്‍ കഴിയാന്‍ ശേഷിയുണ്ട്. ഐഎന്‍എസ് വിരാട് ആണ് ഇന്ത്യയുടെ കൈവശമുള്ള മറ്റൊരു വിമാനവാഹിനിക്കപ്പല്‍. സമുദ്രത്തില്‍ ചൈനയെ പൂട്ടാന്‍ ഇന്ത്യയുടെ സ്വന്തം വിമാനവാഹിനി കപ്പല്‍ വിക്രാന്തിന്റെ അവസാനവട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കപ്പല്‍ ശാലയില്‍ പുരോഗമിക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.