സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് 56 വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം

Monday 22 October 2018 1:16 am IST

ബോംഡില: യുദ്ധസന്നാഹമൊരുക്കാന്‍ സ്ഥലം വിട്ടുനല്‍കിയ അരുണാചല്‍ പ്രദേശിലെ ഗ്രാമവാസികള്‍ക്ക് നീണ്ട കാത്തിരിപ്പിനു ശേഷം നഷ്ടപരിഹാരത്തുക ലഭിച്ചു. 56 വര്‍ഷങ്ങള്‍ക്കു ശേഷം 38 കോടിയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. 1962ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത് സേനയ്ക്ക് താവളമൊരുക്കാനും ബങ്കറുകളും ബാരക്കുകളും വയ്ക്കാനുമായി സ്ഥലം വിട്ടുകൊടുത്ത ഗ്രാമവാസികള്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ചേര്‍ന്നാണ് നഷ്ടപരിഹാരത്തുകയുടെ ചെക്ക് പശ്ചിമ കമേംഗ് ജില്ലയിലെ ഗ്രാമീണര്‍ക്ക് കൈമാറിയത്. 

ദേശീയ താല്‍പ്പര്യത്തിനായാണ് ഭൂമി അന്ന് ഏറ്റെടുത്തത്. ഇതുവരെ ഒരു സര്‍ക്കാരും നഷ്ടപരിഹാരം നല്‍കാന്‍ തയാറായില്ല. എന്നാലിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെയും ശ്രദ്ധയില്‍പ്പെടുത്തിയാണ് നഷ്ടപരിഹാരം ലഭ്യമാക്കിയിരിക്കുന്നത്. 37.73 കോടി രൂപ കൈമാറിയിട്ടുണ്ട്. 

തുക ഗ്രാമവാസികള്‍ക്ക് വീതിച്ചു നല്‍കുമെന്നും ചടങ്ങില്‍ കിരണ്‍ റിജിജു അറിയിച്ചു.  കിരണ്‍ റിജിജുവിന്റെ ജന്മസ്ഥലമാണ് പശ്ചിമ കമേംഗ്. 

2017 ഏപ്രിലില്‍ പശ്ചിമ കമേംഗിലെ മൂന്നു ഗ്രാമങ്ങളിലെ 152 കുടുംബങ്ങള്‍ക്കായി 54 കോടി രൂപ വിതരണം ചെയ്തിരുന്നു. അതേവര്‍ഷം സപ്തംബറില്‍ സേന ഏറ്റെടുത്ത സ്വകാര്യ ഭൂമിയുടെ നഷ്ടപരിഹാമായി 158 കോടി രൂപയും അടുത്ത ഗഡുവായി നല്‍കി. 2018 ഫെബ്രുവരിയില്‍ തവാങ് ജില്ലയിലെ 31 കുടുംബങ്ങള്‍ക്കായി 40.80 കോടി രൂപയും വിതരണം ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.