മാധ്യമങ്ങള്‍ കോടതിയാകരുത്

Monday 22 October 2018 1:37 am IST

താരസംഘടനയായ അമ്മയും ഡബ്ല്യ സി.സി.യും തമ്മിലുള്ള കലഹം ഒരു ആഗോള പ്രശ്നം പോലെയാണ് എല്ലാ വാര്‍ത്താ ചാനലുകളും, ഏറ്റെടുത്തത്. ചില അച്ചടി മാധ്യമങ്ങളും മുന്‍ പേജില്‍ ഈ വാര്‍ത്ത ആഘോഷിച്ചു. കൂലങ്കഷമായ ചര്‍ച്ചയും, ചിത്രങ്ങളും നല്‍കാന്‍ മാത്രം എന്ത് സാമൂഹ്യ പ്രസക്തിയാണ് ഈ വാര്‍ത്തക്ക് പിന്നിലെന്ന് മനസിലാകുന്നില്ല. കോടതിക്ക് മുന്നിലുള്ള കേസില്‍ വിധി നടപ്പാക്കാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്? ഡബ്ല്യൂ സി.സി.യിലെ ഒരാള്‍ പറഞ്ഞത്  അമ്മയുടെ പ്രസിഡന്റ് തങ്ങളെ നടിമാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ്. നടിമാര്‍ എന്ന് വിളിച്ചാല്‍ അത് ആക്ഷേപമാകുന്നതെങ്ങനെ..? അത് ഒരുബഹുമതിയായി വേണ്ടേ കണക്കാക്കാന്‍. ജനാധിപത്യത്തെപ്പറ്റി പറയുന്നവര്‍, നടിയല്ല, ഏത് സ്ത്രീ ആക്രമിക്കപ്പെട്ടാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം. സ്ത്രീകള്‍ നേരിടുന്ന ഏത് പ്രശ്നത്തിലും ഇടപെടണം. അവിടെ പ്രശസ്തരെന്നോ, സാധാരണക്കാരെന്നൊ വേര്‍തിരിവ് പാടില്ല. കുറ്റാരോപിതനായി നില്‍ക്കുന്ന ഒരാളെ അമ്മ അനുകൂലിക്കരുത്. അപ്പോള്‍ ഈ കാര്യങ്ങളില്‍ രണ്ട് സംഘടനകളും ആത്മ പരിശോധന നടത്തണം. നിങ്ങളെ നെഞ്ചിലേറ്റി ആരാധിക്കുന്ന പ്രേക്ഷകര്‍ക്ക്  വേണ്ടി ഇത്രയെങ്കിലും ചെയ്യൂ. കാരണം അവരുണ്ടെങ്കിലെ താരങ്ങളുള്ളു എന്ന വലിയ സത്യം വിസ്മരിക്കരുത്. അവര്‍ക്ക് എല്ലാം അറിയാം. മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തെണ്ട വാര്‍ത്തകള്‍ വിട്ട് ഇത്തരം വിഷയങ്ങള്‍ക്ക് പിന്നാലെ പോയി സമയം കളയരുത് എന്നപേക്ഷിക്കുന്നു'. 

രജിത് മുതുവിള, തിരുവനന്തപുരം

ഇത് ഭാരതീയ സംസ്‌കാരമല്ല

സുപ്രീംകോടതി വിസ്‌ഫോടനാത്മകമായ രണ്ടുനിയമങ്ങള്‍ ഈയിടെ കൊണ്ടുവന്നു. 1. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ടുള്ളത്. 2. വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമല്ലെന്നുള്ളത്. ഇത് രണ്ടും ഭാരതീയ-സാംസ്‌കാരിക രംഗങ്ങളില്‍ ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ലോകരാജ്യങ്ങളിലെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രകാശമേകിയ സൂര്യോദയമുണ്ടായത് ഈ പൗരസ്ത്യ ഭാരതത്തില്‍നിന്നാണെന്നുള്ളത് ഒരു ചരിത്രവസ്തുതയാണ്, ചരിത്രകാരന്മാര്‍ സമ്മതിക്കുന്നതാണ്. കാമ-ക്രോധ-ലോഭ-മദമാത്സര്യങ്ങളെ നിയന്ത്രിച്ച് ആദ്ധ്യാത്മിക സാധകങ്ങളിലൂടെ തന്നിലെ ഈശ്വര സാക്ഷാത്ക്കാരമാണ് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് ഭാരതീയ-പുരാണേതിഹാസങ്ങളും ആദ്ധ്യാത്മികാചാര്യന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. 

ഉപഭോഗത്തിന്റേതല്ല, അത് ആത്മനിയന്ത്രണത്തിന്റേതാണ്. പാശ്ചാത്യ സംസ്‌കാരം ഉപഭോഗത്തിന്റെ മുതലാളിത്ത സംസ്‌കാരമാണ് നടപ്പില്‍ വരുത്തിയത്. അതിന്റെ പരിണത ഫലങ്ങളാണ് ഇന്നത്തെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ എല്ലാ വിനാശത്തിനും കാരണമായിട്ടുള്ളതെന്ന് നമുക്കറിയാം. ലൈംഗീക ഊര്‍ജ്ജം ഉപഭോഗവസ്തുവല്ല, മൃഗങ്ങള്‍ക്കും മറ്റുജീവികള്‍ക്കും അത് ഉപഭോഗമായിത്തീരുമ്പോള്‍ മനുഷ്യന് ആത്മോന്നതിക്കുള്ള ഊര്‍ജ്ജമാണ്. ബ്രഹ്മചര്യം എന്നാലതാണ്. ഇത് എല്ലാ പ്രവാചക-ഋഷി സന്യാസ പരമ്പരകളും അനുഷ്ഠിച്ചതാണ്. അവിടെയൊന്നും സാധാരണ മനുഷ്യര്‍ക്ക് ചെന്നെത്താന്‍ സാദ്ധ്യമല്ലെങ്കിലും ഒരുനിയന്ത്രിത ജീവിത സാമൂഹിക സംരക്ഷണത്തിന് ഇത് അനിവാര്യമാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ശബരിമലയിലെ ഒരു തീര്‍ത്ഥാടന നിയമത്തെ തിരുത്തിക്കൊണ്ട് പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനമനുവദിച്ചത് താന്ത്രിക ചടങ്ങുകളുടെ നിയമങ്ങളെക്കുറിച്ച് നമ്മുടെ നിയമജ്ഞര്‍ അജ്ഞരായതുകൊണ്ടാണ്. 

കെ.ടി.രാധാകൃഷ്ണന്‍, കൂടാളി

എന്തിനീ പിടിവാശി?

പ്രളയാനന്തരം നവകേരള നിര്‍മ്മാണപദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് ഭൂഷണമല്ല ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന കര്‍ക്കശ ബുദ്ധിയും നിലപാടും. ഇത് ഒരു ദിവസത്തെ ഏര്‍പ്പാടല്ല, ഇനി മണ്ഡല-മകര വിളക്ക് കാലമായ മൂന്നുമാസം യുവതികളെ മലചവിട്ടിക്കാന്‍ കണ്ണില്‍ എണ്ണ  ഒഴിച്ചിരുന്നു ഖജനാവില്‍ നിന്നു കാശും ചെലവാക്കി കാവല്‍ നില്‍ക്കാന്‍ പോവുകയാണോ സര്‍ക്കാര്‍? മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്നു പിരിച്ചുകൊണ്ടുവരുന്ന തുക മുഴുവന്‍ ശബരിമലയില്‍ ചെലവാക്കേണ്ടി വരുമല്ലോ ഇക്കണക്കിന്. കഷ്ടം!  അല്‍പ്പം വകതിരിവ് കാണിച്ചുകൊണ്ട് ലളിതമായി ഈ സന്ദിഗ്ദ്ധ ഘട്ടത്തെ അതിജീവിക്കേണ്ടതിനു പകരം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ പല സംശയങ്ങളും ഉയരുന്നു. കുന്തമുനകള്‍ എല്ലാം മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്.

മേതില്‍ സതീശന്‍, അബുദാബി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.