ദര്‍ശനത്തിനെത്തിയ നാലു യുവതികളെ തിരിച്ചയച്ചു; നിലയ്ക്കാത്ത പ്രതിഷേധം

Monday 22 October 2018 1:47 am IST
ശബരിമല ദര്‍ശനത്തിനായി ഇന്നലെയും യുവതികളെത്തി. പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനത്തെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിക്ക് ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വലിയ നടപ്പന്തലിന് സമീപത്തുവച്ച് തിരികെ പോകേണ്ടിവന്നു.

ശബരിമല: ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം തുടരുന്നതിനിടെ നിലയ്ക്കലിനപ്പുറത്തും ഇപ്പുറത്തും ഭക്തജനങ്ങളുടെ പ്രതിഷേധങ്ങള്‍ നിലയ്ക്കുന്നില്ല. അരാജകവാദികളടക്കമുള്ള സ്ത്രീകളെ പൊന്നു പതിനെട്ടാം പടി ചവുട്ടിക്കാനുള്ള പിണറായി സര്‍ക്കാരിന്റേയും പോലീസിന്റേയും നീക്കങ്ങളെല്ലാം ശരണമന്ത്ര പ്രതിരോധത്തില്‍ തകര്‍ന്നടിയുന്നത് കണ്ട അഞ്ചു ദിനങ്ങള്‍ക്കു ശേഷം തുലാമാസ പൂജകള്‍ക്കു തുറന്ന നട ഇന്ന് അടയ്ക്കും. 

കേരളത്തിലുടനീളം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ അണിനിരന്നു. പന്തളത്ത് വിശ്വാസ സംരക്ഷണ സമ്മേളത്തില്‍ ഭക്തജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു. 

ശബരിമല ദര്‍ശനത്തിനായി ഇന്നലെയും യുവതികളെത്തി. പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനത്തെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിക്ക് ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വലിയ നടപ്പന്തലിന് സമീപത്തുവച്ച് തിരികെ പോകേണ്ടിവന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ട് യുവതികളെയും അയ്യപ്പഭക്തര്‍ പമ്പയില്‍ തടഞ്ഞിരുന്നു. ശബരിമലയിലെ ആചാരക്രമത്തെക്കുറിച്ച് ഭക്തര്‍ ഇവര്‍ക്ക് വിവരിച്ചതോടെ ഇരുവരും ദര്‍ശനത്തിനില്ലെന്ന് അറിയിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് ദര്‍ശനത്തിനായി ആന്ധ്രാപ്രദേശ് സ്വദേശിനിയായ ആര്‍. ബാലമ്മ (47) പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനത്തെത്തിയത്. നടപ്പന്തലിന്റെ തുടക്ക ഭാഗത്ത് ഇവര്‍ ഡോളിയില്‍ വന്നിറങ്ങുന്നത് കണ്ട ഒരു തീര്‍ഥാടകന്‍ ഉറക്കെ ശരണംവിളിച്ചു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് അയ്യപ്പഭക്തര്‍ നടപ്പന്തലില്‍ ശരണം വിളിയുമായി ഒത്തുകൂടി. 

ഭക്തരുടെ പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബാലമ്മ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി. ബാലമ്മയ്ക്ക് അമ്പത് വയസ്സായെന്ന് പോലീസ് പറഞ്ഞെങ്കിലും ഭക്തര്‍ അത് അംഗീകരിച്ചില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ബാലമ്മയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പോലീസ് പരിശോധിച്ചു. 1971 ആണ് ആധാര്‍ കാര്‍ഡില്‍ ജനനവര്‍ഷം രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഇവരെ ഉടന്‍തന്നെ തിരിച്ചയക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ പമ്പയിലേക്കും തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.