ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

Monday 22 October 2018 12:12 pm IST

 

ന്യൂദല്‍ഹി: കന്യാസ്ത്രീയെ നിരന്തരം പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വികാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറ (62)യെയാണ് ജലന്ധറിലെ ദൗസ പള്ളിയിലെ മുറിയില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു ഫാ. കാട്ടുതറ. ഒരിക്കല്‍ അദ്ദേഹത്തിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.

സഹോദരന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കാണിച്ച് സഹോദരന്‍ ജോസ് കാട്ടുതറ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി. കേസില്‍ ഫ്രങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയ ശേഷം വധഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫാ. കുര്യാക്കോസ് രോഗിയായിരുന്നുവെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഹൃദ്രോഗമാണ് കാരണമെന്നുമാണ് ജലന്ധര്‍ രൂപതയുടെ വിശദീകരണം.

പ്രോസിക്യൂഷന്‍ സാക്ഷിയായ ഫാ. കുര്യാക്കോസ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസില്‍ വിശദമായി മൊഴി നല്‍കിയിരുന്നു. അന്നു മുതല്‍ ഭീഷണിയുണ്ടായിരുന്നു.

ജലന്ധര്‍ രൂപതയിലെ അധ്യാപകനായിരുന്നു ഫാ. കുര്യാക്കോസ്. നീതി തേടി സമരം ചെയ്ത കന്യാസ്ത്രീയടക്കം നിരവധി കന്യാസ്ത്രീകളെയും അദ്ദേഹം പഠിപ്പിച്ചിരുന്നു. അവരെല്ലാം വളരെയേറെ ബഹുമാനിച്ചിരുന്ന വികാരിയായിരുന്നു കുര്യാക്കോസ് അച്ചന്‍. ഫ്രാങ്കോയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വ്യക്തമായ വിവരം ഉള്ളയാളായിരുന്നു അദ്ദേഹം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം കന്യാസ്ത്രീകളുടെ സമരസമയത്ത് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒക്‌ടോബര്‍ 15ന് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതോടെ ഭീഷണി ശക്തമായി. 

രാവിലെ കുര്‍ബാനയ്ക്ക് സമയമായപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് ജോലിക്കാരന്‍ ഫാ.കുര്യാക്കോസിനെ അന്വേഷിച്ച് വന്നിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുക്കളെ അറിയിച്ചു. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷനറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് കുര്യാക്കോസ്. 

 

കന്യാസ്ത്രീകള്‍ ഭയപ്പാടില്‍ ;ദുരൂഹമെന്ന് അനുപമ

ഫാ. കുര്യക്കോസിന്റെ ദുരൂഹമരണം ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഭയപ്പാടിലാക്കി. ഇരയായ കന്യാസ്ത്രീക്കും അവരുടെ സഹോദരിക്കും മറ്റു ചിലര്‍ക്കും വധഭീഷണിയുണ്ടായിരുന്നു. കുര്യാക്കേസിന്റെ മരണം ഞങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ, എന്തുവന്നാലും ഞങ്ങള്‍ പിന്‍മാറില്ല. അവര്‍ പറഞ്ഞു. 

മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ ഞെട്ടിപ്പോയി, സിസ്റ്റര്‍ അനുപമ പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ അധ്യാപകന്‍ കൂടിയായിരുന്നു. ഞങ്ങളുടെ കേസിലെ നിര്‍ണായക സാക്ഷിയാണ്. മരണം സംശയകരമാണ്. അനുപമ പറഞ്ഞു.

 

എന്തും സംഭവിക്കുമെന്ന് പറഞ്ഞിരുന്നു: സഹോദരന്‍

തന്റെ സഹോദരന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായി സഹോദരന്‍ ജോസ് കാട്ടുതറ. 

ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്ക് എന്തും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.