പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രം അടച്ചു പൂട്ടുന്നു

Monday 22 October 2018 4:40 pm IST

കോഴിക്കോട്: മുന്നൂറിലധികം ജീവനക്കാരുടെ വയറ്റത്തടിച്ച് തേജസ് ദിനപത്രം പൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനം. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഡിസംബര്‍ 31ന് പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ നഷ്ടപരിഹാരത്തെക്കുറിച്ചോ അവര്‍ വ്യക്തമാക്കിയില്ല.

എട്ടുവര്‍ഷമായി പിആര്‍ഡി പരസ്യം നല്‍കാത്തതുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയാണ് പത്രം പൂട്ടുന്നതിന് കാരണമായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ തൊഴില്‍ നഷ്ടമാകുന്നത് എത്ര ജീവനക്കാര്‍ക്കാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാനേജ്‌മെന്റ് പ്രതിനിധികള്‍ മറുപടി നല്‍കിയില്ല. പകരം വിരലിലെണ്ണാവുന്ന കുറച്ചുപേരെ പുതിയ ഓണ്‍ലൈന്‍ ആരംഭിച്ച് നിലനിര്‍ത്തുമെന്നും കുറച്ചുപേരെ തേജസ് ദ്വൈവാരികയാക്കി അതിലേക്ക് മാറ്റുമെന്നും പറഞ്ഞു. തൊഴില്‍ നഷ്ടമാകുന്ന ജീവനക്കാര്‍ക്ക് മാന്യമായി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ആവര്‍ത്തിച്ചതല്ലാതെ കൃത്യമായ മറുപടി അവര്‍ നല്‍കിയില്ല.

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ മാനേജ്‌മെന്റ് ക്രിയാത്മകമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ചീഫ് എഡിറ്റര്‍ എന്‍.പി. ചേക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന ജീവനക്കാര്‍ സ്ഥാപനം പൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കെടുകാര്യസ്ഥതയും സാമ്പത്തികക്രമക്കേടുകളുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്. അതേസമയം ശക്തമായ വര്‍ഗീയധ്രുവീകരണത്തിനും കടുത്ത മതസ്പര്‍ധയ്ക്കും വഴിവയ്ക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലും പത്രത്തിന്റെ നിലനില്‍പ്പ് തകര്‍ത്തു. ഇതാണ് പ്രധാനമായും സര്‍ക്കാര്‍ പരസ്യങ്ങളുടെ വരവ് തടഞ്ഞത്.

ഇന്റര്‍ മീഡിയ പബ്ലിഷിംഗ് ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടി കുറച്ചുനാളുകള്‍ക്കുശേഷം പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ കുറഞ്ഞ വേതനത്തിന് ആളെ കണ്ടെത്തി പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരെ പിരിച്ചുവിട്ട് പത്രം പൂട്ടാനുള്ള മാനേജ്‌മെന്റ് തീരുമാനം ഒരുകാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസിഡന്റ് കമാല്‍ വരദൂറും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.