സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദനം 31 ന്

Tuesday 23 October 2018 9:30 am IST
182 മീറ്റര്‍ ഉയരമുള്ള പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്തെ സാധു ദ്വീപിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2063 കോടിയാണ് ചെലവ്. നാല് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ദാര്‍ പട്ടേലിന്റെ രാജ്യസ്‌നേഹവും കൂറും ഐക്യത്തിന് വേണ്ടിയുള്ള സംഭാവനകളും ചിന്തകളും പ്രചരിപ്പിക്കുന്ന മ്യൂസിയം ഇന്ത്യയുടെ അഭിമാനമായി മാറും.

കൊച്ചി: ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്വാതന്ത്ര്യ സമരഭടന്മാര്‍ക്കുള്ള ആദരവാണെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമായിരിക്കുമെന്നും ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രി വസന്‍ഭായി ആഹിര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി ഇത് മാറും. ലോകോത്തര നിലവാരമുള്ള സര്‍ദാര്‍ പട്ടേല്‍ മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 

182 മീറ്റര്‍ ഉയരമുള്ള പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്തെ സാധു ദ്വീപിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2063 കോടിയാണ്  ചെലവ്.  നാല് വര്‍ഷം കൊണ്ടാണ്  നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ദാര്‍ പട്ടേലിന്റെ രാജ്യസ്‌നേഹവും കൂറും ഐക്യത്തിന് വേണ്ടിയുള്ള സംഭാവനകളും ചിന്തകളും പ്രചരിപ്പിക്കുന്ന മ്യൂസിയം ഇന്ത്യയുടെ അഭിമാനമായി മാറും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രൂപീകരിച്ച സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് എന്ന സൊസൈറ്റിക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല.

പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ച് കിലോമീറ്റര്‍ നീളമുള്ള റോഡ്, ഭരണ നിര്‍വഹണ കേന്ദ്രം എന്നിവയെല്ലാം അടങ്ങുന്നതാണ് പട്ടേല്‍ സ്മാരകം. വിശാലമായ ഗ്യാലറിയും തയാറാക്കിയിട്ടുണ്ട്.

200 പേര്‍ക്ക് ഒരേ സമയം ഗ്യാലറിയില്‍ നിന്നും കാഴ്ചകള്‍ കാണാം. ഏറ്റവും മികച്ച അണ്ടര്‍ വാട്ടര്‍ അക്വേറിയം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമാണ് പട്ടേല്‍ പ്രതിമയ്ക്കുള്ളത്. പ്രതിദിനം പതിനയ്യായിരം സന്ദര്‍ശകരെ ഉള്‍ക്കൊളളാന്‍ ഇതിനാകും. എഴുപതിനായിരം ടണ്‍ സിമന്റ്, 6000 ടണ്‍ സ്ട്രക്ച്ചര്‍ സ്റ്റീല്‍ എന്നിവയാണ് പ്രതിമാ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

 കേരളത്തിന്റെ കരകൗശല വസ്തുക്കള്‍ വിറ്റഴിക്കാനും കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യത കണ്ടെത്താനും ആവശ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്ഥാപിക്കാനും കേരളത്തിന് സാംസ്‌കാരിക, കലാ കേന്ദ്രം സ്ഥാപിക്കാനും ആവശ്യമെങ്കില്‍ സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ വിനോദ് റാവു, മലയാളി ഐപിഎസ് ഓഫീസര്‍ മനോജ് ശശിധര്‍, എംപി മാരായ ദീപ്സിങ് റാത്തോഡ്, പ്രഭാത് സിംഗ് ചൗഹാന്‍, എംഎല്‍എ മാരായ ശശികാന്ത് പന്ധ്യ, അരവിന്ദഭായി പട്ടേല്‍, രത്തന്‍സിംഗ് റാത്തോഡ്, നരേഷ്ഭായി പട്ടേല്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.