ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എ.എന്‍ രാധാകൃഷ്ണന്‍

Tuesday 23 October 2018 2:41 am IST

കോഴിക്കോട്: ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സന്നിധാനത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ മാറ്റിയതെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴിലാണ് ഇന്റലിജന്‍സ് വിഭാഗം. മുഖ്യമന്ത്രിക്ക് കീഴില്‍ തന്നെയാണ് പോലീസുമുള്ളത്. സന്നിധാനത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് വേണ്ടത്.

ശബരിമല കയറാനെത്തിയ രഹ്‌ന ഫാത്തിമയ്ക്ക് നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയായിരുന്നു നല്‍കിയത്. ഈ പോലീസുകാരെ വച്ച് എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. മാധ്യമങ്ങളിലൂടെ ശബരിമലയിലെ വിവരങ്ങള്‍ പുറം ലോകത്തെത്തുന്നത് തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിത്. ശബരിമലയില്‍ സര്‍ക്കാരിന് എന്തോ ഗൂഢലക്ഷ്യമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. 

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നത്. മഫ്തി പോലീസുകാരെ ഉപയോഗിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമം. തീക്കൊള്ളി കൊണ്ടാണ് സര്‍ക്കാര്‍ തലചൊറിയുന്നത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജനം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ ശിവശങ്കര്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ.വി. സുധീര്‍, സി. അമര്‍നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.