ഇന്ത്യ ജൈത്രയാത്ര തുടരുന്നു

Tuesday 23 October 2018 3:00 am IST

മസ്‌ക്കറ്റ്: ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളായ ജപ്പാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ തുടര്‍ച്ചയായ മൂന്നാം വിജയം ആഘോഷിച്ചു. എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് ജപ്പാനെ തകര്‍ത്തുവിട്ടത്.

ലളിത് ഉപാദ്ധ്യായ (4, 45 മിനിറ്റ്) , ഹര്‍മന്‍പ്രീത് സിങ് (17, 45 മിനിറ്റ്) , മന്‍ദീപ് സിങ് (49, 57 മിനിറ്റ്്) എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. ഗുര്‍ജന്ത് സിങ്, കോതജിത് സിങ്ങ് എന്നിവര്‍ ഓരോ ഗോള്‍ നേടി. കളിക്കളം നിറഞ്ഞു കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത മുന്നേറ്റ നിരക്കാരന്‍ അകാശ് ദീപാണ് കളിയിലെ കേമന്‍.

ജക്കാര്‍ത്തയില്‍ അരങ്ങേറിയ ഏഷ്യന്‍ ഗെയിംസിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ മടക്കമില്ലാത്ത എട്ട് ഗോളുകള്‍ക്ക് ജപ്പാനെ തോല്‍പ്പിച്ചു. പക്ഷെ, പിന്നീടുള്ള മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ജപ്പാന്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അതേസമയം, ഇന്ത്യക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ജപ്പാനെതിരെ ഇന്ത്യ തകര്‍ത്തുകളിച്ചു. സര്‍വമേഖലകളിലും ഇന്ത്യ ആധിപത്യം സ്ഥാപിച്ചതോടെ ഒരു ഗോള്‍ പോലും ഇന്ത്യന്‍ പോസ്റ്റില്‍ അടിച്ചുകയറ്റാന്‍ ജപ്പാന് കഴിഞ്ഞില്ല. ഇടവേളയ്ക്ക് ഇന്ത്യ 4-0 ന് മുന്നിട്ടുനിന്നു.

ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യത്തെ രണ്ട് ക്വാര്‍ട്ടറുകളില്‍ രണ്ട് ഗോള്‍ വീതം നേടി. ലോക അഞ്ചാം നമ്പറായ ഇന്ത്യ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് ഗോള്‍ കുറിച്ചു. അവസാനത്തെ പതിനഞ്ച് മിനിറ്റില്‍ രണ്ട് ഗോള്‍ കൂടി നേടി വിജയമുറപ്പിച്ചു.

പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി. മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യ ഗോളാക്കി മാറ്റി.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അടുത്ത മത്സരത്തില്‍ ഇന്ന് മലേഷ്യയുമായി മാറ്റുരയ്ക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.