ശബരിമലയില്‍ നിന്ന് ചാനലുകളുടെ പിന്‍മാറ്റത്തില്‍ ദുരൂഹത

Tuesday 23 October 2018 6:00 am IST
അഞ്ചു ദിവസം ശബരിമലയില്‍ തമ്പടിച്ച് തല്‍സമയം വാര്‍ത്തകളും വിശകലനങ്ങളും നല്‍കിയിരുന്ന മാധ്യമങ്ങള്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് പിന്‍മാറിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാം എന്ന് പോലീസ് പറെഞ്ഞന്നു പറഞ്ഞാണ് മലയിറക്കം. തികച്ചും പ്രകോപനപരവും ഏകപക്ഷീയവുമായ റിപ്പോര്‍ട്ടിങ് ആയിരുന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിതമായ ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: ശബരിമലയില്‍നിന്ന് മാധ്യമങ്ങള്‍ ഒന്നാകെ പിന്‍വലിഞ്ഞതില്‍ ദുരൂഹതയും വിവാദവും. നട അടയ്ക്കുന്ന ദിവസമായ ഇന്നലെ ജനം, അമൃത, മംഗളം ചാനലുകള്‍ ഒഴികെ ഒരു ദൃശ്യമാധ്യമവും പമ്പയിലോ സന്നിധാനത്തോ ഉണ്ടായിരുന്നില്ല.

അഞ്ചു ദിവസം ശബരിമലയില്‍ തമ്പടിച്ച് തല്‍സമയം വാര്‍ത്തകളും വിശകലനങ്ങളും നല്‍കിയിരുന്ന മാധ്യമങ്ങള്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് പിന്‍മാറിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാം എന്ന് പോലീസ് പറെഞ്ഞന്നു പറഞ്ഞാണ് മലയിറക്കം. തികച്ചും പ്രകോപനപരവും ഏകപക്ഷീയവുമായ റിപ്പോര്‍ട്ടിങ് ആയിരുന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിതമായ ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

നാമ ജപവുമായി പ്രതിഷേധിച്ചവര്‍ അക്രമികളും കലാപകാരികളും ആണെന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടാണ്. എന്നിട്ടും ഒരുവിധ ആക്രമങ്ങളും റിപ്പോര്‍ട്ടര്‍മാര്‍ക്കു നേരെ ഉണ്ടായില്ല. ചെറുപ്പക്കാരികളായ റിപ്പോര്‍ട്ടര്‍മാരെ അയച്ച് ചില മാധ്യമ സ്ഥാപനങ്ങള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഭക്തര്‍ കാര്യമായെടുത്തില്ല. ആകെ പറയാവുന്ന അനിഷ്ട സംഭവം റിപ്പബ്ലിക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ വന്ന ടാക്‌സി കാറിനു നേരെ ഉണ്ടായ കല്ലേറാണ്. ബിജെപിയുടെ സ്വന്തം ചാനല്‍ എന്ന ആക്ഷേപം പേറുന്ന ചാനലാണ് റിപ്പബ്ലിക്.

ആദ്യ ദിവസം പമ്പയില്‍ പോലീസ് അതിക്രമം നടത്തിയപ്പോള്‍ മുഖ്യധാര ദൃശ്യ മാധ്യമങ്ങള്‍, കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമ ധര്‍മമെല്ലാം കാറ്റില്‍ പറത്തിയിരുന്നു. 

പോലീസ് നടത്തിയ അക്രമം മറച്ചുവെച്ച് അയ്യപ്പ ഭക്തരെയെല്ലാം കലാപകാരികളായി ചിത്രീകരിക്കുകയായിരുന്നു. പോലീസുകാര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതിന്റേയും ഹെല്‍മറ്റ് മോഷ്ടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ജനം ടിവിയും സോഷ്യല്‍ മീഡിയയും പുറത്തുവിട്ടപ്പോള്‍ നഷ്ടമായത് സെലിബ്രിറ്റികള്‍ എന്നു സ്വയം കരുതുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മുഖംമൂടിയാണ്. 

പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ പേരില്‍ പ്രതിഷേധം നടത്തിയതും മാധ്യമ പ്രവര്‍ത്തകരുടെ വിലയിടിക്കുന്നതായി. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനായി നടത്തിയ പ്രതിഷേധത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മാധ്യമ പ്രവര്‍ത്തകരല്ലാത്ത ചില വനിത ആക്ടിവിസ്റ്റുകളെ കൊണ്ട് ആര്‍എസ്എസിനെതിരെ മുദ്യാവാക്യം വിളിപ്പിച്ച പ്രതിഷേധത്തിനെതിരെ നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

യുദ്ധക്കളത്തിലും സമരമുഖത്തുമൊക്കെ ജീവന്‍ പണയംവച്ച് സത്യം ലോകത്തെ അറിയിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ കേരള പോലീസിന്റെ വാക്കു വിഴുങ്ങി മലയിറങ്ങിയപ്പോള്‍ ഒപ്പം ഇറങ്ങിയത്, ഉണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ ധര്‍മവും മാധ്യമസ്വാതന്ത്ര്യവുമാണ്. ശബരിമല റിപ്പോര്‍ട്ടിങ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത കളഞ്ഞത് എന്ന പേരിലാകും ഇനി രേഖപ്പെടുത്തുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.