സമാധാനത്തിന്റെ അതിര്‍ത്തിവാതില്‍ തുറക്കുമ്പോള്‍

Tuesday 23 October 2018 10:43 am IST
ഐക്യരാഷ്ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു.

സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധം ആവശ്യമാണെന്നു പറയുന്ന ഇന്നത്തെക്കാലത്ത് സമാധാനം എന്ന വാക്കുപോലും അതിശയമുണ്ടാക്കുന്നതാണ്. എന്നാലും സന്മനസുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നപോലെ എവിടെ സമാധാനം ഉണ്ടായാലും അത് നല്ലകാര്യം. ഒക്ടോബര്‍ 15ന് അത്തരമൊരു സമാധാനത്തിന്റെ നല്ലൊരു വര്‍ത്തമാനം ലോകത്തിനു കേള്‍ക്കാനായി. ഐക്യരാഷ്ട്ര സഭയും സിറിയയും ഇസ്രയേലും ചേര്‍ന്ന് ഖുനീത്‌റ അതിര്‍ത്തി മാര്‍ഗം തുറന്നുകൊടുത്തത് അന്നാണ്.

ഐക്യരാഷ്ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു. 

എന്നാലതു സിറിയതന്നെ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കുംമുന്‍പ്  ഗോലാന്‍ കുന്നിലേക്കുള്ള സഞ്ചാരവാതില്‍ അടച്ചിടുകയായിരുന്നു. സിറിയയില്‍ ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ തന്നെ ഭാഗമാണ് വിമോചനക്കാരുടെ ഈ പിടിച്ചടക്കലും. എന്നാല്‍ സിറിയക്കും ഇസ്രയേലിനുമിടയില്‍ കൈവന്ന ഈ സമാധാനശ്രമം ലോകം സന്തോഷത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. 

1967 ല്‍ ആറ് ദിവസ യുദ്ധത്തോടെ ഇസ്രയേല്‍ ഗോലാന്‍കുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷം ചരിത്രത്തിന്റെ ഭാഗമാണ്. സിറിയയുമായി പ്രശ്‌നങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് സിറിയയിലെ ഇറാന്‍ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ മിസൈല്‍വിട്ടത് വലിയ സംഘര്‍ഷത്തിന് സാധ്യത തെളിയിച്ചിരുന്നു. സിറിയക്കുവേണ്ടി റഷ്യയും ഇറാനും അവിടെ ഇടപെടുന്നത് ഇസ്രയേലിനു സുഖിച്ചിരുന്നില്ല. പ്രത്യേകിച്ചും ഇറാന്റെ ഇടപെടല്‍. ഇറാന്‍ അവിടെ ആയുധംശേഖരിക്കുന്നുവെന്നും അത് തങ്ങള്‍ക്കു പ്രശ്‌നമാകും എന്നതിന്റെ പേരിലുള്ള ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.

തുടര്‍ന്ന് സിറിയയുടെ കൈയ്യബദ്ധത്തില്‍ അവിടെത്തന്നെ ഒരു റഷ്യന്‍ സൈനിക വിമാനം തകരുകയും പതിനഞ്ചോളം സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനുത്തരവാദികള്‍ ഇസ്രയേലാണെന്നും ഫലം അനുഭവിക്കുമെന്നുവരെ റഷ്യ പറയുകയുണ്ടായി. ഇത് പുതിയൊരു യുദ്ധത്തിലേക്കുവരെ നയിക്കപ്പെടാമെന്നുവരെ ലോകം ഭയന്നിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ വലിയൊരു സമാധാന ശ്രമം ഈ രാജ്യങ്ങള്‍വഴിതന്നെ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ താല്‍ക്കാലികമാകാം ഈ സമാധാനം എന്നു തോന്നാമെങ്കിലും അതും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നാമ്പായിക്കൂടെന്നില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.