വിശാഖപട്ടണം: ബാറ്റിങ്ങ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡുകള്‍ തകര്‍ക്കുന്നത് പതിവാക്കിയ വിരാട് കോഹ്ലി ഇന്നലെ സച്ചിന്റെ മറ്റൊരു റെക്കോഡു കൂടി മായ്ച്ചുകളഞ്ഞു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് നേടുന്ന ബാറ്റ്സ്മനായി ഇന്ത്യന്‍ നായകന്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വ്യക്തിഗത സ്കോര്‍ 81 റണ്‍സിലെത്തിയതോടെയാണ് കോഹ് ലി സച്ചിനെ മറികടന്ന് റെക്കോഡ് പുസ്തകത്തില്‍ കയറിയത്. 205 ഇന്നിങ്ങ്സിലാണ് കോഹ്ലി പതിനായിരം തികച്ചത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ 259 ഇന്നിങ്ങ്സിലാണ് പതിനായിരം റണ്‍സ് നേടിയത്. സച്ചിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ മുന്‍ നായകന് സൗരവ് ഗാംഗുലിയും ഒരു സ്ഥാനം പിന്നോട്ടുപോയി. ഗാംഗുലി 263 ഇന്നിങ്ങ്സിലാണ് പതിനായിരം കടന്നത്.
ഏകദിനത്തില്‍ പതിനായിരം റണ്‍സ് കുറിക്കുന്ന നാലമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനും പതിമൂന്നാമത്തെ ലോക ബാറ്റ്സുമാനുമാണ് കോഹ്ലി. ഏകദിനത്തില്‍ വേഗത്തില്‍ എണ്ണായിരം റണ്‍സും ഒമ്പതിനായിരം റണ്‍സും കുറിച്ച ബാറ്റ്സ്മാനെന്ന റെക്കോഡും കോഹ്ലിക്ക് സ്വന്തമാണ്.
നാട്ടില്‍ ഏറ്റവും വേഗത്തില്‍ നാലായിരം റണ്‍സ് നേടിയ ബാറ്റ്സ്മാനും കോഹ്ലി തന്നെ. സച്ചിന്റെ റെക്കോഡാണ് മറികടന്നത്. 78 ഇന്നിങ്ങ്സിലാണ് കോഹ്ലിയുടെ നേട്ടം. സച്ചിന് 92 ഇന്നിങ്ങ്സിലാണ് നാട്ടില്‍ നാലായിരം റണ്‍സ് കുറിച്ചത്. 157 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ് ലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സും നേടി.
ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനാണ് കോഹ് ലി. 11 ഇന്നിങ്ങ്സിലായി 1046 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ബെയര്‍സ്റ്റോയാണ് ഈ വര്‍ഷം ആയിരം റണ്‍സ് കടന്ന രണ്ടാമത്തെ ബാറ്റ്സ്മാന്. 22 ഇന്നിങ്ങ്സിലായി ബെയര്‍സ്റ്റോ 1025 റണ്‍സ് നേടിയിട്ടുണ്ട്്.
സച്ചിനും കോഹ് ലിക്കും പുറമെ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയും നാട്ടില്‍ നാലായിരം റണ്‍സ് നേടിയിട്ടുണ്ട്. 99 ഇന്നിങ്ങ്സിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: