ഇടുക്കിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കുമളിയില്‍ വാഹനങ്ങള്‍ തടഞ്ഞു

Thursday 22 November 2012 11:42 am IST

കുമളി: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ്‌ മണി മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കപ്പുറം അക്രമങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമളിയില്‍ തമിഴ്‌നാട്‌ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങള്‍ രാവിലെ ഏഴ്‌ മണിയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. എന്നാല്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടില്ല. ശബരിമല തീര്‍ഥാടകരെ തടയില്ലെന്ന്‌ ഇന്നലെ തന്നെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. മണിയുടെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ്‌ ഇന്നലെ രാത്രി ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ ബ്രാഞ്ച്‌ കമ്മറ്റികള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി നാല്‌ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. അതേസമയം ഹര്‍ത്താലില്‍ നിന്നും സി.പി.ഐ വിട്ടു നില്‍ക്കുകയാണ്. നിയമം നിയമത്തിന്റെ വഴിയാണെന്നും കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കാനാവില്ലെന്നും സി.പി.ഐ ജില്ല സെക്രട്ടറി നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.