എം‌എല്‍‌എമാരെ അയോഗ്യരാക്കിയ നടപടി നിലനില്‍ക്കും

Thursday 25 October 2018 10:53 am IST
എടപ്പാടി.കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.

ചെന്നൈ: എഐഎഡിഎംകെയിലെ 18 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. മുഖ്യമന്ത്രി ഇ.കെ. പളനി സ്വാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും ആശ്വാസകരമാണ് കോടതി വിധി. ശശികലയുടെ അനന്തരവന്‍ ദിനകരനെ അനുകൂലിക്കുന്ന എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്.

മുഖ്യമന്ത്രി പളനിസ്വാമിയില്‍ അവിശ്വാസം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ (കൂറുമാറ്റ നിരോധനം) പ്രകാരം സ്പീക്കര്‍ പതിനെട്ടു പേരെയും അയോഗ്യരാക്കിയത്. തുടര്‍ന്ന് സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ദിനകരനും കൂട്ടരും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി  ഇവരുടെ മണ്ഡലങ്ങള്‍ ഒഴിഞ്ഞതായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കുകയും ചെയ്തിരുന്നു.

കേസില്‍ വാദം കേട്ട കോടതി സ്പീക്കറുടെ നടപടി ശരിവയ്ക്കുകയായിരുന്നു. 234 അംഗ നിയമസഭയില്‍ കരുണാനിധി മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവടക്കം രണ്ട് ഒഴിവുകളുണ്ട്. അതിനാല്‍ അംഗനില 232. പതിനെട്ടു പേരെ അയോഗ്യരാക്കിയതോടെ അംഗനില 214. എഐഎഡിഎംകെയ്ക്ക് സ്പീക്കര്‍ അടക്കം 116 എംഎല്‍എമാരും പ്രതിപക്ഷത്ത് 98 എംഎല്‍എമാരുമുണ്ട്. 

കേസില്‍ നേരത്തെ രണ്ടംഗ ബെഞ്ചില്‍ ഭിന്ന വിധിയുണ്ടായി. തുടര്‍ന്ന് സുപ്രീംകോടതി മൂന്നാമതൊരു ജഡ്ജിയെ കേസ് ഏല്‍പിക്കുകയായിരുന്നു. അങ്ങനെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എം. സത്യനാരായണനാണ് 18 പേരെയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ചത്.

ഇനി വിശ്വാസ വോട്ട് തേടേണ്ടിവന്നാലും 107 വോട്ട് മതി ഭൂരിപക്ഷത്തിന്. കോടതി വിധിയെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെയും സ്പീക്കറും  സ്വാഗതം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.