ജയിക്കണോ ഈ വിപ്ലവം?

Friday 26 October 2018 3:53 am IST
കമ്യൂണിസ്റ്റ് പാര്‍ട്ടി കല്‍വിഗ്രഹങ്ങളാക്കി മാറ്റിയ അടിസ്ഥാന വര്‍ഗത്തിന്റെ ചുറ്റും അവര്‍ കൊട്ടിപ്പാട്ടും സേവയും നടത്തുമ്പോള്‍ ആദ്യം രണ്ട് പേരാണുണ്ടായത്; ഇഎംഎസ്സും എകെജിയും. എകെജി അത്യാവശ്യം മനുഷ്യപ്പറ്റുള്ളവനായും ഇഎംഎസ് കഠോര ഹൃദയനായും രംഗ പ്രവേശം ചെയ്തു. ഈഎംഎസ് വെടിവയ്ക്കാനുത്തരവിട്ടാല്‍ എകെജിയ്ക്ക് സങ്കടമായി എന്ന് വാര്‍ത്ത പുറത്ത് വരാന്‍ ഈ കളിയില്‍ പ്രത്യേകം ശ്രദ്ധിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി കല്‍വിഗ്രഹങ്ങളാക്കി മാറ്റിയ അടിസ്ഥാന വര്‍ഗത്തിന്റെ ചുറ്റും അവര്‍ കൊട്ടിപ്പാട്ടും സേവയും നടത്തുമ്പോള്‍ ആദ്യം രണ്ട് പേരാണുണ്ടായത്; ഇഎംഎസ്സും എകെജിയും. എകെജി അത്യാവശ്യം മനുഷ്യപ്പറ്റുള്ളവനായും ഇഎംഎസ് കഠോര ഹൃദയനായും രംഗ പ്രവേശം ചെയ്തു. ഈഎംഎസ് വെടിവയ്ക്കാനുത്തരവിട്ടാല്‍ എകെജിയ്ക്ക് സങ്കടമായി എന്ന് വാര്‍ത്ത പുറത്ത് വരാന്‍ ഈ കളിയില്‍ പ്രത്യേകം ശ്രദ്ധിച്ചു.

മലബാറില്‍ കുറേ ഹിന്ദുക്കളെ കൊന്ന് ജിഹാദ് നടത്തിയതിന്റെ വിപ്ലവ വഴികള്‍ ആദ്യം കണ്ടുപിടിച്ചത് ഇതേ എകെജി ആയിരുന്നു.  ആന്ധ്രയില്‍ വിപ്ലവം നടത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് കേരള സര്‍ക്കാരിന്റെ പണം വഴിതിരിച്ചപ്പോഴും വിമോചന സമരത്തിന്റെ പേരില്‍ ഒരു പാട് പാവപ്പെട്ട കൂലിപ്പണിക്കാരെയും മൂക്കുവരേയും തൊഴിലാളികളെയുമൊക്കെ വെടിവെച്ചും കുത്തിയും കൊന്നപ്പോഴും എ.കെ. ഗോപാലന്‍ അതിന്റെ കറയൊന്നും വീഴാതെ കോഫീ ബോര്‍ഡ് രക്ഷിച്ച് കോഫീ ഹൗസുകള്‍ ഉണ്ടാക്കിയ തൊഴിലാളി പ്രേമിയായി. ഇഎംഎസും എകെജിയും തമ്മില്‍ വഴക്കാണെന്നും ഇഎംഎസിന്റെ ദുര്‍ഭരണത്തെ നിശിതമായി വെറുക്കുന്ന ആദര്‍ശവാനാണ് എകെജി എന്നും പാണന്മാര്‍ പാടി. 

കളി തുടര്‍ന്നു. എകെജിയുടെ കാലം കഴിഞ്ഞ് ഈ കളി ഇഎംഎസും നായനാരും തമ്മിലായി. അപ്പോഴേക്ക് ഇഎംഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ട് 'മഹാനായി.' പാര്‍ട്ടിദേശീയ സെക്രട്ടറിയായി. ദേശീയ രാഷ്ട്രീയത്തില്‍ വമ്പന്‍ അഭിപ്രായം ഒക്കെ പറയാന്‍ തുടങ്ങി. സ്റ്റാലിന്റെയും മാവോയുടേയും മഹത്വം പാടി ഭാരത 'ജനാധിപത്യ'ത്തിനെ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. സ്വത്ത് പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത നിസ്വനെന്ന് പാണന്മാര്‍ പാടാന്‍ തുടങ്ങിയിരുന്നു. 

നായനാര്‍ എന്ന കണ്ണൂരെ ഗൂണ്ടാ നേതാവിന്റെ, അന്നത്തെ കേരളാ പാര്‍ട്ടി സെക്രട്രറിയുടെ, അഴിഞ്ഞാട്ടം നിയന്ത്രിയ്ക്കുന്ന മഹാനായ ജനാധിപത്യവാദിയായി ഇഎംഎസ്‌നെ അക്കാലത്ത് കമ്യൂണിസ്റ്റുകളുടെ കടുത്ത എതിരാളി 'മനോരമ'പോലും വാഴ്ത്തി. ഇഎംഎസ് എഴുതിയതൊക്കെ വായിച്ചപ്പോള്‍ ഇത്ര ജനാധിപത്യ ബോധമുളള പാര്‍ട്ടിയെ ആണല്ലോ സംശയിച്ചത് എന്ന് സങ്കടപ്പെട്ട് ജനം  അരിവാള്‍ ചുറ്റികയില്‍ത്തന്നെ ആഞ്ഞ് കുത്തി.

ഇഎംഎസ് മുഖ്യധാരാ രാഷ്ട്രീയം വിട്ട എണ്‍പതുകളുടെ അവസാനം. നായനാര്‍ പതിയെ വേറൊരു മുഖം സ്വീകരിച്ചു. ദുര്‍ഭരണം നടത്തുന്ന,  കൊലപാതകം പ്രോത്സാഹിപ്പിക്കുന്ന ദുഷ്ടനായ പാര്‍ട്ടി സെക്രട്ടറിക്കു, പകരം തമാശക്കാരനും രഹസ്യമായി പാര്‍ട്ടിയിലെ കൊള്ളരുതായ്മകളെ എതിര്‍ക്കുന്ന 'മഹാനും' ആയി നായനാര്‍ മാറി. സിനിമകളില്‍ സുരേഷ് ഗോപിയുടെ ക്ഷുഭിത യൗവനത്തെ, 'അലവലാതിയായ തൊഴിലാളി പശ്ചാത്തലമുള്ള' കൊല്ലം തുളസി, രാജന്‍. പി. ദേവ് ടൈപ്പ് നേതാക്കളില്‍ നിന്ന് രക്ഷിക്കുന്ന മഹാനായ മുഖ്യമന്ത്രി എന്ന കാരണവര്‍ ആയി ജനാര്‍ദ്ദനന്‍ ഒക്കെ നായനാരെ അഭിനയിച്ചു തകര്‍ത്തു. കേബിള്‍ ടിവി തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയില്‍ നായനാര്‍ സിനിമാലയെക്കാള്‍ ആള്‍ക്കാരെ ചിരിപ്പിക്കുന്ന നിഷ്‌കളങ്കനും സരസനുമായി. 'ചത്തത് എബിവിപിക്കാരല്ലേ അതിന് അനക്കെന്താ?'  എന്നൊക്കെയുള്ള സരസവാണികള്‍ ആ സമയത്ത് കേരളത്തിന്റെ ഇടത് മനസിനെ കുടുകുടാ ചിരിപ്പിച്ചു.

വില്ലന്‍ വേണ്ടേ? വന്നു, പുതിയ താരോദയം-വി.എസ്.  അച്യുതാനന്ദന്‍. വീണ്ടും അതേ ക്രൂരനായ പാര്‍ട്ടി സെക്രട്രറി, മഹാനായ മുഖ്യമന്ത്രി കളി. വികസനം വിരോധിക്കുന്ന അച്യുതാനന്ദന്‍. വെട്ടി നിരത്തുന്ന അച്യുതാനന്ദന്‍, ഒരു വികസനവും നടത്താന്‍ സമ്മതിക്കാത്ത അച്യുതാനന്ദന്‍... 

അന്നത്തെ പത്രങ്ങളിലെല്ലാം നായനാര്‍-വിഎസ് ഗ്രൂപ്പിസവും വഴക്കും സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച് ജനം മടുത്തു. അച്യുതാനന്ദനെ സഹിയ്ക്കാനാവാതെ മഹാത്മാവായ നായനാര്‍ നീറിപ്പുകയുന്നു. എന്നായിരുന്നു കാതല്‍. അങ്ങനെ ഇഎംഎസ്  പോയപോലെ നായനാരും പാര്‍ട്ടി നല്‍കിയ ഫ്‌ലാറ്റിലേക്ക് തന്റെ പുസ്തകങ്ങളുമായി ജീവിതം പറിച്ച് നടുന്ന റിട്ടയര്‍മെന്റ് വാര്‍ത്തയില്‍, കണ്ണുനീര്‍ പൊടിഞ്ഞ് മലയാളി പേജ് മറിച്ചപ്പോള്‍ വേറൊരു വികസന നായകനെ വേഷം കെട്ടിച്ച് നിര്‍ത്തിയിരുന്നു. 

ക്രൂരനായ പാര്‍ട്ടി സെക്രട്ടറി അച്യുതാനന്ദന്‍ വേഗം പ്രിയങ്കരനായ വിഎസ് ആകുന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം, അക്രമം അനുവദിയ്ക്കില്ലെന്ന വിളംബരം. വികസനത്തിന് പുതിയ വ്യാഖ്യാനം. വിഎസ് പാര്‍ട്ടിയില്‍ മുത്തായി. കേരളീയന്റെ 'ചങ്കാ'യി. സുരേഷ് ഗോപിയുടെ ഐജിയെ ഒക്കെ രഹസ്യ ഫയലുകള്‍ നല്‍കി സഹായിക്കുന്ന മുഖ്യ മന്ത്രിയായി ജനാര്‍ദ്ദനനിലൂടെ വിഎസിന് ജനം കൈയടിച്ചു. 

വില്ലന്‍ വന്നില്ലേ? വന്നല്ലോ. പിണറായി വിജയന്‍ എന്ന കടുംവെട്ട് മൂഖമുള്ള വില്ലനെത്തി. കല്‍മഴുവാല്‍ കവിതയെഴുതുന്ന കണ്ണുരെ ക്രൂരനായ, ശക്തനായ സെക്രടറി വിജയന്‍. വിഎസ്-പിണറായി വിജയം ആട്ടക്കഥ പഴയ നായനാര്‍ -അച്യുതാനന്ദന്‍ കഥയേക്കാള്‍ പത്രമുത്തശ്ശിമാര്‍ കൊഴുപ്പിച്ചു. ഒപ്പം പുതിയ ദൃശ്യ മാദ്ധ്യമ തരുണന്‍മാരും. 

പിണറായി 'കുലം കുത്തി'യവരെ മഹാനായ വിഎസ് പോയി ആശ്ലേഷിച്ച് അവരുടെ നിലവിളിക്കൊപ്പം ചുണ്ട് വക്രിച്ച് നില്‍ക്കുന്ന ജുഗുപ്‌സാരംഗം കണ്ട്, പൊട്ടന്മാര്‍ വീണ്ടും കരഞ്ഞു. നൂറിനടുപ്പിച്ച് നില്‍ക്കുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചെയ്തു. 

അടുത്ത ദൃശ്യത്തില്‍ നമ്മള്‍ കാണുന്നത് വികസന നായകനായ പിണറായി മുഖ്യമന്ത്രിയെയാണ്. സിനിമാക്കാരികളുടെ പ്രിയങ്കരനായ വിജയനങ്കിള്‍. അന്‍പുക്ക് നന്‍പന്‍. കല്‍മഴുവുക്ക് കവിതൈ. കാലിക്ക് ഗോപാലന്‍, കമലുക്ക് ഹാസന്‍, മോദിക്ക് തോഴര്‍, ഫാസിസഞെരിപ്പോര്‍. ഈ നായകന്‍ വില്ലനാണ് പാര്‍ട്ടി ഒന്നടങ്കം എന്നാണിപ്പോള്‍ പാര്‍ട്ടിയുടെ പ്രചാരണം. പിണറായി ഒറ്റയാന്‍, പാര്‍ട്ടിക്ക് അത്ര താല്‍പര്യമില്ല, എതിര്‍പക്ഷത്ത്. എന്നിട്ടും കേരളം രക്ഷിക്കാന്‍ മുന്നോട്ട്. പുതിയ തന്ത്രമാണിത്. എല്ലാ വില്ലന്‍മാരുടേയും ഉദ്ദേശം ഒന്നു തന്നെയാണ്.  നായകനെ മഹത്വപ്പെടുത്തല്‍- പാര്‍ട്ടിനേട്ടത്തിനു പോലും ഒരു സാങ്കേതിക എതിരാളിയെ വെച്ചുപൊറുപ്പിക്കാത്ത ഏകാധിപത്യ മനസാണ് യഥാര്‍ഥ കാരണമെങ്കിലും.

'മാക്കിയവല്ലി'യുടെ പ്രശസ്തമായ 'ദ പ്രിന്‍സ്' എന്ന രാഷ്ട്രതന്ത്ര ഗ്രന്ഥത്തില്‍ പ്രിന്‍സിനു വേണ്ട വലിയ കാര്യം പറയുന്നുണ്ട്. തന്റെ ദോഷങ്ങള്‍ ഏറ്റെടുക്കാന്‍, താന്‍ ചെയ്യുന്ന ക്രൂരതകള്‍ ഏറ്റെടുക്കാന്‍ ഒരു വിശ്വസ്തന്‍. ഇവരു തമ്മില്‍ പുറമേ വലിയ വഴക്കായിരിയ്ക്കണം. ഈ വഴക്ക് എങ്ങനെ വേണം എന്ന് നമ്മുടെ അപ്പൂപ്പന്‍മാര്‍ ഒരു നാടോടിക്കഥയായി പറയുന്നുണ്ട്.  നമ്മള്‍ കൊപ്ര എണ്ണയാക്കാന്‍ ചെല്ലുന്നു. ചക്കാലന്‍ ചക്കിലിട്ട് അട്ടുന്നു. എണ്ണ മുനിഞ്ഞിറങ്ങുന്ന നേരം ചക്കാലത്തി വന്ന് ഭര്‍ത്താവിനെ പ്രകോപിപ്പിക്കും. പുലഭ്യം പറഞ്ഞ് ചക്കാലന്‍ അകത്തേയ്ക്കു പോകും. അകത്ത്  ചക്കാലത്തിയുടെ നിലവിളി. അയാള്‍ ദേഷ്യപ്പെട്ട് ഇറങ്ങി വരും. പലവട്ടം ഇതൊക്കെ അവര്‍ത്തിക്കും. 

നമ്മള്‍ ഇവരുടെ ദാമ്പത്യ വഴക്കില്‍ പെട്ടല്ലോ എന്ന് ജാള്യപ്പെടും. ഓരോ തവണ ഭാര്യയെ ഇടിയ്ക്കാന്‍ പോകുമ്പോഴും ചക്കാലന്‍ തന്റെ തോര്‍ത്ത് ചക്കിലെ എണ്ണയില്‍ മുക്കും.  ചക്കാലത്തി കരച്ചില്‍ അഭിനയിക്കുമ്പോള്‍അകത്ത് ചെന്ന് അത് പാത്രത്തില്‍ പിഴിഞ്ഞൊഴിക്കും. മൂന്നാല് ആവര്‍ത്തിക്കുമ്പോള്‍ നമ്മടെ എണ്ണ പകുതി അകത്തെത്തിയിട്ടുണ്ടാകും. അതാണ് 'ചക്കളത്തില്‍' പോരാട്ടം.

അവിടെ പാതി എണ്ണയും പിണ്ണാക്കുമെങ്കിലും നമുക്ക് കിട്ടും. പക്ഷേ ഇവിടെ ഈ പോരാട്ടത്തില്‍ ഇവര്‍ ചക്കിലിട്ടാട്ടുന്നത് നമ്മളെത്തന്നെയാണ്. ചെളി തെറിച്ച മുണ്ടുമായി നിന്ന്, പാഞ്ഞുപോകുന്ന കാറിന്റെ സ്പീഡിനെപ്പറ്റി അന്തം വിടുന്ന 'കൊടിയേറ്റം' ഗോപിയുടെ ആ കഥാപാത്രമായി മലയാളി എന്നും പറയുന്നു. ഹൊ എന്തൊരു സ്പീഡ്!  

ഈ വിപ്ലവം വിജയിക്കണോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.