കോടതിയെ സിപിഎം അപമാനിക്കുന്നു

Friday 26 October 2018 3:01 am IST
യുവതികള്‍ക്ക് ശബരിമലയില്‍ ചെല്ലാനും ദര്‍ശനം നടത്താനും ഉള്ള അവകാശമാണ് സുപ്രീംകോടതി വിധി വഴി നല്‍കിയിരിക്കുന്നത്. യുവതികളെ സംഘടിപ്പിച്ച് കൊണ്ടുചെല്ലാന്‍ സുപ്രീംകോടതി ആരോടും ആവശ്യപ്പെട്ടിട്ടില്ല. യുവതികള്‍ സ്വമേധയാ ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് മലകയറാനും ദര്‍ശനം നടത്താനുമുള്ള അവകാശമാണ് സുപ്രീംകോടതിവിധി പ്രകാരം ഉണ്ടാവുന്നത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഭക്തജനങ്ങള്‍ നടത്തുന്ന സമരത്തെ ആക്ഷേപിച്ചും സുപ്രീംകോടതി വിധി ഏതുവിധത്തിലും നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയും മുഖ്യമന്ത്രി മുന്നോട്ടുവന്നിരിക്കുകയാണ്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്നും പന്തളം രാജകുടുംബം, തന്ത്രി തുടങ്ങിയവര്‍ക്ക് യാതൊരു അവകാശങ്ങളും ഇല്ലായെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. സമരത്തിലേര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യമാണ്. യുവതികള്‍ക്ക് ശബരിമലയില്‍ ചെല്ലാനും ദര്‍ശനം നടത്താനും ഉള്ള അവകാശമാണ് സുപ്രീംകോടതി വിധി വഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ശബരിമലയിലേക്ക് യുവതികളെ സംഘടിപ്പിച്ച് കൊണ്ടുചെല്ലാന്‍ സുപ്രീംകോടതി ആരോടും ആവശ്യപ്പെട്ടിട്ടില്ല. യുവതികള്‍ സ്വമേധയാ ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് മലകയറാനും ദര്‍ശനം നടത്താനുമുള്ള അവകാശമാണ് സുപ്രീംകോടതിവിധി പ്രകാരം ഉണ്ടാവുന്നത്.

ഇവിടെ സുപ്രീംകോടതി വിധിയുടെ മറവില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് ഏതാനും അരാജകവാദികളെയും ഹിന്ദുക്കളല്ലാത്ത യുവതികളെയും സംഘടിപ്പിച്ച് ശബരിമലയിലെത്തിക്കുക എന്നതാണ് സിപിഎം ചെയ്യുന്നത്. ഈ യുവതികളാവട്ടെ ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കുന്ന രീതിയിലുള്ള നടപടികളാണ് എടുത്തിട്ടുള്ളത്. ഇരുമുടിക്കെട്ടിനകത്ത് ശബരിമലയിലെ ദര്‍ശനത്തിനു പോകുന്ന ഭക്തജനങ്ങള്‍ കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങള്‍ക്കു പകരം മറ്റു ചില വസ്തുക്കളാണ് കൊണ്ടുചെന്നത് എന്നത് ഭക്തജനങ്ങളുടെ വികാരത്തെയും വിശ്വാസത്തെയും മനഃപൂര്‍വം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് അവരുടേത് എന്ന് വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധി ഇത്തരം നടപടികളെ ഒരുവിധത്തിലും സാധൂകരിക്കുന്നില്ല. കോടതിവിധിയുടെ മറവില്‍ ഏതാനും യുവതികളെ സംഘടിപ്പിച്ച് ശബരിമലയിലെത്തിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം അധിക്ഷേപാര്‍ഹമാണ്. അയ്യപ്പ ഭക്തരായ യുവതികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവകാശമാണ് കോടതിവിധി നല്‍കുന്നത്. അതിനുപകരം വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് സംഘടിപ്പിച്ച് കൊണ്ടുപോകുന്ന സിപിഎം, കോടതിവിധിയുടെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സ്ത്രീകള്‍ കോടതിവിധിയില്‍ അസ്വസ്ഥരാണ്. 

കോടതിവിധിയില്‍ പരാമര്‍ശിക്കുന്നത് വിശ്വാസിയായ സ്ത്രീയെയാണ്. ക്ഷേത്രത്തിന്റെയും മൂര്‍ത്തിയുടെയും പരിശുദ്ധിയിലും ആചാരാനുഷ്ഠാനങ്ങളിലും ഭക്തിപൂര്‍ണമായ വിശ്വാസമുള്ള സ്ത്രീയുടെ പ്രവേശനമാണ് സുപ്രീംകോടതി വിധി അനുവദിക്കുന്നത്. അത്തരത്തിലുള്ള ലക്ഷാവധി സ്ത്രീകളില്‍ ഒരാള്‍പോലും ശബരിമലയിലേക്ക് പോകുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്. അവരെല്ലാം ക്ഷേത്രാചാരങ്ങളുടെ പാലനത്തില്‍ ബദ്ധശ്രദ്ധരാണ്. അവര്‍ ഭക്തജനങ്ങള്‍ നടത്തുന്ന സമരത്തില്‍ പങ്കാളികളാവുകയോ അനുകൂലിക്കുകയോ ചെയ്യുന്നു.

ക്ഷേത്രാചാരങ്ങളെ അവഹേളിക്കുകയും ഭക്തിയും വിശ്വാസവും ഇല്ലാത്തവരുമായ ഏതാനും സ്ത്രീകളെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കുന്ന സിപിഎം അവരുടെ ഹിന്ദുവിരുദ്ധമുഖം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു. സ്ത്രീത്വത്തിന്റെ മഹത്തായ സ്ഥാനത്തിന് കളങ്കം വരുത്തുന്ന ഏതാനും വികലമനസ്സുകളെയാണ് സിപിഎമ്മിന് ശബരിമലയില്‍ എത്തിക്കാന്‍ ലഭിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.  കേരളത്തിലെ നവോത്ഥാനശ്രമങ്ങളുടെ തുടര്‍ച്ചയായി സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയെ വാഴ്ത്തിയ സിപിഎമ്മിന് ആ വിധി നടപ്പാക്കാന്‍ ലഭിച്ച അനുയായികള്‍ ആരെന്ന്  പരിശോധിക്കേണ്ടതാണ്. 

ഒരു സമൂഹത്തിന്റെ നവോത്ഥാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മുന്നണിയില്‍ നില്‍ക്കുകയും ചെയ്യുക ആ സമൂഹത്തിലെ ഏറ്റവും ഉദ്ബുദ്ധരും സംസ്‌കാര സമ്പന്നരുമായിരിക്കും. ഇവിടെ അത്തരത്തിലുള്ളവരല്ല മുന്നണിയില്‍ അണിനിരന്നത് എന്നത് എന്തിന്റെ സൂചകമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.

 സുപ്രീംകോടതി വിധി നടപ്പാക്കലല്ല, മറിച്ച് അതിന്റെ മറവില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കലാണ് സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി കോടതിവിധിയെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം. കേരളത്തില്‍ ഒരു സാമുദായിക ധ്രുവീകരണത്തിനുള്ള വിഷലിപ്തമായ പ്രചാരണവും നിലപാടുമാണ് അവരുടേത്. ഇത് കോടതിവിധിയുടെ അന്തഃസത്തയെ നശിപ്പിക്കുന്നതാണ്. സുപ്രീംകോടതിവിധിയുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ഈ ശ്രമം എല്ലാവരും തിരിച്ചറിയേണ്ടതാണ്. മുഖ്യമന്ത്രി കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാല്‍ അദ്ദേഹം കോടതിവിധിയെ ദുരുപയോഗം ചെയ്യുകയാണ് എന്നതാണ് വസ്തുത. പരമോന്നത കോടതിയുടെ തീരുമാനത്തെ അതിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായി നടപ്പാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ഭാരത ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും അവര്‍ക്കുള്ള ബഹുമാനമില്ലായ്മയാണ് കാണിക്കുന്നത്.

സുപ്രീംകോടതി വിധി ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തശേഷം ആര്‍എസ്എസിനെയും ഹിന്ദു സംഘടനകളെയും കുറ്റപ്പെടുത്തുന്നത്, അതിന് പിറകിലുള്ള നീചമായ രാഷ്ട്രീയ ഉദ്ദേശ്യത്തെ വെളിവാക്കുന്നു. സാമുദായിക ധ്രുവീകരണത്തിന് ശബരിമലയിലെ സംഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സിപിഎം നടത്തുന്ന ശ്രമം അത്യന്തം അപലപനീയവും അപകടകരവുമാണ്. കേരളത്തിലെ സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്നതിനും ജനങ്ങളുടെ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നതിനും ആണ് സിപിഎമ്മിന്റെ ശ്രമം.

 ഈ കുടിലതന്ത്രം തിരിച്ചറിയാന്‍ കേരള ജനതയ്ക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. 1957-ല്‍ ശബരിമല തീവയ്പ്പ് റിപ്പോര്‍ട്ട്  പ്രസിദ്ധീകരിക്കും, കുറ്റവാളികളെ ശിക്ഷിക്കും എന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇഎംഎസ് ഗവണ്‍മെന്റ് ഹിന്ദുക്കളെ വഞ്ചിച്ചു.  ഇന്ന് ശബരിമലയിലെ ആചാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ഇടതു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ അവസാനത്തിന് കാരണമാകും. ശബരിമല ഒരു കാവ്യനീതിക്ക് കാരണമാകും എന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.