ഒറ്റ സ്‌പൈക്കുമായി മൂവര്‍ സംഘം

Friday 26 October 2018 3:04 am IST

തിരുവനന്തപുരം: മൂന്ന് കായിക താരങ്ങള്‍... ആകെ ഉള്ളത് പൊട്ടിപ്പൊളിഞ്ഞ ഒരു സ്‌പൈക്ക് (കാന്‍വാസ്).. പങ്കെടുക്കേണ്ടത് 200 മീറ്റര്‍ മുതല്‍ 3000 മീ.വരെയുള്ള ഏഴിന ഓട്ടമത്സരങ്ങളിലും. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയ പത്തനംതിട്ട വനമേഖലയിലെ ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ കായിക താരങ്ങള്‍ക്കാണ് ഈ ദുര്‍ഗതി.

 ജില്ലാ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി സല്‍മാന്‍ഖാന്‍. മത്സരിക്കുന്നത് 800, 1500, 3000 മീറ്ററുകളില്‍ . പ്ലസ്ടു വിദ്യാര്‍ഥിയായ മിഥുന്‍ മാത്തുകുട്ടി സീനിയര്‍ വിഭാഗം 200, 400 മീറ്ററിലെ ജില്ലാ താരമാണ്. പ്ലസ്ടു വിദ്യാര്‍ഥിയായ അനന്ദു ബോസ് ജൂനിയര്‍ വിഭാഗത്തിലെ 1500 മീ., 3000 മീ. എന്നിവയിലാണ് മത്സരിക്കുന്നത്. മൂവരും ജില്ലയില്‍ സ്വര്‍ണവും വെള്ളിയുമൊക്കെ നേടിയത് ഈ ഒറ്റ സ്‌പൈക്കില്‍ .സ്‌കൂളില്‍ നിന്ന് ജില്ലാ മേളയില്‍ പങ്കെടുത്ത 26 പേര്‍ക്കും ഈ സ്‌പൈക്ക് തന്നെയായിരുന്നു ശരണം.

  ഓടിത്തളര്‍ന്ന സ്‌പൈക്കിന്റെ അടിവശം മുഴുവന്‍ തകര്‍ന്നു. പുറം ചട്ടയും കീറി.  സ്‌പൈക്കിന്റെ അടിവശത്തെ ഗ്രിപ്പ് ഉറപ്പിക്കലാണ് മുവരുടെയും പ്രാധാന ജോലി. ഓരോരുത്തരുടെയും പരിശീലനം കഴിയുമ്പോള്‍ ഗ്രിപ്പ് മുറുക്കണം. ഇല്ലേല്‍ കാല്‍ വഴുതി വീഴും. 

സല്‍മാന്‍ഖാന്റെ അച്ഛന്‍ അസുഖ ബാധിതനാണ്. മറ്റുരണ്ടുപേരുടെയും രക്ഷകര്‍ത്താക്കള്‍ക്ക് കൂലിപ്പണിയാണ്.   പിടിഎയ്ക്കും ഇവരെ സഹായിക്കാനാകുന്നില്ല. ഇവര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം പോലും സ്‌കൂളിലില്ല. ചെറിയ ഗ്രൗണ്ടില്‍ വെറും കാലില്‍ ഓടിയാണ് പരിശീലിച്ചത്. 

രണ്ട് വര്‍ഷം മുമ്പ്  കെ.എസ്  രഞ്ജിത്ത് കായിക അധ്യാപകനായി എത്തുന്നതോടെയാണ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന കായിക മേളയില്‍ നാലുപേര്‍ പങ്കെടുത്തു. ജാവിലിന്‍ ത്രോയില്‍  നാലാം സ്ഥാനം കിട്ടി. അവര്‍ക്കായാണ് അന്ന് സ്‌പൈക്ക് വാങ്ങിയത്. 

കുട്ടികളുടെ ദുരവസ്ഥ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും കായിക വകുപ്പ് അധികൃതരെയുമൊക്കെ അറിയിച്ചതാണ്. പക്ഷെ വനവാസി സ്‌കൂളിലെ കായിക താരങ്ങളുടെ വേദന ആരും ചെവിക്കൊണ്ടില്ല. 

 മിന്നുന്ന സ്‌പൈക്കും ജഴ്‌സിയുമുള്ള  താരങ്ങള്‍ക്കൊപ്പം കീറിപ്പറിഞ്ഞ സ്‌പൈക്കുമായി ഇവരും ഇന്ന് ട്രാക്കില്‍ ഇറങ്ങും. സ്‌പൈക്കിന് കേടുപറ്റരുതേ എന്ന പ്രാര്‍ത്ഥനയോടെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.