പാര്‍വതീ വിവാഹവും രതിയുടെ ശാപമോക്ഷവും

Saturday 27 October 2018 2:15 am IST

ശിവപാര്‍വതീ വിവാഹത്തിന് മണ്ഡപത്തില്‍ പൂജകള്‍ക്ക് മുഖ്യപുരോഹിതന്‍ ആരെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ശങ്ക. കുറുമുനിയായ അഗസ്ത്യനെയാണ് ഇക്കാര്യത്തില്‍ മഹര്‍ഷിമാര്‍പോലും പ്രതീക്ഷിച്ചത്. എന്നാല്‍ അഗസ്ത്യ മഹര്‍ഷി പ്രകൃതിക്ഷോഭമടക്കാന്‍ മലയാളക്കരയിലേക്കു പോയിരിക്കുകയാണ്. ഇനി ആര്?

ബ്രഹ്മദേവന്‍ ശ്രീപരമേശ്വരന്റെ മുഖത്തേക്കു നോക്കി. കാര്യം മനസ്സിലാക്കിയ ശിവന്‍ ആംഗ്യംകൊണ്ട് അനുവാദം നല്‍കി. മഹാവിഷ്ണുവിന്റെ നേര്‍ക്കു നോക്കിയ ബ്രഹ്മദേവന് തൂമന്ദഹാസത്താലായിരുന്നു മറുപടി. ഈ സമയം പ്രശ്‌നപരിഹാരത്തിന് ഹിമവാന്‍ ബ്രഹ്മനിര്‍ദ്ദേശത്തിനായി മൗനമായി അപേക്ഷിക്കുകയായിരുന്നു.

ബ്രഹ്മദേവന്‍ മണ്ഡപത്തിലേക്കു കയറി.വിവാഹകര്‍മത്തിന്റെ മുഖ്യ പൗരോഹിത്യം സ്വയം ഏറ്റെടുത്തു.വിഘ്‌നേശ പൂജയ്ക്കായി പീഠമൊരുക്കി. എന്നാല്‍ മൂര്‍ത്തിയെ ആവാഹിക്കാന്‍ ഭാവിച്ചതേയുള്ളൂ. ഒരാള്‍ ആ പീഠത്തില്‍ കയറിയിരിപ്പായി. ആവാഹിക്കാതെ തന്നെ വിഘ്‌നേശ്വരന്‍ അവിടെ ഇരിപ്പുറപ്പിച്ചു. (മൂലഗണപതിഭാവം)

വാദ്യവും സംഗീതവുമെല്ലാം സാക്ഷാല്‍ സ്വരരാഗരൂപിണിയുടെ വക. അപ്‌സരസ്സുകള്‍ നൃത്തംവച്ചു. മറ്റു ദേവതകള്‍ പുഷ്പവൃഷ്ടിയ്‌ക്കൊരുങ്ങിനിന്നു. ഹിമവാന്‍ ശ്രീപരമേശ്വരന് കന്യാദാനം നല്‍കുന്ന മുഹൂര്‍ത്തവും കാത്തുനില്‍ക്കുകയായിരുന്നു അവര്‍.

മംഗളവാദ്യസ്വരങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ദിവ്യവും ശുഭവുമായ മുഹൂര്‍ത്തത്തില്‍ വിവാഹച്ചടങ്ങുകള്‍ അരങ്ങേറി. പാര്‍വതീ വിവാഹം ഭംഗിയായിത്തന്നെ നടന്നു.

ഒട്ടും സമയം കളയാതെ അവസരം മുതലാക്കാന്‍ തയ്യാറായി നിന്ന രതീദേവി ശിവപാദത്തില്‍ വീണു നമസ്‌കരിച്ചു. തന്റെ കണവനെ തിരിച്ചുനല്‍കണമെന്ന് വരദാഹിയായി അവള്‍ നവവരന്റെ പാദത്തില്‍ വീണപേക്ഷിച്ചു. ഇതുകണ്ട് ശിവന്‍ ഒരു നിമിഷം വിഷ്ണുദേവന്റെ നേര്‍ക്കുനോക്കി മന്ദഹാസത്തോടെ വിഷ്ണു മുഖംതിരിച്ചുനിന്നു.

എല്ലാം മഹാവിഷ്ണുവിന്റെ ലീലാവിലാസമെന്നറിയുന്ന ശ്രീപരമേശ്വരന്‍ രതീദേവിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് അനുഗ്രഹിച്ചു. നിന്റെ മാരന്‍ ഇന്നുമുതല്‍ നിനക്കുമാത്രം പ്രത്യക്ഷനാകും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ ആ കാമന്‍ അനംഗന്‍ തന്നെയായിരിക്കും.

അപ്പോള്‍ തനിക്ക് തന്റെ കാമനെ എന്നാണ് പൂര്‍ണമായി ലഭിക്കുക എന്നറിയാന്‍ രതിദേവി ആകാംക്ഷകൊണ്ടു.ഭഗവാന്‍ വിഷ്ണുവിന്റെ ശ്രീകൃഷ്ണാവതാരക്കാലത്ത് പൂര്‍ണമായിത്തന്നെ കാമദേവനെ ലഭിക്കുമെന്ന് ശ്രീപരമേശ്വരന്‍ രതീദേവിയെ അനുഗ്രഹിച്ചു.

ശ്രീപരമേശ്വരന്‍ കാമവൈരിയാണ്. കാമേശ്വരനുമാണ്. ഈ കാമേശ്വരന്‍ പാര്‍വതീദേവിയുടെ കഴുത്തില്‍ കെട്ടിയ മാംഗല്യസൂത്രമാണ്. രതീദേവിക്ക് മാംഗല്യം തിരിച്ചുകിട്ടിയത് ദേവിയുടെ മാംഗല്യത്തിന്റെ ബലത്തിലാണ്.

ശ്രീലളിതാസഹസ്രനാമത്തില്‍ ''കാമേശബദ്ധമാംഗല്യ സൂത്രശോഭിത കന്ധരാ'' എന്ന് ഒരു വരിയുണ്ട്. കാമേശ്വരന്‍ കെട്ടിയ മാംഗല്യസൂത്രംകൊണ്ട് ശോഭ വര്‍ധിച്ച കഴുത്തോടുകൂടിയവര്‍ എന്ന് സാരം. ആ മാംഗല്യം തന്നെ രതിദേവിക്കും തുണയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.