മാര്‍ക്സിസ്റ്റ് കാലത്തെ മാധ്യമ വിശേഷങ്ങള്‍

Saturday 27 October 2018 5:21 am IST
ശബരിമലയില്‍ നടയടക്കുന്ന ദിവസം യാതൊരു പ്രകോപനവുമില്ലാതെ ജനം ടിവി ഒഴികെയുള്ള മാധ്യമങ്ങളെല്ലാം സന്നിധാനത്തു നിന്ന് മലയിറങ്ങി. അത് പോലീസുമായി ചേര്‍ന്നുള്ള ഗൂഢ അജണ്ടയുടെ ഭാഗമായിരുന്നു. അത്തരം ഗൂഢശ്രമങ്ങളെയെല്ലാം അയ്യപ്പ വിശ്വാസികള്‍ എതിര്‍ത്തു തോല്പിച്ചു. എന്നാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് സന്നിധാനത്തു നിന്ന് പിന്‍വാങ്ങിയതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഭാഷ്യം.

''ആയിരം ബയണറ്റുകളെക്കാള്‍ അധികം ഭയക്കേണ്ടത് എതിര്‍പക്ഷത്തുനില്‍ക്കുന്ന മൂന്ന് പത്രങ്ങളെയാണ്'' എന്ന് പറഞ്ഞത് നെപ്പോളിയനാണ്. പുരോഗമന ബോധമുള്ള സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആധുനിക ഇലക്ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന മാര്‍ഷല്‍ മക്ലുഹാന്‍ 'അണ്ടര്‍സ്റ്റാന്‍ഡിംഗ് മീഡിയ'- എന്ന തന്റെ പ്രശസ്തമായ കൃതിയില്‍ നെപ്പോളിയന്റെ വാക്കുകള്‍ കടമെടുത്ത് ഉദ്ധരിച്ചിരിക്കുന്നു. അധുനിക സമൂഹത്തില്‍ ജനങ്ങള്‍ക്കുള്ള അജണ്ടയും അവരുടെ സ്വാഭാവവും നിര്‍ണ്ണയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് പ്രവചന സ്വഭാവത്തോടെ അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയൊരു കാലം വരുമ്പോള്‍ മാധ്യമങ്ങള്‍ സത്യം തമസ്‌കരിക്കുകയും പക്ഷം ചേരുകയും ചെയ്താല്‍ വലിയ ദുരന്തങ്ങള്‍ക്കാകും അത് വഴിവെക്കുകയെന്നും മക്ലുഹാന്‍ വ്യക്തമാക്കി. 

മാധ്യമങ്ങളുടെ ശക്തി പ്രകടമാകുന്നത് അവയുടെ പ്രചരണപരതയിലൂടെയാണെന്ന നെപ്പോളിയന്റെ വാക്കുകളെ മക്ലുഹാന്‍ കൂട്ടു പിടിച്ചു. എന്നാല്‍ ''പ്രചരണത്തിന് സത്യത്തിന്റെ പിന്‍ബലം ആവശ്യമില്ല'' എന്ന് ഉദ്‌ഘോഷിച്ചതാകട്ടെ ഹിറ്റ്‌ലറുടെ പ്രചരണമന്ത്രി ഗീബല്‍സും. നമ്മുടെ മാധ്യമങ്ങള്‍ ഗീബല്‍സിനു പിറകേ പോയപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിക്കപ്പെട്ടു. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത് സത്യത്തെ കൊലചെയ്യുന്ന മാധ്യമങ്ങളുടെ കൂട്ടച്ചെയ്തികളാണ്. ജനവികാരത്തെയും വിശ്വാസങ്ങളെയും മനസ്സിലാക്കാത്ത അഭിനവ ഹിറ്റ്‌ലര്‍മാരുടെ ഗീബല്‍സുകളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ മാറി. 

മാര്‍ക്‌സിസ്റ്റ് കാലത്തെ മാധ്യമ പ്രവര്‍ത്തനം അങ്ങനെയാണ്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ, അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിനുവേണ്ടിയോ അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടും. മാധ്യമ പ്രവര്‍ത്തകരുടെ ഭൂതവും വര്‍ത്തമാനവുമെല്ലാം ചികഞ്ഞെടുത്ത് ചര്‍ച്ചയ്ക്കു വിധേയമാക്കും. മാര്‍ക്‌സിസ്റ്റ് കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. രമേശ് ചെന്നിത്തലയോ, അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയോ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ച് വെള്ളം കുടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പിണറായിയുടെ പത്രസമ്മേളനത്തില്‍ അദ്ദേഹം പറയുന്നത് കുറിച്ചെടുത്ത് പഞ്ചപുഛമടക്കി നില്‍ക്കുന്നു. പിണറായി വിജയനോട് അദ്ദേഹത്തിന് രസിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാധ്യമപ്രവര്‍ത്തകന് അവിടെ വച്ചുതന്നെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരും. അദ്ദേഹം ശകാരിക്കും. വര്‍ഗ്ഗബോധവും സംഘടനാ ബോധവും പറയുന്ന ഒരു മാധ്യമപ്രവര്‍ത്തകനും കൂടെയുണ്ടാകില്ല. 'കടക്കൂ പുറത്തെന്നും മാറില്‍ക്കാനും'- മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആക്രോശിച്ചപ്പോള്‍ ഒരുമാധ്യമപ്രവര്‍ത്തകനും പ്രതിഷേധിച്ച് കണ്ടില്ല. അവര്‍ക്ക് ഭയമാണ് പിണറായിയെ. അതല്ലെങ്കില്‍ സിപിഎമ്മിന്റെ പിണിയാളുകളാകുന്നു അവരെല്ലാം. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നവരോട് കണ്ണുരുട്ടുന്ന പിണറായി വിജയനുമുന്നില്‍ ചൂളിനില്‍ക്കുന്നതാണ് അവരുടെ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം.

മാധ്യമ മേഖലയിലേക്ക് സിപിഎം തങ്ങളുടെ ആള്‍ക്കാരെ തിരുകികയറ്റുന്നു. അവരാണ് അജണ്ട നിശ്ചയിക്കുക. പാര്‍ട്ടിക്കാരുടെയും പോലീസിന്റെയും അധികാരവര്‍ഗ്ഗത്തിന്റെയും സഹായികളായി അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയിലും അവര്‍ പ്രവര്‍ത്തിച്ചു. അവരാണ് നിലയ്ക്കലിലും പമ്പയിലും പോലീസിനു വേണ്ടി ജോലിചെയ്തത്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള ഗൂഢശ്രമത്തിനൊപ്പം ചില മാധ്യമങ്ങളും നിന്നു. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും ആക്ടിവിസ്റ്റുകളായിരുന്നു. 

വിശ്വാസികള്‍ക്കനുകൂലമായ വാര്‍ത്തകളെയെല്ലാം തമസ്‌കരിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്തളത്ത് വിശ്വാസികള്‍ പടുകൂറ്റന്‍ നാമജപയാത്ര നടത്തിയപ്പോള്‍ അതിന്റെ ഒരു ദൃശ്യവും ജനം ടിവി ഒഴികെയുള്ള ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തില്ല. പത്രങ്ങള്‍ അത് പ്രാദേശിക പേജിലെ ചെറിയ വാര്‍ത്തയാക്കി. സോഷ്യല്‍ മീഡിയ വഴിയാണ് വിശ്വാസികളിലേക്ക് ആ പ്രതിഷേധത്തിന്റെ വസ്തുതകളെത്തിയത്. മലയാളത്തിലെ ആദ്യത്തെ വാര്‍ത്താചാനലെന്നും നേരോടെ നിര്‍ഭയം വാര്‍ത്തകളെത്തിക്കുന്നെന്ന് വീമ്പിളക്കുകയും ചെയ്യുന്നവരാണ് ശബരിമലയിലെ വിശ്വാസിസമൂഹത്തെ അവഹേളിക്കാന്‍ മുന്നില്‍ നിന്നത്. പുരുഷ മാധ്യമ പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിംഗിന് അയക്കാമെന്നിരിക്കെ, അതിനു വിരുദ്ധമായി യുവതികളെ ശബരിമലയിലേക്ക് നിയോഗിച്ച് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വാര്‍ത്താമാധ്യമങ്ങള്‍ സ്വീകരിച്ചത്. വിശ്വാസികളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സമീപനമായിരുന്നു അത്. 

മലചവിട്ടാനെത്തിയ ആക്ടിവിസ്റ്റുകളായ യുവതികളുടെ ഉദ്ദേശ്യവും അവരുടെ പൂര്‍വ്വകാലവുമൊന്നും പുറത്തുപറയാന്‍  ചാനലുകള്‍ തയ്യാറായില്ല. രഹ്നാഫാത്തിമ എന്ന മുസ്ലീം ആക്ടിവിസ്റ്റിന്റെ പേര് ജനം ടിവി പുറത്തുപറയുന്നതുവരെ ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളും ബോധപൂര്‍വ്വം മറച്ചുവച്ചു. ശബരിമലയുടെ എല്ലാ പവിത്രതയും തകര്‍ക്കുക എന്ന ഗൂഢോദ്ദേശ്യമായിരുന്നു അതിനു പിന്നില്‍. തീവ്രവാദസംഘടനകളായ എന്‍ഡിഎഫിനെയും അല്‍ഖ്വായ്ദയെയും വരെ മഹത്വവത്കരിക്കുന്നവര്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിച്ചു. നിലയ്ക്കലിലും പമ്പയിലും പോലീസ് നടത്തിയ അക്രമവും നരനായാട്ടും പുറത്തുപറയാനും ദൃശ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ജനംടിവി അല്ലാതെ ഒരു മാധ്യമവും ഉണ്ടായില്ല. നിലയ്ക്കലില്‍ സമാധാനപരമായി നാമജപം നടത്തിയവരെ പോലീസ് അടിച്ചോടിച്ചപ്പോഴും ശ്രീഅയ്യപ്പന്റെ ചിത്രം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോഴും ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയേ ആയില്ല. ഇരുമുടിക്കെട്ടുമായി മലചവിട്ടാനെത്തിയ അയ്യപ്പഭക്തരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. വാഹനങ്ങള്‍ പോലീസുകാര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യങ്ങള്‍ ജനംടിവിയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് വിശ്വാസികളിലേക്കെത്തിയത്. അപ്പോഴെല്ലാം വിശ്വാസികളാണ് അക്രമം നടത്തിയതെന്ന് പ്രചരിപ്പിക്കുകയായിരുന്നു നിര്‍ഭയം എല്ലാം പറയുമെന്ന് വീമ്പിളക്കുന്ന ചാനല്‍. മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് പ്രചരിപ്പിച്ചവര്‍ തെരുവില്‍ പ്രകടനം നടത്തിയപ്പോള്‍ പോലീസുകാരുടെ തല്ലുകൊണ്ട മാധ്യമപ്രവര്‍ത്തകര്‍ അത് മനപ്പൂര്‍വ്വം മറച്ചു പിടിച്ചു.

വിശ്വാസി സമൂഹത്തിന്റെ മനസ്സില്‍ പന്തളം കൊട്ടാരത്തിനും അവിടുത്തെ സ്ഥാനീയര്‍ക്കും പവിത്രമായ സ്ഥാനമാണുള്ളത്. ശ്രീഅയ്യപ്പന്റെ പിതാവിന്റെ സ്ഥാനം. അതിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് ചാനല്‍ അവതാരകര്‍ സ്വീകരിക്കുന്നത്. തരം കിട്ടുമ്പോഴെല്ലാം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഏഷ്യാനെറ്റിന്റെ അവതാരകന്‍, പന്തളം രാജാവിനെ 'ശശിരാജാവെന്ന്'- പരിഹസിച്ച് വിളിച്ച് ആക്ഷേപിച്ചു. 

ശബരിമലയില്‍ നടയടക്കുന്ന ദിവസം യാതൊരു പ്രകോപനവുമില്ലാതെ ജനം ടിവി ഒഴികെയുള്ള മാധ്യമങ്ങളെല്ലാം സന്നിധാനത്തു നിന്ന് മലയിറങ്ങി. അത് പോലീസുമായി ചേര്‍ന്നുള്ള ഗൂഢ അജണ്ടയുടെ ഭാഗമായിരുന്നു. അത്തരം ഗൂഢശ്രമങ്ങളെയെല്ലാം അയ്യപ്പ വിശ്വാസികള്‍ എതിര്‍ത്തു തോല്പിച്ചു. എന്നാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് സന്നിധാനത്തു നിന്ന് പിന്‍വാങ്ങിയതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഭാഷ്യം. നിര്‍ഭയ മാധ്യമപ്രവര്‍ത്തകരെന്നും സ്വദേശാഭിമാനിയുടെ പിന്‍മുറക്കാരെന്നും ഊറ്റം കൊള്ളുന്ന മാധ്യമപ്രവര്‍ത്തകരുള്ള കേരളത്തിലാണ് സമാധാനമായി നാമജപം നടത്തുന്ന ഭക്തര്‍ ആക്രമിക്കുമെന്ന് ഭയന്നാണ് തങ്ങള്‍ പിന്‍വാങ്ങിയതെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. സിപിഎമ്മുകാരാല്‍ പലതവണ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും എകെജി സെന്ററിലേക്ക് ഒരു മാധ്യമ പ്രവര്‍ത്തകനും മാര്‍ച്ച് നടത്തിയിട്ടില്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം സിപിഎം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് രുചിക്കുന്ന വാര്‍ത്തകള്‍ മാത്രം ജനങ്ങളെ അറിയിക്കാനുള്ള ഗൂഢോദ്ദേശ്യമാണിത്തരം നീക്കത്തിനു പിന്നില്‍. മാധ്യമ ലോകത്തെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരിക്കുകയാണവരുടെ ലക്ഷ്യം. അതിലവര്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ അപമാനിച്ച മീശ എന്ന നോവലിനെതിരായ വികാരം കത്തിനില്‍ക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനാ ആസ്ഥാനത്തെത്തിയ മന്ത്രിയെ മീശ നോവല്‍ നല്‍കി സ്വീകരിച്ചത്. 

നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നിര്‍ഭയമായി ചെയ്യുന്നെന്നു പറയുന്നവര്‍ പലതും മൂടിവെച്ചാണ് അതു ചെയ്തുകൊണ്ടിരിക്കുന്നത്. 'മീ ടു'- ക്യാമ്പെയിന്‍ രാജ്യത്തും തരംഗമായപ്പോള്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും കേന്ദ്രസര്‍ക്കാരിലെ മന്ത്രിയുമായിരുന്ന എം.ജെ.അക്ബറും അതില്‍ ആരോപണവിധേയനായി. അദ്ദേഹം മാധ്യമ പ്രവര്‍ത്തകനായ കാലത്ത് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. അക്ബറിനെ ആക്രമിക്കുന്നതില്‍ ആരും അമാന്തം കാട്ടിയില്ല. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനുമായി തൂലിക പടവാളാക്കിയവര്‍ ഇഷ്ടക്കാരായ ചിലര്‍ 'മീ ടു'- വെളിപ്പെടുത്തലില്‍ കുടുങ്ങിയതിനെ സൗകര്യപൂര്‍വ്വം തമസ്‌കരിച്ചു. സ്വന്തം ശരീരത്തിലെ പുണ്ണ് മൂടിവച്ച്, മറ്റുള്ളവന്റെ ശരീരത്തില്‍ കുത്തി പുണ്ണുണ്ടാക്കുന്ന മാധ്യമ പ്രവര്‍ത്തനം  ഗീബല്‍സിനെപോലും ലജ്ജിപ്പിക്കുന്നതാണ്. മാര്‍ഷല്‍ മക്ലുഹാന്‍ പറഞ്ഞത് എത്രയോ ശരി. 'മാധ്യമങ്ങള്‍ സത്യം തമസ്‌കരിക്കുകയും പക്ഷം ചേരുകയും ചെയ്താല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും.'- 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.