ലോകാത്ഭുതമായി സര്‍ദാര്‍

Sunday 28 October 2018 2:32 am IST
2018 ഒക്‌ടോബര്‍ 31 ഭാരതചരിത്രത്തിന് സമ്മാനിക്കുന്നത് ഒരു ലോകാത്ഭുതമാണ്. ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന, യഥാര്‍ത്ഥ നവഭാരത ശില്‍പിയുമായ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ ഗുജറാത്തിലെ നര്‍മദാ തീരത്ത് ഉയര്‍ന്നിരിക്കുന്നു. 500-ലേറെ നാട്ടുരാജ്യങ്ങളെ സമന്വയിപ്പിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുതന്ത്രങ്ങളെ മറികടന്ന രാഷ്ട്രതന്ത്രജ്ഞന്‍. രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും. സര്‍ദാറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അതൊരു പുതുയുഗപ്പിറവിയായിരിക്കും.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ. നര്‍മ്മദാ നദീതീരത്ത് ഭാരതത്തിന്റെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ സ്മരണയ്ക്കായി 182 മീറ്ററില്‍ ഉയരുന്ന 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' ചരിത്രം സൃഷ്ടിക്കുകയാണ്. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സര്‍ദാര്‍ പട്ടേല്‍ പ്രതിമ ലോകാത്ഭുതങ്ങളില്‍ ഒന്നായി മാറുകയാണ്.

ഐക്യം, ദേശീയത, സദ്ഭരണം, സമഗ്ര വികസനം തുടങ്ങിയ സര്‍ദാര്‍ പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ ലോകത്തെ പരിചയപ്പെടുത്താനാണ് ഇത്ര ബൃഹത്തായ പ്രതിമ ഉയരുന്നതെന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റ് വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ച ഭാരതത്തെ ഛിന്നഭിന്നമാക്കി കടന്നുപോകാനുള്ള ബ്രിട്ടീഷ് തന്ത്രത്തെ മറികടന്ന ശക്തി സര്‍ദാര്‍ പട്ടേലായിരുന്നു. അദ്ദേഹത്തിനു വേണ്ടി രാജ്യത്തുയരുന്ന സ്മാരകം സമാനതകളില്ലാത്തതാവണം എന്ന തീരുമാനമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെങ്കല പ്രതിമയിലേക്ക് നയിച്ചത്.

നര്‍മ്മദാ നദിയില്‍ സധു തടത്തില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നര്‍മ്മദാ ഡാമില്‍നിന്ന് മൂന്നര കിലോമീറ്റര്‍ തെക്ക് മാറിയാണിത്. ഏകദേശം 130 ഹെക്ടര്‍ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് ജലഗതാഗതം ഉണ്ടാകും. 250 മീറ്റര്‍ നീളത്തില്‍ പാലത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ എല്‍ആന്റ്റ്റി ആണ് പട്ടേല്‍ പ്രതിമ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. വെങ്കല പ്രതിമയ്ക്കു പുറമേ മ്യൂസിയവും ഓഡിയോ വിഷ്വല്‍ ലൈബ്രറിയും ലേസര്‍-ലൈറ്റ് ഷോയും ഗവേഷണ കേന്ദ്രവും വിനോദസഞ്ചാര മേഖലയും എല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്.

ഏകദേശം 3000 കോടി രൂപയുടെ പദ്ധതിയാണ് പട്ടേല്‍ പ്രതിമ. 2014-ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 46 മാസംകൊണ്ടാണ് പൂര്‍ത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എഞ്ചിനീയര്‍മാരും നാലുവര്‍ഷത്തോളം രാപകലില്ലാതെ നടത്തിയ അധ്വാനത്തിന്റെ ഫലമാണ് പ്രതിമ. സമുദ്ര നിരപ്പില്‍ നിന്ന് 237.35 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ നിലനില്‍ക്കുന്നത്. 

സ്വതന്ത്ര ഭാരതത്തിന്റെ ഐക്യം വല്ലഭഭായ് പട്ടേലിന്റെ സംഭാവനയാണ്. രാജ്യത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വികസന മാതൃക മുന്നോട്ടുവയ്ക്കാനാണ് പട്ടേല്‍ അധികാരത്തിലിരുന്ന കാലത്ത് ശ്രമിച്ചത്. അതിനാല്‍ത്തന്നെ രാജ്യത്തെ കര്‍ഷകരില്‍നിന്ന് സമാഹരിച്ച ഉരുക്ക് ഉപയോഗിച്ചാണ് സര്‍ദാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

കര്‍ഷകര്‍ അവരുടെ കാര്‍ഷികോപകരണങ്ങളാണ് പട്ടേല്‍ പ്രതിമയുടെ നിര്‍മ്മാണത്തിനായി നല്‍കിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും അഞ്ചു ലക്ഷത്തോളം കര്‍ഷകരാണ് തങ്ങളുടെ കാര്‍ഷികോപകരണങ്ങള്‍ കൈമാറിയത്. ഇതിനുപുറമേ രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളില്‍ നിന്നുള്ള ഉരുക്ക് വസ്തുക്കളും പ്രതിമാ നിര്‍മ്മാണത്തിനായി സമാഹരിച്ചു. മൂന്നുമാസത്തോളം എടുത്തുള്ള പ്രവര്‍ത്തന ഫലമായി 5000 മെട്രിക് ടണ്‍ ഉരുക്കാണ് ശേഖരിക്കപ്പെട്ടത്. ഇതില്‍ 1856 മെട്രിക് ടണ്‍ ഉപയോഗിച്ചാണ് വെങ്കല പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മ്മദാ തീരത്ത് ഉയരുന്ന സര്‍ദാര്‍ പ്രതിമ രാജ്യത്തെ കര്‍ഷകരുടെ കൂടി പ്രതീകമാവുകയാണ്. 

സര്‍ദാറിന്റെ ശില്‍പി സുതര്‍

നര്‍മദയുടെ തീരത്ത് ഭാരതത്തിന്റെ ആകാശം ചുംബിച്ച് ഉരുക്കുമനുഷ്യന്റെ പ്രതിമ ലോകാത്ഭുതമായി ഉയര്‍ന്നുനില്‍ക്കുന്നത് കാണുന്നവരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരിക്കും. അടുത്തതാരുടെ എന്ന ചോദ്യത്തിനുത്തരമാണ് രാം വി. സുതര്‍. ഇനിമുതല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിമയുടെ ശില്‍പിയാണ് സുതര്‍.

 1925-ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച രാം വന്‍ജി സുതറിന് ശില്‍പകല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് സ്വര്‍ണമെഡലോടെ പഠിച്ചിറങ്ങിയ സുതര്‍ അജന്ത, എല്ലോറ ഗുഹകളിലെ ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1959-ല്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗം വിട്ട് ശില്‍പകലയ്ക്കായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു.

 മധ്യപ്രദേശിലെ ഗാന്ധിസാഗര്‍ അണക്കെട്ടില്‍ നിര്‍മിച്ച 45 അടി ഉയരമുള്ള ചമ്പാല്‍ സ്മാരകത്തിലൂടെയാണ് സുതര്‍ പ്രസിദ്ധനായി മാറിയത്. ചമ്പാല്‍ മാതാവ് തന്റെ രണ്ട് കുഞ്ഞുങ്ങളെയുമെടുത്ത് നില്‍ക്കുന്ന ഈ ചിത്രം മധ്യപ്രദേശ്-രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ സാഹോദര്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്.

 മഹാത്മാഗാന്ധിയുടെ അര്‍ധകായപ്രതിമയാണ് രാം സുതറിനെ ലോകപ്രശസ്തനാക്കിയത്. ജീവന്‍ തുടിക്കുന്ന ഈ പ്രതിമയടെ പകര്‍പ്പ് ഭാരതസര്‍ക്കാര്‍ ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന, റഷ്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമ്മാനിക്കുകയുണ്ടായി. ഗുജറാത്തിലെ ഗാന്ധിനഗര്‍, ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ധ്യാനനിരതനായ ഗാന്ധിജിയുടെ പ്രതിമയും സുതര്‍ നിര്‍മിച്ചതാണ്.

 അമൃതസറിലെ മഹാരാജ രഞ്ജിത്‌സിങ്, ദല്‍ഹി റാഫി മാര്‍ഗിലെ ജി.ബി. പാന്ത്, ലുധിയാനയിലെ റോസ്ഗാര്‍ഡനില്‍ സ്ഥാപിച്ചിരിക്കുന്ന ഗംഗ-യമുന ദേവതകള്‍ എന്നിവ സുതറിന്റെ കല്‍പ്പനാവൈഭവത്തിലും കരവിരുതിലും രൂപംകൊണ്ടതാണ്.

 നര്‍മദാതീരത്തെ സര്‍ദാര്‍ പട്ടേലിന്റെ ഐക്യപ്രതിമ ഉള്‍പ്പെടെ 40 വര്‍ഷത്തിനിടെ, അന്‍പതിലേറെ ലോകോത്തര ശില്‍പ-സ്മാരകങ്ങള്‍ സുതര്‍ നിര്‍മിച്ചിട്ടുണ്ട്. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഈ അതുല്യശില്‍പിയുടെ മകന്‍ അനില്‍ ആര്‍. സുതറും അറിയപ്പെടുന്ന ശില്‍പിയാണ്. കലയുടെ മാന്ത്രികത അച്ഛനില്‍നിന്ന് മകനിലേക്ക് പ്രവഹിക്കുകയാണ്.

പ്രതിമയുടെ പ്രത്യേകതകള്‍

 പ്രതിമയുടെ ഉയരം 182 മീറ്റര്‍. അതായത് 597 അടി. ന്യുയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തു പ്രതിമയുടെ നാലിരട്ടി വലുത്. 22,500 ടണ്‍ വെങ്കല പാളികള്‍ പ്രതിമാ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. മൂന്നുതലങ്ങളിലായാണ് പ്രതിമ ഉയര്‍ന്നിരിക്കുന്നത്. പ്രദര്‍ശന നില, മധ്യത്തിലുള്ള നില, മേല്‍ഭാഗം എന്നിങ്ങനെ പ്രതിമയെ തിരിച്ചിരിക്കുന്നു. പ്രതിമയുടെ ഏറ്റവും മുകളിലെ 153 മീറ്റര്‍ ഉയരത്തില്‍ ഒരേസമയം 200 പേര്‍ക്ക് നില്‍ക്കാനാവുന്ന ക്രമീകരണം ഒരുക്കിയിരിക്കുന്നു. കാഴ്ചകള്‍ കാണുന്നതിനുള്ള ഗാലറി ഇവിടെയാണ്. ഈ ഭാഗത്തേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിനായി ലിഫ്റ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

 212 കിലോമീറ്റര്‍ ദൂരത്തില്‍ പരന്നുകിടക്കുന്ന നര്‍മ്മദാ ഡാമിലെ റിസര്‍വോയറിലെ പട്ടേല്‍ പ്രതിമ ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്കുള്ള കുതിപ്പിലാണ്. ദുബായിലെ ബുര്‍ജ് ഖലീഫയുടെ പ്രോജക്ട് മാനേജര്‍മാരായിരുന്ന ടര്‍ണര്‍ കണ്‍സ്ട്രക്ഷന്‍സ് അടക്കമുള്ള വമ്പന്‍മാരാണ് പ്രതിമാ നിര്‍മ്മാണത്തില്‍ സഹകരിച്ചിരിക്കുന്നത്.  പതിനഞ്ച് മാസത്തെ ആസൂത്രണവും 40 മാസത്തെ നിര്‍മ്മാണവും രണ്ടുമാസത്തെ കൈമാറല്‍ പ്രക്രിയയും അടക്കം 56 മാസമാണ് പട്ടേല്‍ പ്രതിമയ്ക്കായി വേണ്ടിവന്നത്. 2013 ഒക്ടോബര്‍ മുപ്പത്തിയൊന്നിന് പട്ടേല്‍ ജന്മദിനത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയായിത്തീര്‍ന്ന മോദി നിര്‍വഹിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. 

 ചൈനയിലെ ഹെനനിലുള്ള 153.28 മീറ്ററുള്ള ബുദ്ധ പ്രതിമയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. 120 മീറ്റര്‍ ഉയരമുള്ള ജപ്പാനിലെ ഉഷികു ദായ്ബുസ്തു ബുദ്ധ പ്രതിമയാണ് രണ്ടാം സ്ഥാനത്ത്. പട്ടേല്‍ പ്രതിമ വരുന്നതോടെ, സമീപ ഭാവിയിലെങ്ങും ഇത്രയധികം ഉയരമുള്ള മറ്റൊരു പ്രതിമ ഉയരാന്‍ സാധ്യത കുറവാണ്. 

 വലിയ ടൂറിസം സാധ്യതയാണ് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ പ്രതിമ വഴി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിമയ്ക്ക് സമീപത്തായി ആദ്യഘട്ടമായി ത്രീ സ്റ്റാര്‍ ഹോട്ടല്‍ സംവിധാനങ്ങളും ടെന്റ് ഹൗസുകളും നിര്‍മ്മിച്ചു കഴിഞ്ഞു. പ്രതിമയ്‌ക്കൊപ്പം ഉയരുന്ന ശ്രേഷ്ഠ ഭാരത് ഭവനില്‍ നിര്‍മ്മിച്ച മ്യൂസിയത്തില്‍ പട്ടേലുമായി ബന്ധപ്പെട്ട നാല്‍പ്പതിനായിരത്തോളം രേഖകളും രണ്ടായിരത്തോളം ഫോട്ടോകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 പട്ടേലിന്റെ ജീവതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായുള്ള കേന്ദ്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നര്‍മ്മദാ നദിക്കരയിലെ ആദിവാസികളുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും വികസനം, തൊഴില്‍ സാധ്യതകളുടെ വര്‍ദ്ധനവ്, സാമൂഹ്യനിര്‍മ്മാണം, ജീവിതോപാധികളുടെ നിര്‍മ്മാണം, ഗവേഷണം, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമ ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.