അജ്ഞാതനായ അപകടകാരി

Sunday 28 October 2018 3:02 am IST

തലയെടുപ്പാണ് 'യുറേനിയം' എന്ന ലോഹത്തിന്റെ പ്രത്യേകത. റേഡിയേഷന്‍ അഥവാ വികിരണ വീര്യംകൊണ്ട് ആരെയും അടിപ്പെടുത്തുമെന്നതാണ് മികവ്. അണുബോംബ് നിര്‍മാണത്തിലെ കൂട്ടുകച്ചവടക്കാരനെന്നതാണ് പിഴവ്. പക്ഷേ ഇദ്ദേഹം  നാട്ടിലെ കുടിവെള്ളത്തില്‍ കടന്നുകയറി സിദ്ധി തെളിയിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇന്ത്യാ മഹാരാജ്യത്തിലെ 16 സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ കുടിവെള്ളത്തില്‍ യുറേനിയം അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. യുറേനിയം സാന്നിദ്ധ്യമറിയിച്ചിടത്തെല്ലാം വൃക്കരോഗങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധന കാണുന്നുവെന്നാണ് വൈദ്യലോകത്തിന്റെ വിലയിരുത്തല്‍.

പ്രസിദ്ധമായ ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ 'അജ്ഞാതനാ'യിരുന്ന ഈ 'അപകടകാരി'യുടെ സാന്നിദ്ധ്യം മണത്തറിഞ്ഞത്. സര്‍വകലാശാലയിലെ ജിയോ കെമിസ്ട്രി ആന്റ് വാട്ടര്‍ ക്വാളിറ്റി പ്രൊഫസര്‍ അവ്‌നര്‍ വെങ്കോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. 'ജേര്‍ണല്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ലെറ്റേഴ്‌സ്' എന്ന അന്താരാഷ്ട്ര ജേര്‍ണലാണ് ഇത് പുറത്തുവിട്ടത്.

ഒരു ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 30 മൈക്രോഗ്രാമില്‍ കൂടുതല്‍ യുറേനിയം പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ചട്ടങ്ങളും ഇത് ശരിവയ്ക്കുന്നു. പക്ഷേ ഇന്ത്യയിലെ കുടിവെള്ള നിലവാരം നിയന്ത്രിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(ബിസ്) പുസ്തകത്തില്‍ അത്തരമൊരു സൂചികതന്നെയില്ലെന്നാണ് ആരോപണം. അവരെ സംബന്ധിച്ചിടത്തോളം ഭൂഗര്‍ഭത്തിലെ യുറേനിയം സാന്നിധ്യം അജ്ഞാതമായിത്തന്നെ തുടരുന്നു.

രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 324 കിണറുകളാണ് പ്രൊഫ. അവ്‌നര്‍ പരിശോധിച്ചത്. രാജസ്ഥാനിലെ കിണറുകളില്‍ മൂന്നില്‍ ഒന്നിലും അദ്ദേഹം യുറേനിയത്തെ കണ്ടെത്തി. എല്ലായിടത്തും ലോകാരോഗ്യ സംഘടന  നിശ്ചയിച്ച പരിധിക്കപ്പുറം യുറേനിയം. തുടര്‍ന്നാണ് 16 സംസ്ഥാനങ്ങളിലെ ലഭ്യമായ രേഖകള്‍ വിശദമായി പരിശോധിച്ചത്. വടക്കു പടിഞ്ഞാറന്‍ ഭാരതത്തിലെ 26 ജില്ലകളില്‍ അവര്‍ യുറേനിയത്തെ കണ്ടെത്തി. ഭാഗ്യം! കേരളത്തിലെ ഒരൊറ്റ ജില്ലയിലും ഭൂഗര്‍ഭജലത്തില്‍ യുറേനിയത്തെ കണ്ടെത്തിയിട്ടില്ല.

വികിരണ സ്വഭാവമല്ല, മറിച്ച് രാസമലിനീകരണകാരിയായാണ് യുറേനിയം ലവണങ്ങള്‍ കുടിവെള്ളത്തില്‍ മറഞ്ഞിരിക്കുന്നത്. വൃക്ക രോഗങ്ങളാണ് പ്രധാന സംഭാവന. ജര്‍മ്മനിയിലെ ബവാറിയ പ്രവിശ്യയില്‍ നടന്ന പരീക്ഷണങ്ങളില്‍ യുറേനിയം മലിനീകരണവും കാന്‍സര്‍ രോഗവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കരളിനെ ബാധിക്കുന്ന രോഗങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ കുടിവെള്ളത്തിലെ യുറേനിയത്തിനു കഴിവുണ്ടത്രേ.

യുറേനിയം നിറഞ്ഞ ഗ്രാഫൈറ്റ് പാറകളെ തഴുകിയൊഴുകുന്ന ജലത്തിലും, ഭൂഗര്‍ഭത്തിലെ ഊറല്‍ പാറകളുമായി സമ്പര്‍ക്കത്തില്‍ കിടക്കുന്ന ജലത്തിലും യുറേനിയം കലരുക സ്വാഭാവികമാണത്രേ. രാസവളങ്ങളുടെ അമിത ഉപയോഗവും നൈട്രേറ്റ് മലിനീകരണവും മറ്റൊരു സാധ്യത. ഭൂഗര്‍ഭ ജലത്തില്‍ കാണാറുള്ള ബൈകാര്‍ബണേറ്റ് സംയുക്തങ്ങള്‍ യുറേനിയം ലവണങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചും മലിനീകരണം സംഭവിക്കാം. അമിതമായി ഭൂഗര്‍ഭ ജലം വലിച്ചൂറ്റുമ്പോഴും അടങ്ങിയൊതുങ്ങിക്കഴിയുന്ന യുറേനിയം ലവണങ്ങള്‍ വെള്ളത്തില്‍ കലരാം.

ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഭൂഗര്‍ഭജലത്തിലെ യുറേനിയം മാലിന്യം കണ്ടെത്താനുള്ള ഊര്‍ജിതശ്രമം ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ആരംഭിച്ചത്. അടുത്ത വര്‍ഷത്തോടെ ഒന്നേകാല്‍ലക്ഷം ഭൂഗര്‍ഭജല കിണറുകള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. കൂട്ടിന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡുമുണ്ട്. 'ബാര്‍ക്കി'ന്റെ പരിശോധന കഴിയുന്നതോടെ രാജ്യത്തെ യുറേനിയം ജലമലിനീകരണത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടുമെന്നാണ് പ്രതീക്ഷ.  അതോടെ കുടിവെള്ളത്തിലെ യുറേനിയം മാലിന്യം സംബന്ധിച്ച വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനു കഴിയും. രാജ്യവ്യാപകമായി പ്രതിരോധ ബോധവവത്കരണ പരിപാടികള്‍ നടത്താന്‍ സര്‍ക്കാരിനുമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.