വരുമോ, ഇനിയൊരു ജന്മം കൂടി

Sunday 28 October 2018 3:11 am IST

നിരായുധരായ ഒരു കൂട്ടം സാധാരണക്കാരുടെ ചോര വീണ് തുടുത്ത മണ്ണ് മാത്രമല്ല വയലാര്‍... ഒരു നാടിനെ തന്റെ പേരിലൊതുക്കി ലോകം മുഴുവനെത്തിച്ച ചേര്‍ത്തലക്കാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണ് വയലാര്‍... 

ഒന്ന് പുറകോട്ട് നടക്കാം.  രാഘവപ്പറമ്പ് കോവിലകത്തെ അംബാലിക തമ്പുരാട്ടിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷമാണ് രംഗം. അമ്മയുടെ പിറന്നാളിന് ജാതി മത വ്യത്യാസമില്ലാതെ പന്തിഭോജനം നടത്താന്‍ പുരോഗമനവാദിയായിരുന്ന മകന്‍ വയലാര്‍ രാമവര്‍മ തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല. ബ്രാഹ്മണ്യത്തിന്റെ പൂണൂലണിഞ്ഞവര്‍ രാമവര്‍മയുടെ തീരുമാനത്തിന് നേരെ മുഖം ചുളിച്ച് ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ അംബാലിക തമ്പുരാട്ടി പൂര്‍ണപിന്തുണയുമായി മകനോട് ചേര്‍ന്നു നിന്നു.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അരങ്ങുവാണ കാലത്ത് പപ്പടം പഴം പായസം വിളമ്പി സവര്‍ണ്ണനേയും അവര്‍ണനേയും ഒരുമിച്ചിരുത്തി ഊട്ടിയ രാഘവപ്പറമ്പ് കോവിലകത്തേക്ക് കയറി ചെല്ലുന്നവര്‍ എന്താവും പ്രതീക്ഷിക്കുക? ഈശ്വരനെ തള്ളിപ്പറഞ്ഞ്  കമ്യൂണിസം നെഞ്ചിലേറ്റുന്നവര്‍ക്ക് അരോചകമായ പലതും കോവിലകത്തുണ്ട്. കാല്‍പനിക ഭാവങ്ങള്‍കൊണ്ട് മലയാളകവിതയ്ക്ക് അരഞ്ഞാണം ചാര്‍ത്തിയ വയലാര്‍ രാമവര്‍മ്മയെന്ന നക്ഷത്രം ഓര്‍മയായിട്ട് ഇന്നലെ (ഒക്ടോബര്‍ 27) 43 വര്‍ഷം പിന്നിടുകയാണ്. 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരുജന്മം കൂടി'യെന്ന് പാടിയ കവിയെ അകാലത്തില്‍ മരണം കൂട്ടിക്കൊണ്ടുപോകുമ്പോഴും ജീവിച്ച് കൊതിതീര്‍ന്നിട്ടുണ്ടാകില്ല. 

ഒരു സന്ധ്യാ നേരത്താണ് രാഘവപ്പറമ്പ് കോവിലകത്തേക്ക് കയറി ചെല്ലുന്നത്. തെളിഞ്ഞു കത്തുന്ന നിലവിളക്കിന്റെ പ്രഭയില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റനില വീട്. പടിഞ്ഞാറേ തൊടിയില്‍ നൂറും പാലും കിട്ടി സംതൃപ്തരായിരിക്കുന്ന സര്‍പ്പദൈവങ്ങള്‍. നെറ്റിയില്‍ കുറിയും കറുത്ത ഫ്രെയിമിന്റെ കണ്ണടയും വെച്ച് നിറഞ്ഞ ചിരിയോടെ പുറത്തേക്ക് വന്നയാളെ കണ്ട് ഒരു നിമിഷം ഞെട്ടി. മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അനശ്വര കവി വയലാര്‍ രാമവര്‍മ മുന്നില്‍ വന്നതുപോലെ. അച്ഛന്റെ പ്രശസ്തിയുടെ ഭാരമൊട്ടുമില്ലാതെ മലയാള ഗാനരചനാ രംഗത്ത് കൈയൊപ്പ് ചാര്‍ത്തിയ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് മുന്നില്‍. 

അച്ഛന്‍ മരിക്കുമ്പോള്‍ 15 വയസാണ് ശരത്തിന് പ്രായം. അച്ഛന്റെ പേരും പെരുമയും അനുഗ്രഹം ചൊരിഞ്ഞ് കൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസത്തിലാണ് മകന്റെ യാത്ര. എത്ര ഉയരങ്ങളിലെത്തിയാലും വയലാറിന്റെ മകന്‍ എന്നതിന് അപ്പുറം മറ്റൊരു അംഗീകാരം എനിക്കു വേണ്ടെന്ന് വിനയത്തോടെ പറയുന്നയാളാണ് ശരത്ത്. സിനിമാരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിവാദങ്ങളെ നിസ്സാരമായി കാണാനാണ് ശരത്തിനിഷ്ടം.

 ''പണ്ടുകാലം മുതലേ ഉള്ള പ്രശ്‌നങ്ങളാണ് ഇതെല്ലാം. ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണെന്ന പ്രത്യേകതയുണ്ടെന്ന് മാത്രം. ഒരു പിടി സിനിമാ പ്രോജക്ടുകള്‍  കയ്യിലുണ്ടെങ്കിലും ഈയിടെ നാല് നാടകങ്ങള്‍ക്കുവേണ്ടി 28 ഗാനങ്ങള്‍ പൂര്‍ത്തിയാക്കി. ആരവം നിറഞ്ഞ അമ്പലപ്പറമ്പുകളിലേക്ക് സൗഹൃദം പങ്കിട്ടും കുശലം പറഞ്ഞും സാമൂഹ്യജീവിയായി മനുഷ്യന്‍ തിരിച്ചുനടക്കണം. മൊബൈലിന്റെ ഏഴ് ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിലേക്ക് ലോകം ചുരുങ്ങുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് തന്റെ അയല്‍ക്കാരനെ പോലും അറിയാന്‍ കഴിയുന്നില്ല.'' 

ശബരിമലയെക്കുറിച്ചുള്ള വിവാദങ്ങളിലും വ്യക്തമായ അഭിപ്രായം ശരത്തിനുണ്ട്. ''സ്ത്രീക്ക് എന്തിനാണ് തുല്യത വേണ്ടതെന്ന് മനസ്സിലാകുന്നില്ല. എന്റെ കാഴ്ചപ്പാടില്‍ അവള്‍ എന്നും പുരുഷനേക്കാള്‍ മുകളിലാണ്. അവളിലേക്കെത്താനുള്ള അലച്ചിലാണ് പുരുഷന്റെ യാത്ര. നമ്മുടെ സംസ്‌ക്കാരം തന്നെ അതല്ലേ. സംരക്ഷകന്‍ എന്നുള്ള നിലയില്‍ മാത്രമാണ് പുരുഷന്റെ സ്ഥാനം. സ്ത്രീയുടെ ക്ഷമയാണ് അവളുടെ അലങ്കാരം. സംരക്ഷിക്കപ്പെടുന്നില്ലെന്ന ബോധം ജനിച്ചതുകൊണ്ടാണ് സ്ത്രീകളുടെ സ്വഭാവത്തില്‍ ഇളക്കം തട്ടിയിരിക്കുന്നത്.

അത് പുരുഷന്റെ പോരായ്മയാണ്. 'പ്രേമിച്ച് പ്രേമിച്ച് നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും' എന്നാണ് അച്ഛന്‍ പാടിയത്. ഗോപ്യമായിരിക്കേണ്ടത് അങ്ങനെ തന്നെ ഇരിക്കുന്നതാണ് സൗന്ദര്യം. പ്രകൃതി-പുരുഷ ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക അധഃപതനം സംഭവിച്ചിട്ടുണ്ട്. കോടതി വിധിയുടെ പേരില്‍ തിരുത്തിക്കുറിക്കാന്‍ കഴിയുന്നതല്ല ആചാരങ്ങള്‍.നല്ല തിരിച്ചറിവുള്ള തലമുറയ്ക്ക് വഴികാട്ടാന്‍ ആളില്ലാത്താണ് പ്രശ്‌നം. ഓരോരുത്തര്‍ക്കും അവരവരുടെ സ്ഥാനമുണ്ട്. അതില്‍ കൈകടത്തലുകള്‍ ഇല്ലാതെ പരസ്പരം അംഗീകരിച്ചുപോകുന്നതാണ് നല്ലത്. അച്ഛന്‍ എന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ആളായിരുന്നു.

നീയിരിക്കുന്നിടം ആണ് ഈശ്വരന്‍ എന്നാണ് അദ്ദേഹം പറഞ്ഞു പഠിപ്പിച്ചത്. അച്ഛന്‍ നിരീശ്വരവാദിയായിരുന്നില്ല. ഈശ്വരനെ അടുത്തറിഞ്ഞ ആളായിരുന്നു. 56 ദിവസം വ്രതമെടുത്താണ് ഞാന്‍ ശബരിമലയില്‍ പോയത്. നീയും ഞാനും ഒന്നാകുന്നു. പക്ഷേ എന്ന് നിനക്കിത് ബോധ്യപ്പെടുന്നുവോ അന്ന് നീയിനി വന്നാല്‍ മതിയെന്ന ഉള്‍വിളിയാണ് 'തത്ത്വമസി' എന്ന വാക്ക് എനിക്ക് പകര്‍ന്നു തന്നത്. പിന്നീട് എനിക്ക് മലകയറാന്‍ കഴിഞ്ഞിട്ടില്ല. വെറും ഒരു സ്ഥലമാണെങ്കില്‍ ആര്‍ക്കും കയറാവുന്ന ഒരിടമായി ശബരിമല മാറിയേനെ.

ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. രാഘവപ്പറമ്പില്‍നിന്ന് 10 നും 50 നും ഇടയിലുള്ള ഒരു സ്ത്രീയും ശബരിമല കയറണമെന്ന് ആഗ്രഹിക്കില്ല. പ്രതിഷേധം ഉയര്‍ത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. സത്യം എത്ര മൂടിവച്ചാലും ഒരുനാള്‍ പുറത്തുവരും. സ്വാഭാവികമായിട്ടുള്ളതിനെ തടസ്സപ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് പ്രളയത്തിലൂടെ പ്രകൃതി കാണിച്ചു തന്നിട്ടുണ്ട്.''

വിപ്ലവകവിയെന്നും നിരീശ്വരവാദിയെന്നും സ്വന്തം ഇഷ്ടപ്രകാരം ചിലര്‍ വരച്ചുകാട്ടുമ്പോഴും ഉള്ളിലുറങ്ങിയ ഈശ്വരചൈതന്യത്തെ തൂലികയിലൂടെ മലയാളികളുടെ ചുണ്ടിലെത്തിക്കാന്‍ വയലാറിന് കഴിഞ്ഞു. സര്‍വ ചരാചരങ്ങളിലും കുടികൊള്ളുന്ന ദേവചൈതന്യത്തെ എത്ര അനായാസമായാണ് അദ്ദേഹം വരച്ചുകാട്ടിയത്. മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഏറ്റവും നല്ല അയ്യപ്പഭക്തിഗാനങ്ങള്‍ പിറന്നുവീണത് വയലാറിന്റെ തൂലികയില്‍ നിന്നാണ്. പൂജാമുറികളില്‍ ഭക്തിയോടെ ചൊല്ലിയ സ്വാമി അയ്യപ്പനിലെ ഗാനങ്ങള്‍ക്ക് കാലം കഴിയും തോറും ആരാധകര്‍ കൂടുകയാണ്.

 'ഭഗവാനുമൊന്നിച്ചു പമ്പയില്‍ വിരിവെച്ചു ഭജനസങ്കീര്‍ത്തനങ്ങള്‍പാടി'- ഭഗവാനും ഭക്തനും തമ്മിലുളള ബന്ധം എത്ര ഉദാത്തമായാണ് അദ്ദേഹം വരച്ചുകാട്ടിയത്. 'ഭക്തകോടി തേടിയെത്തും സന്നിധാനത്തില്‍ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി' എന്ന് പാടിയ കവിക്ക് ഒരു തവണയെങ്കിലും ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടായിക്കാണില്ലേ?

ശബരീശനെ കണ്ട് തൊഴണമെന്നും, ഇനിയും ആ മഹാ ചൈതന്യത്തെ തൂലികയില്‍ പകര്‍ത്തണമെന്നും വയലാര്‍ ആഗ്രഹിച്ചിരുന്നു. തന്റെ ഈ ആഗ്രഹം, സുഹൃത്തും സിനിമാ ചരിത്ര ഗവേഷകനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനോട് അദ്ദേഹം പറഞ്ഞിട്ടുള്ളതായി വയലാര്‍ എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 41 ദിവസം വ്രതം നോറ്റ് കൂട്ടുകാരനുമൊത്ത് മല കയറാനായിരുന്നു വയലാറിന്റെ തീരുമാനം. പക്ഷേ, വിധി അതിന് സമ്മതിച്ചില്ല. അതേ വര്‍ഷം 1975-ലെ മണ്ഡല കാലം തുടങ്ങുന്നതിന് മുന്‍പേ ആ വെള്ളിനക്ഷത്രം ഓര്‍മയായി. 

മരിച്ച് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മലയാളത്തിന്റെ പ്രിയകവിയുടെ പേരില്‍ അനുയോജ്യമായൊരു സ്മാരകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വേദനയായി അവശേഷിച്ചിരുന്നു. രാഘവപ്പറമ്പ് കോവിലകത്തിന്റെ തെക്കേ മൂലയില്‍ കവി പാടിയത് പോലെ, പണിതിട്ടും പണിതിട്ടും പണീതീരാത്ത ചന്ദ്രകളഭമെന്ന സ്മാരകം ആരാധകരുടെയും സാംസ്‌കാരിക സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമാകുകയാണ്.

വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് ആരംഭിച്ച നിര്‍മാണം, ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങുകയായിരുന്നു. തെക്കേ പറമ്പിലേക്ക് നോക്കുമ്പോള്‍ ഉണ്ടായിരുന്ന മനസ്സിന്റെ വിങ്ങല്‍ മാറുകയാണെന്ന സന്തോഷം ശരത്ത് മറച്ചുവെയ്ക്കുന്നില്ല. അദ്ദേഹത്തെ ആരാധിക്കുന്നവര്‍ക്കൊക്കെ അനുവാദം ഇല്ലാതെ കടന്നു വരാനും അറിയാനും കഴിയുന്ന ഗവേഷണ കേന്ദ്രമായി മാറണം 'ചന്ദ്രകളഭം' എന്ന പ്രാര്‍ത്ഥന മാത്രമേയുളളൂ. സ്മാരകത്തിനുവേണ്ടി സംഭാവന നല്‍കിയവരുടെ പട്ടികയില്‍ അഞ്ച് രൂപ നല്‍കിയ രാജപ്പനും പതിനായിരം രൂപ നല്‍കിയ പ്രേം നസീറെന്ന അതുല്യ പ്രതിഭയും ഉണ്ട്. 

ശരത്തും ഭാര്യ ശ്രീലതയും മകള്‍ സുഭദ്രയുമാണ് ഇപ്പോള്‍ രാഘവപ്പറമ്പില്‍ താമസം. കവി ഓര്‍മയായ ദിവസം ലോകമെമ്പാടുനിന്നും ഒരു തീര്‍ത്ഥയാത്രപോലെ രാഘവപ്പറമ്പിലേക്കെത്തുന്ന ആരാധകരെ സ്വീകരിക്കാന്‍ വയലാറിന്റെ പ്രിയ പത്‌നി ഭാരതി തമ്പുരാട്ടിയും തറവാട്ടിലെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.