സ്വകാര്യ ബസ് സമരം മാറ്റി

Saturday 27 October 2018 3:36 pm IST

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്നു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് മന്ത്രി നിര്‍ദ്ദേശിച്ചു. 

മിനിമം ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കി.മീ. ആയി നിലനിര്‍ത്തുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങി ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കമ്മീഷന് കൈമാറി. തുടര്‍ന്നാണ് സമരം താത്കാലികമായി മാറ്റിയതെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

തൃശൂര്‍ രാമനിലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പത്മകുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വിവിധ ബസ് സംഘടനാ ഭാരവാഹികളായ നൗഷാദ് ആറ്റുപറമ്പത്ത്, വി.എസ്. പ്രദീപ്, ടി. ഗോപിനാഥന്‍, എം.ബി. സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.