തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങള്‍ തിരുവനന്തപുരം സായിയിലെ സി.അഭിനവും തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സോജനും. സീനിയര്‍ വിഭാഗത്തിലെ 100 മീറ്റര്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇരുവരും വേഗമേറിയ താരങ്ങളായത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിനവ് 10.97 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആന്‍സി സോജന് 12.26 സെക്കന്റില്‍ പൊന്നണിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിലും ആന്‍സിയായിരുന്നു വേഗറാണി. മലപ്പുറം ഇഎച്ച്എസ്എസിലെ പി.എസ്.പ്രഭാവതി 12.48 സെക്കന്റില്‍ സീനിയര്‍ പെണ്‍കുട്ടികളില്‍ രണ്ടാമതെത്തി. കോഴിക്കോട് പുല്ലൂരാംമ്പാറ എസ്സ്എസ്എസിലെ അപര്മറോയി 12.52 സെക്കന്റില്‍ മൂന്നാമതെത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയിലെ തന്നെ കെ.ബി ജിത്ത് 11.09 സെക്കന്റില്‍ രണ്ടാമതായും പുല്ലൂരാംപാറയുടെ അരുണ്‍.എ.സി 11.28 ല്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ എ.സാന്ദ്ര 12.65 സെക്കന്റില്‍ ഫിനിഷ് ചെയ്തു. 12.75 സെക്കന്റില്‍ ഫിനിഷ് ചെയ്ത കോട്ടയത്തിന്റെ ആന്‍ റോസ് ടോമിയാണ് രണ്ടാം സ്ഥാനത്ത്. തലശ്ശേരി സായിയിലെ അനുജോസഫ് 12.89 ല്‍ മൂന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്കൂളിലെ വി.എം. മുഹമ്മദ് സജീന് ഒന്നാമത്തെത്തി. 11.26 സെക്കന്റിലാണ് സജീന് ഫിനിഷ്പോയന്റ് മറികടന്നത്. 11.36 സെക്കന്റില്‍ ഫിനിഷ് ചെയ്ത പാലക്കാടിന്റെ സി.ആര്. അബ്ദുല്‍ റസാഖിനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം സെന്റ് ജോസഫിലെ അഭിജിത് 11.93 സെക്കന്റില്‍ മൂന്നാം സ്ഥാനത്തെത്തി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മുക്താര്‍ ഹസന് ഒന്നാമതെത്തി. 12.18സെക്കന്റില്‍ മുക്തര്‍ ഫിനിഷിംഗ് പോയിന്റ് കടന്നപ്പോള്‍ സെന്റ് ജോര്‍ജിലെ തന്നെ മുഹമ്മദ് സഹിദുര്‍ റെഹ്മാന് 12.27സെക്കന്റില്‍ രണ്ടാമതെത്തി. ആലപ്പുഴ ആര്‍ത്തുങ്കല്‍ എച്ച്എസ്എസിലെ അബിന്‍.കെ.ദാസ് 12.51ല്‍ ഫിനിഷ് ചെയ്ത് മൂന്നാമതെത്തി.
കൊല്ലം സായിയിലെ സ്നേഹ ജേക്കബാണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളിലെ വേഗമേറിയ താരം. 13.51 സെക്കന്റില്‍ ഫിനിഷ് ചെയ്ത സ്നേഹ പിന്നിലാക്കിയത് പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ്.കീര്‍ത്തിയെയാണ്. 13.69 സെക്കന്റിലാണ് കീര്‍ത്തി ഫിനിഷ് ചെയ്തത്. എറണാകുളം പെരുമണ്ണൂര്‍ എച്ച്എസ്എസിലെ അനീറ്റ മരിയജോണ്‍ 13.75ല്‍ മൂന്നാമതായി ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: