ബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ മാരാര്‍ജി ഭവന്‍ നാടിന് സമര്‍പ്പിച്ചു

Sunday 28 October 2018 3:56 am IST
" മാരാര്‍ജി മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നേതാക്കളും "

കണ്ണൂര്‍: ബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ മാരാര്‍ജി ഭവന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാടിന് സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായ ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനും ബഹുനില കെട്ടിടം കാണാനും ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഒരു നോക്കു കാണാനും അതിരാവിലെ മുതല്‍  താളിക്കാവിലെ സമ്മേളന നഗരിയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ അമിത് ഷായുടെ പ്രസംഗം ആരംഭിച്ചപ്പോഴേക്കും സമ്മേളന നഗരിയായ താളിക്കാവ് ഗ്രൗണ്ട് തിങ്ങി നിറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് സമ്മേളന നഗരിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.25 ഓടെയാണ് അമിത് ഷാ കണ്ണൂര്‍ താളിക്കാവിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് എത്തിയത്. താളിക്കാവിലെ മുത്തുമരിയമ്മന്‍ കേവിലിലെ പൂജാരികള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ അമിത് ഷായെ പൂര്‍ണ്ണകുംഭം നല്‍കി പുതുതായി നിര്‍മ്മിച്ച ഓഫീസിലേക്ക് സ്വീകരിച്ച് ആനയിച്ചു. ബലിദാനികളായ പയ്യന്നൂര്‍ സി.കെ.രാമചന്ദ്രന്റെ മകള്‍ ദേവാംഗന അമിത ഷായ്ക്ക് തിലകം ചാര്‍ത്തി. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്ന സ്വീകരണം ഓഫീസ് പരിസരത്തെ ഉത്സവാന്തരീക്ഷത്തിലേക്കുയര്‍ത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭസുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍  എന്നിവര്‍ ചേര്‍ന്ന് അമിത് ഷായെ സ്വീകരിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി  അമിത് ഷാ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്തു. മാരാര്‍ജിയുടെ വെങ്കല പ്രതിമയില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള മാലചാര്‍ത്തി. തുടര്‍ന്ന് ശിലാഫലകവും ബലിദാന്‍ സ്മൃതികുടീരവും അമിത് ഷാ അനാഛാദനം ചെയ്തു. 87 ബലിദാനികളുടെ സ്മരണയിലാണ് സ്മൃതികുടീരം. തുടര്‍ന്ന് പതാക ഉയര്‍ത്തി. കൃഷ്ണ ജ്വല്ലേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ് അമിത് ഷായ്ക്ക് ശ്രീചക്രം നല്‍കി. മാരാര്‍ജിയുടെ പ്രതിമയും സ്മൃതികുടീരവും നിര്‍മ്മിച്ച  ദീപന്‍ കുഞ്ഞിമംഗലവും പ്രശാന്ത് ചെറുതാഴവും ചേര്‍ന്ന് തയ്യാറാക്കിയ കതിവന്നൂര്‍ വീരന്റെ രൂപം അമിത് ഷായ്ക്ക് സമ്മാനിച്ചു. വൈകുന്നേരം കുടുംബ സംഗമവും നടന്നു. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ നയിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു.

ബിജെപിയുടെ കേരള ചുമതലയുള്ള സഹസംഘടന സെക്രട്ടറി എച്ച്.രാജ, മംഗലാപുരം എംപിയും സംസ്ഥാന സഹപ്രഭാരിയുമായ നളിന്‍കുമാര്‍ കട്ടീല്‍, സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍പിളള, വി.മുരളീധരന്‍ എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ബി.എല്‍.സന്തോഷ്, സംഘാടക സമിതി ചെയര്‍മാന്‍ പി.വി.നാരായണന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടുമാരായ സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, സംഘടനാ സെക്രട്ടറി എം.ഗണേഷ്, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ല പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ.പി.ശ്രീശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ദേശീയസമിതിയംഗങ്ങളായ പി.കെ.വേലായുധന്‍, എ.പി.പത്മിനിടീച്ചര്‍, കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തിയവര്‍ക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. അമിത് ഷായുടെ വരവിനോടനുബന്ധിച്ച് അതീവ സുരക്ഷയായിരുന്നു കണ്ണൂര്‍ നഗരത്തിലും മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍ വരെ അമിത്ഷായുടെ വാഹനം കടന്നു വന്ന പ്രദേശങ്ങളിലും ഇന്നലെ ഒരുക്കിയിരുന്നത്.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.