ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട നാരായണിയെ കാണാന്‍ അമിത് ഷാ എത്തി

Sunday 28 October 2018 5:11 am IST
ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ തന്റെ മകനേയും കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. പ്രതികള്‍ എന്റെ കണ്‍മുന്നിലൂടെ ഇപ്പോഴും നടന്നു പോകുന്നുവെന്നും നാരായണി പറഞ്ഞു.
" മാതൃപ്രണാമം... കണ്ണൂരിലെ പിണറായിയില്‍ ബലിദാനി രമിത്തിന്റെ വീട് സന്ദര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് സംസാരിക്കവേ വിതുമ്പുന്ന രമിത്തിന്റെ അമ്മ നാരായണിയമ്മ"

മമ്പറം (കണ്ണൂര്‍): മാര്‍ക്‌സിസ്റ്റ് ക്രൂരതയില്‍ ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട നാരായണിയെ കാണാന്‍ അമിത്ഷായും ഭാര്യയുമെത്തി. 2002ല്‍ ബസ്സില്‍ നിന്നും പിടിച്ചിറക്കി സിപിഎമ്മുകാര്‍ വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ചാവശ്ശേരിയിലെ ഉത്തമന്റെ ഭാര്യയും കഴിഞ്ഞ വര്‍ഷം പിണറായിയില്‍വെച്ച് പട്ടാപകല്‍ സിപിഎം സംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രമിത്തിന്റെ അമ്മയുമായ പിണറായിയിലെ കെ.സി.നാരായണിയമ്മയെ കാണാനാണ് ഇന്നലെ ഉച്ചക്ക് 2 മണിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭാര്യ സോണാല്‍ ഷായും എത്തിച്ചേര്‍ന്നത്. പിണറായിയിലെ വീട്ടിലെത്തിയ ഇരുവരും അരമണിക്കൂറോളം നാരായണിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചിലവഴിച്ചു. 

ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട വേദന നാരായണി ഇരുവരുമായി പങ്കുവെച്ചു. ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ തന്റെ മകനേയും കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയത്  എന്തിനെന്ന് മനസ്സിലാകുന്നില്ല. പ്രതികള്‍ എന്റെ കണ്‍മുന്നിലൂടെ ഇപ്പോഴും നടന്നു പോകുന്നുവെന്നും നാരായണി പറഞ്ഞു. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ അമിത് ഷായും ഭാര്യയും ഒരു നിമിഷം നിശബ്ദരായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാരായണിയമ്മയെ പൊന്നാട അണിയിച്ചു.

മമ്പറം പറമ്പായിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് ബിജെപി മണ്ഡലം നേതാക്കള്‍ നിവേദനം നല്‍കി. ബിജെപി-ആര്‍എസ്എസ് നേതാക്കളായ അഡ്വ.പി.എസ്.ശ്രീധരന്‍പിളള, ബി.എല്‍.സന്തോഷ്, എച്ച്.രാജ, എം.ഗണേശ്, പി.സത്യപ്രകാശ്, നളിന്‍കുമാര്‍ കട്ടീല്‍ എംപി, വി.മുരളീധരന്‍, വത്സന്‍തില്ലങ്കേരി, കെ.പ്രമോദ്, ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ്ബാബു, പി.ആര്‍.രാജന്‍, എ.അനില്‍ കുമാര്‍, എ.ജിനചന്ദ്രന്‍ എന്നിവരും അമിത്ഷായോടൊപ്പമുണ്ടായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.