രേഖാമൂലം

Monday 29 October 2018 2:58 am IST

അടുത്തവര്‍ഷം നാട്ടിലുണ്ടെങ്കില്‍ ശോഭയാത്രയില്‍ വേഷമിടും; അനുശ്രീ 

ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ല. കഴിഞ്ഞ ശോഭായാത്രയ്ക്ക് ഞാന്‍ ഭാരതാംബയായി വേഷമിട്ടു. ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ സംഘിയായി മാറി. ആ വാക്ക് ഞാന്‍ കേട്ടു തുടങ്ങിയത് ഈ സംഭവത്തോടെയാണ്. ശോഭായാത്രയില്‍ പങ്കെടുത്താല്‍ ഞാനെങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകും? വീടിനടുത്താണ് അമ്പലം. കുട്ടിക്കാലം തൊട്ടേ അമ്പലത്തില്‍ പോകാറുണ്ട്. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്. അത് രാഷ്ട്രീയക്കാരിയായതുകൊണ്ടാണോ ? കുട്ടിക്കാലം തൊട്ടേ ഞാന്‍ ശ്രീകൃഷ്ണ ജയന്തിക്ക് വേഷമിടാറുണ്ട്. ആദ്യം കൃഷ്ണനായിരുന്നു. പിന്നെ രാധയായി, പാര്‍വതിയായി.... വളരുന്നതിന് അനുസരിച്ച് വേഷത്തിനും വ്യത്യാസം വന്നു. ഇതിപ്പോള്‍ സിനിമാക്കാരിയായതുകൊണ്ട് ഞാന്‍ പെട്ടെന്ന് സംഘിയായി. അല്ലായിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കുകപോലുമില്ല. അടുത്ത വര്‍ഷം ഞാന്‍ നാട്ടിലുണ്ടെങ്കില്‍ ശോഭായാത്രയില്‍ ഉറപ്പായും വേഷമിടുക തന്നെ ചെയ്യും.

(ഞാന്‍ പറയാം, അവര്‍ക്കുള്ള മറുപടി- അനുശ്രീ അഭിമുഖത്തില്‍ - വനിത)

മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ശീതസമരത്തിന്റെയും സംഘര്‍ഷത്തിന്റെയും കഥകള്‍ പലപ്പോഴും നമ്മള്‍ വായിക്കാറുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ സര്‍വീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ കാരണങ്ങള്‍ സൃഷ്ടിച്ച്, തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്താം. അതിലും കേന്ദ്രത്തിന് ഇടപെടാം, ഇടപെടാറുണ്ട്. അതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ എന്തുചെയ്യും ?  വഴങ്ങാത്ത ഉദ്യോഗസ്ഥന്മാരെ പടിക്കുപുറത്ത് നിര്‍ത്തും. ആര്‍ക്കും വേണ്ടാത്ത സ്ഥലത്ത് പോസ്റ്റ് ചെയ്യും. കൂടെക്കൂടെ സ്ഥലം മാറ്റും. ഇവന്‍ പിഴയാളി എന്ന് മുദ്രകുത്താന്‍ വേണ്ടതൊക്കെ ചെയ്യും. അല്ലെങ്കില്‍ വെണ്ടാത്തതൊക്കെ ചെയ്യും. ഇതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ല. എവിടെയും പോസ്റ്റുചെയ്യട്ടെ, എങ്ങോട്ടേക്കും സ്ഥലം മാറ്റട്ടെ, ഒതുക്കാനോ വെടക്ക് ആക്കാനോ ശ്രമിക്കട്ടെ, എനിക്കൊരു ചുക്കുമില്ല എന്ന നിലയില്‍ നെഞ്ച് വിരിച്ച് നിന്നാല്‍ സത്യസന്ധനായ ഉദ്യോഗസ്ഥന് ആരെയം പേടിക്കേണ്ടതില്ല.

(ഇന്ത്യന്‍ ബ്യൂറോക്രസി പട്ടം പോലെ മുകളിലേക്കോ, പടവലങ്ങ പോലെ താഴേക്കോ? - ഡോ. സി.വി. ആനന്ദബോസ് - കേരള ശബ്ദം)

ജീവിതത്തിന്റെ വഴികള്‍

 

ആധുനിക മട്ടിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാലൂരിന്. ബാല്യത്തില്‍ പാരമ്പര്യ മട്ടില്‍ സംസ്‌കൃതവും വേദപാഠങ്ങളും പഠിക്കുകയും പില്‍ക്കാലത്ത് കെ.പി. നാരായണപ്പിഷാരോടിയില്‍ നിന്ന് ആഴത്തില്‍ സംസ്‌കൃതം പഠിക്കുകയും ചെയ്ത പാലൂരിന് അപ്പഠിച്ചതൊന്നും ജീവിതസമരത്തില്‍ പ്രയോജനപ്പെടുന്നില്ലല്ലോ എന്ന വ്യസനം കലശലായുണ്ടായിരുന്നു. ഏറെനാള്‍ കളിയരങ്ങത്താടിയ സ്ത്രീവേഷങ്ങളും തുണയ്‌ക്കെത്തിയില്ല. മോട്ടോര്‍ മെക്കാനിക്‌സും ഡ്രൈവിംഗും പഠിച്ച് ഉപജീവനം നേടിയതിനെയാണ് പുതിയ കാലത്തെ അയിത്തമായി അദ്ദേഹം തിരിച്ചറിയുന്നത്.  'വിമാനത്താവളത്തില്‍ ഒരു കവി' എന്ന കവിതയില്‍ ഈ ധര്‍മസങ്കടം അദ്ദേഹം വരച്ചിടുന്നുണ്ട്.

(പാലൂരിന്റെ ചിരി - ആര്‍.വി. എം. ദിവാകരന്‍ - ദേശാഭിമാനി വാരിക)

ജീവിതത്തിലെ ചിന്താഗതികളെ കൂടുതല്‍ സ്വാധീനിച്ചത് കുട്ടിക്കാലത്തെ അനുഭവങ്ങളാണ്. അടുത്ത സ്ഥാനം മഹാരാജാസിനാണ്. അറിവിനെ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാന്‍ പഠിച്ചു തുടങ്ങിയത് ആ കലാലയത്തില്‍ നിന്നാണ്. എം.കെ. സാനുമാഷിന്റെ ഓരോ ക്ലാസും ജീവിതത്തെ വളരെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.  പുസ്തക താളുകളിലല്ല, അദ്ധ്യാപകന്റെ മനസിലാണെന്നത് തിരിച്ചറിഞ്ഞത് സാനുമാഷിന്റെ ക്ലാസുകളിലൂടെയാണ്. പ്രൊഫ. എം.കെ. സാനുവിനെപ്പോലെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഒരുപാടുപേരുണ്ട്. കര്‍മപഥത്തില്‍ ഏറെ ആത്മാര്‍ത്ഥത ഉളവാക്കിയവരാണ് അവരില്‍ പലരും. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത് അവിടെ ഹെഡ് ആയിരുന്ന ഡോ. ശാന്ത പഠിപ്പിച്ച പാഠങ്ങളുണ്ട്. രോഗികളോട് പെരുമാറേണ്ടത് എങ്ങനെയായിരിക്കണം എന്നത് അവരില്‍ നിന്നാണ് പഠിച്ചത്. പ്രതിസന്ധികളില്‍ പലപ്പോഴും കൂടെ നിന്നതും ഡോ. ശാന്തയായിരുന്നു.

(ഓര്‍മയിലെ മുഖങ്ങള്‍- 

ഡോ. വി.പി. ഗംഗാധരന്‍ - കേരളകൗമുദി ആഴ്ചപ്പതിപ്പ്)

മലയാളി അഭിരുചിയുടെ അടിസ്ഥാന സ്വഭാവം സംബന്ധിച്ച വലിയ തെറ്റിദ്ധാരണയും വാര്‍ത്താ ചാനലുകളുടെ ഉള്ളടക്കത്തെ വലിയ തോതില്‍ മലീമസമാക്കി എന്നതും കാണാതിരുന്നുകൂടാ. അതിലൊന്ന് മലയാളിയുടെ  വോയര്‍ കൗതുകത്തെ വാര്‍ത്തയിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ്. ഒളിഞ്ഞുനോട്ട തൃഷ്ണ. മലയാളി മധ്യവര്‍ഗത്തിന്റെ ഭദ്രലോകത്തിന് അപരരുടെ സദാചാരപരവും ധാര്‍മ്മികവുമായ വീഴ്ചകള്‍ കാണുമ്പോള്‍ ഒളിഞ്ഞുനോട്ട തൃഷ്ണയുടെ ആളിക്കത്തലുകള്‍ സംഭവിക്കുമെന്ന് പൊതുവെ ധാരണയുണ്ട്. സാമൂഹിക മനശ്ശാസ്ത്ര അന്വേഷണങ്ങള്‍ ആ നിഗമനത്തെ ശരിവെച്ചിട്ടുമുണ്ട്. 

ജനപ്രിയ സിനിമകളുടെ കഥാഘടന ആലോചിച്ചാല്‍ അത് മനസ്സിലാക്കാം. വീഴ്ച സദാചാരപരമാണെങ്കില്‍ ഗൂഢാഹ്ലാദം ഇരട്ടിക്കും. ലൈംഗികതയുടെ സൂചനകളുള്ള സ്ത്രീശരീരത്തിന്റെ സാന്നിധ്യമുള്ള വാര്‍ത്തകളോട് ചാനലുകള്‍ കാണിക്കുന്ന ആര്‍ത്തി ഓര്‍മിക്കുക. നിഷ്ഠുരമായ, ജനാധിപത്യത്തെ വില്‍പ്പനക്ക് വെച്ച രാഷ്ട്രീയ അഴിമതി ചര്‍ച്ചയായ കാലത്ത് അതില്‍ പങ്കാളിയായ സ്ത്രീയുടെ അഴകളവും രതിജീവിതവുമാണ് മലയാളിയുടെ സ്വീകരണമുറിയില്‍ നിറഞ്ഞാടിയത്. 

(മലയാള ചാനലുകളുടെ വിപരിണാമങ്ങള്‍-ബിനോജ് സുകുമാരന്‍-രിസാല വാരിക)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.