നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധിക്ക് കേന്ദ്ര അംഗീകാരം; ആശ്രിത സഹായം 60 ദിവസത്തിനുള്ളില്‍

Monday 29 October 2018 10:27 am IST

ന്യൂദല്‍ഹി: നിര്‍മാണത്തൊഴിലാളികള്‍ക്ക് അപകടമരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം അനുവദിക്കാനുള്ള ക്ഷേമപദ്ധതിക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം. ഇത് 60 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള പുതുക്കിയ ക്ഷേമപദ്ധതിയില്‍ മന്ത്രാലയം നിര്‍ദേശിച്ചു. 

സ്വാഭാവിക മരണമെങ്കില്‍ രണ്ടു ലക്ഷം രൂപ സഹായം ലഭിക്കും. തൊഴിലാളികുടുംബങ്ങള്‍ക്ക് ആരോഗ്യ-പരിരക്ഷാ പദ്ധതികളും ഏര്‍പ്പെടുത്തി. തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാന്‍ സംസ്ഥാന തൊഴിലാളി ക്ഷേമ ബോര്‍ഡുകള്‍ പദ്ധതി തയാറാക്കണം. അല്ലെങ്കില്‍ കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കണം. 18-50 വയസു വരെയുള്ളവര്‍ക്കായി പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) എന്നീ പദ്ധതികളാണുള്ളത്. വാര്‍ഷിക പ്രീമിയമായ 342 രൂപ സംസ്ഥാന ക്ഷേമ ബോര്‍ഡും കേന്ദ്രവും തത്തുല്യമായി അടയ്ക്കും. ജോലി തേടിയെത്തുന്നവര്‍ക്ക് തൊഴിലുടമ താല്‍ക്കാലിക താമസ സൗകര്യവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കണം, പദ്ധതി നിര്‍ദേശിക്കുന്നു. 

ആരോഗ്യ, മാതൃത്വ പദ്ധതി പ്രകാരം ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. സര്‍ക്കാരിന്റെ ഇതര സഹായങ്ങള്‍ക്കു പുറമേ രണ്ട് പ്രസവങ്ങള്‍ക്ക് 6,000 രൂപയും 90 മുതല്‍ 26 ആഴ്ച വരെ മാതൃത്വ അവധിയും നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷ പഠന സഹായം ഉറപ്പുവരുത്തും. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 1,800 രൂപ, ആറു മുതല്‍ 10 വരെ 2,400, 11 മുതല്‍ 12 വരെ 3,000, ബിരുദ പഠനധാരികള്‍ക്ക് 10,000 രൂപ, ഐടിഐ, വൊക്കേഷണല്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും കോളേജുകളിലെയും വാര്‍ഷിക ഫീസിനു തുല്യമായ തുകയാണ് ലഭ്യമാക്കുക. പ്രതിവര്‍ഷം 50 ശതമാനം ഹാജര്‍ ഉള്ളവര്‍ക്കാണ് പഠന സഹായത്തിന് അര്‍ഹത. 

സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് അനുസൃതമായി ക്ഷേമനിധിബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ സ്‌കീമുകള്‍ തയാറാക്കാം. എന്നാല്‍, അപേക്ഷകന് ക്ഷേമബോര്‍ഡില്‍ 10 വര്‍ഷമായി അംഗത്വമുണ്ടായിരിക്കണം. കൂടാതെ ക്ഷേമബോര്‍ഡ് അപേക്ഷകന് നല്‍കിയ സാക്ഷ്യപത്രത്തിനൊപ്പം മാത്രമേ പെന്‍ഷന് അപേക്ഷിക്കാന്‍ പാടുള്ളൂവെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.