കണ്ണൂര്‍: ഭാരതീയ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് ഈശ്വരീയ സ്ഥാനമാണെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്.പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. നിവേദിത ജയന്തിയോടനുബന്ധിച്ച് നടന്ന കണ്ണൂര്‍ മേഖല ഭഗിനി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സുരക്ഷയും സ്ഥാനവും സമൂഹത്തില്‍ എങ്ങനെയായിരിക്കണമെന്ന് ഭഗവാന് ശ്രീകൃഷ്ണന് സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ച് തരികയായിരുന്നു. വിജയദശമി ഉത്സവങ്ങള്‍ സ്ത്രീകളുടെ സ്ഥാനം ഭാരതീയ ദര്‍ശനങ്ങളില്‍ എത്രമാത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. പുരുഷന്റേയും പ്രകൃതിയുടേയും ശക്തിയെ ആവാഹിച്ച് രാക്ഷസീയ തിന്മകള്ക്ക്നേരെ ധര്‍മ്മത്തിന്റെ വിജയം നേടിയ സ്ത്രീശക്തിയെ ആരാധിക്കുന്ന ദിവസമാണ് വിജയദശമി എന്നത് ഭാരതീയ സംസ്കാരങ്ങളില്‍ സ്ത്രീകളുടെ സ്ഥാനം എത്രമാത്രം ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടമായി വിദേശ വനിതയായിരുന്നിട്ടും ഭാരതീയ തത്ത്വങ്ങളെ ഉള്‍ക്കൊള്ളുവാനും തന്റെ ശിഷ്ടജീവിതം ഭാരതീയര്‍ക്കായി മാറ്റിവെക്കുകയും ചെയ്ത ഭഗിനി നിവേദിത ഭാരതസ്ത്രീകള്‍ക്ക് എന്നും മാതൃകയാണ്.
ഭാരതീയ തത്ത്വങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം എന്നും പുരുഷനേക്കാള്‍ ഒരുപടി മുകളിലാണ്. ഇത്തരം മഹത്തായ സംസ്കാരത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാത്തതാണ് ഭാരതീയ ദര്‍ശനങ്ങളെ വികലമായി വ്യാഖ്യാനിക്കുവാനും നശിപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുക്കുവാന്‍ ശ്രീകൃഷ്ണ ഭഗവാന്റെയും ഭഗിനി നിവേദിതയുടേയും ജീവിതാദര്‍ശങ്ങള്‍ സ്വജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ നമ്മള് ഓരോരുത്തരും തയ്യാറകണം. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റം പ്രതിരോധിക്കേണ്ടത് സനാതന സംസ്കാരത്തില്‍ വിശ്വസിക്കുന്ന ഒരോ സ്ത്രീകളുടേയും കര്‍ത്തവ്യമാണ്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ആധുനിക ഭഗിനി നിവേദിതമാര് രംഗത്തിറങ്ങുമെന്നും അതിന് ബാലഗോകുലം നേതൃത്ത്വം നല്‍കുമെന്നും ആര്.പ്രസന്നകുമാര്‍ പറഞ്ഞു.
‘നാരിതന്മാനം നാടിന്നഭിമാനം’ എന്ന സന്ദേശമുയര്‍ത്തി ഗുരുഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ഭഗിനി സംഗമം സ്വാഗത സംഘം ചെയര്മാന് പി.വി.ഭാര്‍ഗ്ഗവന്റെ അദ്ധ്യക്ഷതയില്‍ കെ.വി.സത്യവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഷോമ സജിത്ത് സ്വാഗതവും ജില്ലാ ഭഗിനിപ്രമുഖ് ആര്യപ്രഭ നന്ദിയും പറഞ്ഞു. എം.അശോകന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സഭ പ്രൊഫ. കൂമുള്ളി ശിവരാമന് ഉദ്ഘാടനം ചെയ്തു. രാഷട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹക് കെ.വി.ജയരാജന് മാസ്റ്റര്‍ സമാപനഭാഷണം നടത്തി. ഡി.ശ്രീകുമാരി സ്വാഗതവും പി.പി.സജീവന് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍, മേഖലാ കാര്യദര്‍ശി അജയന് നടുവില്‍, ഷിനോജ് മാസ്റ്റര്‍, രമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: