തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി മൂന്നു പേര്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ സാന്ദ്ര എ.എസ്, സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചിങ്കിസ് ഖാന്, സീനിയര്‍ ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി എന്നിവരാണ് ട്രിപ്പിള്‍ സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ 200 മീറ്റര്‍, 400 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന് സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ 1500 മീറ്റര്‍ 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയത്.
മേളയില്‍ ഏഴുപേരാണ് ഇരട്ട സ്വര്‍ണ്ണം നേടിയത്. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിലെ മുഹമ്മദ് സഹിദൂര് റഹമാന്, ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കുമാരം പുത്തൂര്‍ കെഎച്ച്എസിലെ ഷാല്ബിന് കെ.എസ്, തിരുവന്തപുരം സായിയിലെ സല്മാന് ഫറൂഖ്, ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കുമാരം പുത്തൂര്‍ കെഎച്ച്എസിലെ ചാന്ദിനി.സി, സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ അഭിനവ്.സി, സീനിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്, കൊല്ലം സായിയിലെ സ്നേഹ ജോക്കബ് എന്നിവരാണ് ഡബിള്‍ സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: