പ്രേക്ഷകന് തോന്നുംവരെയുള്ളൂ സിനിമ!

Monday 29 October 2018 10:42 am IST
സിനിമയിലെ മലീമസമായ അവസ്ഥയെ കഴുകിത്തേച്ചുവെടിപ്പാക്കണമെന്നു വിചാരിക്കുന്നവര്‍ തീര്‍ച്ചയാകും ഉണ്ടാകാം. എന്നാല്‍ അതിനെക്കാളുപരിയായി ചിലരെ തോല്‍പ്പിക്കാനോ തകര്‍ക്കാനോകൂടി ചിലര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും പറയേണ്ടിവരും. എന്നാല്‍ ഇതിനുത്തരവാദികള്‍ ഒരുകൂട്ടര്‍ മാത്രമല്ല അതിന് അവസരംകൊടുത്തവരുമാണ്. പക്ഷേ സിനിമാക്കാരെല്ലാം അനുദിനം മറന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഇതിനെക്കാളുമൊക്കെ അപകടകരമെന്നു പറയേണ്ടിവരും.

ഇന്ന് കഥയില്ലായ്മകളില്‍ പരാജയപ്പെടുന്ന മലയാള സിനിമയെക്കാള്‍ പുഴുവരിച്ച അവസ്ഥയാണ് സിനിമാലോകത്തുള്ളത്. സിനിമയില്‍ കാണുന്നതിനേക്കാള്‍ ഭീതിതവും ശത്രുതയും കുടിപ്പകയും ചതിയും വഞ്ചനയും ലൈംഗികചൂഷണവും നിറഞ്ഞതാണ് സിനിമാക്കാരുടെ ലോകം. പരസ്പ്പരം തകര്‍ക്കാനുള്ള നീച ശ്രമങ്ങളും നിഗൂഢ ആഭിചാരങ്ങളുംവരെ മത്സരബുദ്ധിയോടെ സിനിമാക്കാര്‍ നടപ്പാക്കാന്‍ മടിക്കില്ലെന്നാണ് നമ്മള്‍ കേട്ടറിഞ്ഞത്. അസൂയയും കുശുമ്പും കുന്നായ്മയുമാണ് പലതിനും പിന്നില്‍. സിനിമയിലെ എല്ലാവിഭാഗങ്ങളിലേയും കഥകള്‍ ഇതുതന്നെയാണ്. 

താരങ്ങള്‍ കൂടുതല്‍ പ്രശസ്തരായതുകൊണ്ട് ഇവരുടെ കാര്യങ്ങള്‍ മുന്‍ഗണനാപ്രകാരം പുറത്തുവരുന്നുവെന്നു മാത്രം. കൂടുതല്‍ പ്രശസ്തരുടേയും സ്വാധീനമുള്ളവരുടേയും കൂടെനിന്ന് പക്ഷംപിടിച്ച് അങ്കംവെട്ടുന്നവരുമുണ്ട്. പലര്‍ക്കും സ്വന്തമായ അഭിപ്രായമില്ല. ചിലരുടെ മെഗാഫോണായാണ് പലരും സംസാരിക്കുന്നതു തന്നെ. സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുമോയെന്നും മറ്റുള്ളവരുടെ ശത്രുവാകുമോയെന്നു ഭയന്നും കൂടുതല്‍ സുരക്ഷിത വഴി ഇതാണെന്നു കരുതിയാവും പലരും ഇത്തരത്തില്‍ മെഗഫോണുകളാകുന്നത്.

നടി ആക്രമിക്കപ്പെട്ടതുമായി തുടങ്ങിയ മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വിനാശകരമായ രീതിയില്‍ വളര്‍ന്ന് മീറ്റുവിലൂടെ പിന്നേയും നാശകാരിയായി. ഇത്തരം തുറന്നു പറച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും സിനിമയിലെ ഏതു വിഗ്രഹമാണ് തകര്‍ന്നു വീഴുന്നതെന്ന് ആശങ്കയിലാണ് സിനിമാക്കാരും ജനങ്ങളും. എന്നാല്‍ ഈ മീറ്റു പുതിയ കാര്യമല്ലെന്നും അതു സിനിമ ഉണ്ടായകാലം മുതല്‍ നിലനില്‍ക്കുന്നതാണെന്നും അറിയാത്തവരില്ല. ലൈംഗികാതിക്രമങ്ങളെക്കാളും അതിന് അറിഞ്ഞുകൊണ്ട് ഇരയാകുന്നവരും ചതില്‍പെട്ടുപോകുന്നവരുമുണ്ട്. ഇതെല്ലാം രഹസ്യമായ പരസ്യമാണെന്നുമാത്രം.

സിനിമയിലെ മലീമസമായ അവസ്ഥയെ കഴുകിത്തേച്ചുവെടിപ്പാക്കണമെന്നു വിചാരിക്കുന്നവര്‍ തീര്‍ച്ചയാകും ഉണ്ടാകാം. എന്നാല്‍ അതിനെക്കാളുപരിയായി ചിലരെ തോല്‍പ്പിക്കാനോ തകര്‍ക്കാനോകൂടി ചിലര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും പറയേണ്ടിവരും. എന്നാല്‍ ഇതിനുത്തരവാദികള്‍ ഒരുകൂട്ടര്‍ മാത്രമല്ല അതിന് അവസരംകൊടുത്തവരുമാണ്. പക്ഷേ സിനിമാക്കാരെല്ലാം അനുദിനം മറന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഇതിനെക്കാളുമൊക്കെ അപകടകരമെന്നു പറയേണ്ടിവരും. 

സിനിമാക്കാര്‍ തലമറന്നെണ്ണതേക്കുന്നതുപോലെ അവരവരെത്തന്നെ മറന്നുവെന്നതാണത്. ഏറ്റവും കൂടുതല്‍ പണവും പത്രാസും നല്‍കുന്ന സിനിമയെ മറന്ന് തങ്ങളാണ് വലുതെന്ന് സിനിമാക്കാരുടെ അഹങ്കാരവും പൊങ്ങച്ചവുമാണ് ഇന്നു തെളിയുന്നത്. സിനിമയെക്കാളും വലുതല്ല ഒരു സിനിമാക്കാരനും എന്ന് തിരിച്ചറിയുന്നിടത്താണ് ഏറ്റവും വലിയ അപരാധവും മനസിലാകുന്നത്. ഇന്നത്തെ സിനിമാ പ്രശ്‌നങ്ങള്‍ സിനിമാക്കാരേയോ സിനിമയേയോ രക്ഷിക്കില്ല. സിനിമയുണ്ടായാല്‍ മാത്രമേ സിനിമാക്കാരുണ്ടാവുകയുള്ളൂ. അതിന് കാണികള്‍ വേണം. അതുകൊണ്ട് സിനിമാക്കാര്‍ ഇനിയെങ്കിലും മനസിലാക്കുക, പ്രേക്ഷകനു തോന്നുംവരെയുള്ളൂ സിനിമ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.