സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്: ഭൂമിയും ഇടനിലക്കാരന്റെ വീടും കണ്ടുകെട്ടി

Monday 29 October 2018 5:26 pm IST
10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. സഭാ നേതൃത്വത്തിനെതിരെയും നടപടി വന്നേക്കും. ഇടപാടില്‍ കര്‍ദിനാളിനെയടക്കം ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. 13 കോടി രൂപക്ക് ഭൂമി വില്‍ക്കാനാണ് സഭ സാജുവിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ 27 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്.

കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി ഇടപാടില്‍  ആദായ നികുതി വകുപ്പ് നടപടി തുടങ്ങി. ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയും   ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെആഡംബരവീടും സ്ഥലവും ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വാങ്ങിയ വി.കെ.ഗ്രൂപ്പിന്റെ ആസ്തി വകകളും കണ്ടുകെട്ടി.

10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. സഭാ നേതൃത്വത്തിനെതിരെയും  നടപടി വന്നേക്കും. ഇടപാടില്‍ കര്‍ദിനാളിനെയടക്കം ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. 13 കോടി രൂപക്ക് ഭൂമി വില്‍ക്കാനാണ് സഭ സാജുവിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ 27 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്.

സാജുവിന് 14 കോടിയാണ് ലാഭം കിട്ടിയത്. തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സഭയ്ക്കുമെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. സീറോ മലബാര്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടില്‍  സാജു വര്‍ഗീസ് ഇടുക്കിയില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു. സാജു വര്‍ഗീസ് ഇതേ കാലയളവില്‍ കുമളിയില്‍ ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നതിന് കരാറെഴുതിയതായാണ് രേഖകള്‍ .

2016 സെപ്റ്റംബറിലാണ് സാജു വര്‍ഗീസ് സഭയുടെ ഭൂമി വില്‍പനയില്‍ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാള്‍ വഴി വിറ്റെങ്കിലും  സഭയ്ക്ക് ലഭിച്ചത് 13.5 കോടി  മാത്രമാണ്. നോട്ട് നിരോധനം മൂലം പണം നല്‍കാനാവില്ലെന്നാണ്  ഇയാള്‍ പറഞ്ഞിരുന്നത്. ബാക്കി പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാള്‍ സ്ഥലം നല്‍കുകയും ചെയ്തു.

ഈ സ്ഥലങ്ങള്‍ക്ക് കിട്ടാനുള്ള പണത്തേക്കാള്‍ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാള്‍ക്ക് പണം നല്‍കി. സഭ വിറ്റ സ്ഥലത്തിന് ന്യായമായ വില  ലഭിച്ചില്ലെന്നും പിന്നീട് സാജു വര്‍ഗീസില്‍ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധികം പണമാണ് നല്‍കിയതെന്നും കാണിച്ചാണ് സഭയിലെ ഒരുവിഭാഗം വിവാദത്തിന് തിരികൊളുത്തിയത്.

ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീര്‍ക്കാനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച സഭയുടെ കടം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു.എന്നാല്‍, സഭയുമായുള്ള ഭൂമിയിടപാടിന് ശേഷം എട്ടു മാസത്തിനുള്ളില്‍ കുമളിയില്‍ സാജു വര്‍ഗീസ് എസ്റ്റേറ്റ് വാങ്ങാനായി കരാറെഴുതിയതയായും വ്യക്തമായിരുന്നു. 2017 ജൂണ്‍,ജൂലൈ മാസങ്ങളിലായാണ് കരാറെഴുതിയിരിക്കുന്നത്. ആറ് കോടി മതിപ്പുള്ള ഏലത്തോട്ടത്തിന് ഒരുകോടി രൂപയാണ് അഡ്വാന്‍സായി നല്‍കിയതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.